ശസ്ത്രക്രിയാനന്തര അണുബാധ പ്രതിവർഷം 15 ലക്ഷം രോഗികൾക്ക്
Mail This Article
ന്യൂഡൽഹി ∙ രാജ്യത്ത് പ്രതിവർഷം ഏകദേശം 15 ലക്ഷം രോഗികൾക്ക് (5.2 %) ശസ്ത്രക്രിയയ്ക്കുശേഷം അണുബാധ ഉണ്ടാകുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) വെളിപ്പെടുത്തി. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഡൽഹി എയിംസ്, മണിപ്പാലിലെ കസ്തൂർബ ആശുപത്രി, മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രി എന്നിവിടങ്ങളിലെ 3,090 രോഗികളെ ഉൾപ്പെടുത്തിയായിരുന്നു പഠനം.
ഓർത്തോപീഡിക് ശസ്ത്രക്രിയകളിലാണ് കൂടുതൽ അണുബാധ (54.2 %). പ്രത്യേകിച്ചും 120 മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള ശസ്ത്രക്രിയകൾ അണുബാധ സാധ്യത വർധിപ്പിക്കുന്നു. അണുബാധ പ്രതിരോധിക്കുന്നതിനു സാന്ത്വനചികിത്സാ സംവിധാനങ്ങളും ഡിസ്ചാർജ് ചെയ്തതിനുശേഷമുള്ള പരിചരണവും മെച്ചപ്പെടുത്തണമെന്ന് ഐസിഎംആർ നിർദേശിക്കുന്നു.