മോശം ക്രെഡിറ്റ് സ്കോറിലും വായ്പ ലഭ്യമാക്കാം
Mail This Article
ഏതൊരു സാഹചര്യത്തിലും ധനകാര്യ സ്ഥാപനങ്ങളിൽനിന്നോ ബാങ്കിൽനിന്നോ വായ്പയെടുക്കുകയെന്നത് വിഷമം പിടിച്ച പണിയാണ്. വായ്പയെടുക്കുന്നയാളിന്റെ ക്രെഡിറ്റ് സ്കോർ ഇക്കാര്യത്തിൽ നിർണായകമാണ്. ദുർബലമായ ക്രെഡിറ്റ് സ്കോർ വായ്പ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നു. ഇക്കൂട്ടർ വായ്പയെടുത്താൽ തിരിച്ചടവു മുടങ്ങുമെന്നു ബാങ്കുകൾക്ക് അറിയാം. ഇത്തരം വായ്പകൾ മോശം നിക്ഷേപമായിട്ടേ ധനകാര്യ സ്ഥാപനങ്ങൾ കണക്കാക്കുകയുള്ളൂ. മുൻകാല വായ്പ തിരിച്ചടവിന്റെ ചരിത്രം പരിശോധിച്ചു മാത്രമേ ബാങ്കുകൾ ക്രെഡിറ്റ് സ്‌കോറുകൾ വിലയിരുത്തുകയുള്ളൂ.
മോശം ക്രെഡിറ്റ് സ്കോർ എന്നാൽ?
വായ്പ തിരിച്ചടവിലെ ചരിത്രം വിലയിരുത്തിയാണ് ക്രെഡിറ്റ് സ്‌കോറുകൾ നിശ്ചയിക്കുന്നത്. മോശം ക്രെഡിറ്റ് സ്‌കോറുകൾ താഴെ പറയുന്ന കാരണങ്ങൾ കൊണ്ടാകാം.
∙വായ്പയുടെയും ക്രെഡിറ്റ് കാർഡിലെയും തിരിച്ചടവ് മുടങ്ങുന്നത്
∙വായ്പയുടെയും ക്രെഡിറ്റ് കാർഡിലെയും തിരിച്ചടവ് മറക്കുന്നത്
∙ സ്ഥിരമായി ക്രെഡിറ്റ് കാർഡിലെ ഉയർന്ന പരിധി വരെ പണം ഉപയോഗിക്കുന്നത്
∙ എഴുതിത്തള്ളിയ അക്കൗണ്ടുകൾ
∙ കുറഞ്ഞ സമയത്തിനുള്ളിൽ ധാരാളം വായ്പകൾക്ക് അപേക്ഷിക്കുന്നത്
∙മോശം ക്രെഡിറ്റ് സ്‌കോറുകൾ വായ്പ നിഷേധിക്കാൻ ധനകാര്യ സ്ഥാപനങ്ങളെ നിർബന്ധിതരാകും.
∙ മോശം ക്രെഡിറ്റ് സ്കോർ കൊണ്ട് എങ്ങിനെ വായ്പ തരപ്പെടുത്താം
പ്രതീക്ഷ കൈവിടരുത്. മോശം ക്രെഡിറ്റ് സ്കോറിന് അർഥം നിങ്ങൾക്ക് വായ്പ ലഭിക്കുകയില്ല എന്നല്ല. മോശം സ്കോർ
ചെലവേറിയതും ബുദ്ധിമുട്ടു പിടിച്ചതുമായിരിക്കും. അങ്ങിനെയുള്ളവർക്കു വായ്പ ലഭിക്കാൻ താഴെപ്പറയുന്ന
സാധ്യതകൾ പരീക്ഷിക്കാം.
സ്ഥാവര ജംഗമ വസ്തുക്കളുടെ ഈടിന്മേൽ വായ്പ
മോശം ക്രെഡിറ്റ് സ്കോർ ഉള്ള സാഹചര്യത്തിലും സ്ഥാവര ജംഗമ വസ്തുക്കളുടെ ഈടിന്മേൽ വായ്പ തരപ്പെടുത്താം. സ്ഥാവര ജംഗമ വസ്തുക്കൾ, നിക്ഷേപം, ഓഹരികൾ എന്നിവയുടെ ഈടിന്മേൽ മോശം ക്രെഡിറ്റ് സ്കോറിലും ബാങ്കുകൾ അർഹത മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി നിങ്ങൾക്ക് വായ്പ അനുവദിക്കും. മോശം ക്രെഡിറ്റ് സ്കോർ ആണെങ്കിൽ പലിശ നിരക്ക് സ്വല്പം കൂടുതലായിരിക്കും. എന്നിരുന്നാലും പെട്ടെന്നുള്ള പണത്തിനു ഇതാണൊരു എളുപ്പ മാർഗം.
സുരക്ഷിത ക്രെഡിറ്റ് കാർഡുകൾ
മോശം ക്രെഡിറ്റ് സ്കോറിനിടയിലും നിങ്ങളുടെ സുരക്ഷിത ക്രെഡിറ്റ് കാർഡുകൾ വായ്പ ലഭിക്കാൻ സഹായിക്കും. ഒരു സ്ഥിര നിക്ഷേപമുണ്ടെങ്കിൽ നിങ്ങൾക്ക് സുരക്ഷിതമായ ക്രെഡിറ്റ് കാർഡ് ലഭിക്കും. സ്ഥിര നിക്ഷേപത്തിന്റെ 70 മുതൽ 80 ശതമാനം വരെ നിങ്ങൾക്ക് വായ്പ ലഭിച്ചേക്കാം.
ക്രെഡിറ്റ് കാർഡ് സ്ഥിരമായി ഉപയോഗിക്കുകയും കൃത്യമായി പണം അടക്കുകയും ചെയ്തു കൊണ്ടിരുന്നാൽ നിങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കും. ക്രെഡിറ്റ് കാർഡിലെ പഴയ കുടിശികകൾ അടച്ചു തീർക്കുകയും നെഗറ്റീവ് സ്‌കോറുകൾ ഇല്ലാതാക്കുകയും ചെയ്താൽ നിങ്ങൾക്ക് വായ്പ ലഭിക്കാൻ സാധ്യതയേറും. എളുപ്പത്തിൽ വായ്പ ലഭ്യമാക്കാനും ദീർഘ കാലത്തേക്ക് നിലനിർത്താനും ഇത് സഹായിക്കും.
മുൻകൂർ ശമ്പളം
ജോലി ചെയ്തു കഴിഞ്ഞാൽ മാസം തോറും കിട്ടുന്ന ശമ്പളം ഏവർക്കും ആനന്ദകരമാണ് . എന്നാൽ ആ ശമ്പളം മുൻകൂർ ലഭിക്കുകയാണെങ്കിലോ? ഒരു മാസ ശമ്പളത്തിന്റെ പകുതി മുൻകൂറായി നൽകുന്ന സ്ഥാപനങ്ങളുമുണ്ട്. ഈ നടപടിക്രമങ്ങൾ എളുപ്പമാണ് . വായ്പ നിങ്ങളുടെ ശമ്പള അക്കൗണ്ടിൽ എത്തുകയും ചെയ്യും.
പി ടു പി ( പിയർ ടു പിയർ ) വായ്പ
ധനകാര്യ സ്ഥാപനങ്ങളെ ഒഴിവാക്കി വ്യക്തികൾ തമ്മിൽ പരസ്പരം വായ്പകൾ നല്കുന്നതിനെയാണ് പി ടു പി ലെൻഡിങ് എന്ന് പറയുന്നത്. ഇത് ഇന്ത്യയിൽ വ്യാപകവും എളുപ്പത്തിൽ ലഭ്യമാക്കാൻ കഴിയുന്നതുമാണ്. ക്രെഡിറ്റ് സ്‌കോറുകൾ കുറഞ്ഞാലും ഇത്തരം വായ്പകൾ ലഭിക്കും. തിരിച്ചടവിൽ സന്ദേഹമുള്ളതിനാൽ പലിശ നിരക്കിലും ആ വ്യതിയാനം കാണാം.
ഒരു സഹ അപേക്ഷകനെ ലഭ്യമാക്കുക
ക്രെഡിറ്റ് സ്കോർ മോശമുള്ള സാഹചര്യത്തിൽ വായ്പ ലഭ്യമാക്കാൻ ഒരു സഹ അപേക്ഷകനെ കൂടി കരുതി വയ്ക്കുക. അത് ആരുമാകാം, സഹ അപേക്ഷകന് വേണമെങ്കിൽ പ്രധാന അപേക്ഷകനാകാം . പക്ഷെ അദ്ദേഹത്തിന്റെ വരുമാനവും ക്രെഡിറ്റ് സ്കോറും പരിഗണിച്ചാവും അത് തീരുമാനിക്കുക. ഗൃഹ നിർമാണ വായ്പയ്ക്ക് സഹ അപേക്ഷകന്റെ കാര്യത്തിൽ ബാങ്കുകൾ ചില വ്യവസ്ഥകൾ നിഷ്കര്ഷിച്ചിട്ടുണ്ട്.
നിലവിലെ വായ്പ അനുവദിച്ച സ്ഥാപനങ്ങളെ സമീപിക്കുക.
ദീർഘ നാളായി നിങ്ങളുടെ അക്കൗണ്ടുകൾ സൂക്ഷിച്ചിട്ടുള്ള ബാങ്കുകളെ വായ്പയ്ക്കായി സമീപിക്കുക. നല്ലൊരു വിലപേശൽ നടത്തി നല്ലൊരു തുകയും മിതമായ പലിശയും തീരുമാനിക്കുക . ഇത് നിങ്ങളുടെ അലച്ചിലും വായ്പ തരപ്പെടുത്താനുള്ള സമയവും കുറയ്ക്കും. ഇത് പ്രകാരം മോശം ക്രെഡിറ്റ് സ്കോറിലും നിങ്ങൾക്ക് എളുപ്പത്തിൽ വായ്പ തരപ്പെടുത്താനാകും..