അമിത് ഷായ്ക്കെതിരെ അവകാശലംഘന നോട്ടിസുമായി സിപിഎമ്മും സിപിഐയും
Mail This Article
ന്യൂഡൽഹി ∙ വയനാട് വിഷയത്തിൽ സിപിഎമ്മും സിപിഐയും പാർലമെന്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ അവകാശലംഘന നോട്ടിസ് നൽകി. വി.ശിവദാസനും (സിപിഎം), പി.സന്തോഷ്കുമാറുമാണ് (സിപിഐ) നോട്ടിസ് നൽകിയത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ടു തെറ്റായ വിവരങ്ങളാണ് അമിത് ഷാ രാജ്യസഭയിൽ നൽകിയതെന്നു കാട്ടി കോൺഗ്രസ് നേതാവ് ജയറാം രമേശ് അവകാശലംഘന നോട്ടിസ് നൽകിയതിനു പിന്നാലെയാണിത്.
കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടും സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന മട്ടിലായിരുന്നു അമിത് ഷായുടെ പരാമർശം. ഈ വാദം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയിരുന്നു. സിപിഎമ്മിന്റെ രാജ്യസഭാംഗങ്ങളായ ജോൺ ബ്രിട്ടാസ്, എ.എ.റഹീം, വി.ശിവദാസൻ എന്നിവർ വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി രാജ്യസഭാധ്യക്ഷനു കത്തും നൽകിയിരുന്നു.