സംയുക്തപോരാട്ട സംഘങ്ങൾ വൈകില്ല: കരസേനാ മേധാവി
Mail This Article
ന്യൂഡൽഹി ∙ അരുണാചൽ പ്രദേശിലെയും സിക്കിമിലെയും പർവത അതിർത്തിസംരക്ഷണത്തിനുള്ള സംയുക്ത പോരാട്ട സംഘങ്ങൾ (ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ – ഐബിജി) രൂപീകരിക്കുന്നതിന് ഈവർഷം പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചേക്കുമെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ചൈനയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്നതിനാൽ പുനഃക്രമീകരണം അനിവാര്യമാണെന്നും കരസേനാദിനത്തോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവേ സേനാ മേധാവി വ്യക്തമാക്കി. ഈവർഷം രൂപീകരിച്ചില്ലെങ്കിൽ ഐബിജി പദ്ധതി റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്ഥിതി പ്രശ്നഭരിതമാണെങ്കിലും അതിർത്തി ശാന്തമാണ്. ഒക്ടോബറിൽ സംഘർഷമുണ്ടായ ഡെപ്‌സാങ്ങിലും ഡെംചോക്കിലും പരമ്പരാഗത മേഖലകളിൽ പട്രോളിങ് പുനരാരംഭിച്ചു. 2020 ഏപ്രിലിലെ സംഘർഷത്തിനുശേഷം ഇരുരാജ്യങ്ങളും സൈനിക വിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ജനറൽ ദ്വിവേദി പറഞ്ഞു. പഴയ രീതിയിലുള്ള വൻ കോറുകൾക്കും ഡിവിഷനുകൾക്കും പകരം ബ്രിഗേഡ് വലുപ്പത്തിലുള്ളതും ദ്രുതഗതിയിൽ നീക്കങ്ങൾ നടത്താൻ കഴിയുന്നതുമാകും സംയുക്ത പോരാട്ട സംഘങ്ങൾ. കാലാൾപ്പട, പീരങ്കികൾ, ടാങ്കുകൾ, വ്യോമ പ്രതിരോധം, ആക്രമണ ഹെലികോപ്റ്ററുകൾ, ലോജിസ്റ്റിക്സ് യൂണിറ്റുകൾ എന്നിവ ഐബിജിയിലുണ്ടാകും.
ജമ്മു കശ്മീർ ശാന്തം; കുറയാതെ നുഴഞ്ഞുകയറ്റം
∙ ജമ്മു കശ്മീരിലെ സ്ഥിതി നിയന്ത്രണത്തിലാണെന്ന് കരസേനാ മേധാവി വ്യക്തമാക്കി. പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ നിയന്ത്രണരേഖയിൽ നിലനിൽക്കുന്നുണ്ട്. എങ്കിലും നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തുടരുന്നു. 2024 ൽ ജമ്മു കശ്മീരിൽ കൊല്ലപ്പെട്ട 60% ഭീകരരും പാക്കിസ്ഥാനികളായിരുന്നു. മണിപ്പുരിൽ സുരക്ഷാ സേനയുടെ സമാധാന ശ്രമങ്ങളും ക്രിയാത്മകമായ സർക്കാർ ഇടപെടലും സ്ഥിതി നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ സൈനിക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.