ADVERTISEMENT

തിരുവനന്തപുരം ∙ ദുരന്തത്തിൽപെട്ടവരുടെ കണ്ണീരൊപ്പാൻ ഉൽപന്നങ്ങളായും പണമായും സഹായപ്രവാഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ മാത്രം 1.24 കോടി രൂപ 6009 പേരുടെ സംഭാവനയായി എത്തി. തിരുവനന്തപുരം ജില്ലയിൽനിന്നു മാത്രം കഴിഞ്ഞ 4 ദിവസത്തിനിടെ നൂറിലേറെ ലോറികളാണ് ഉൽപന്നങ്ങളുമായി ദുരന്തമേഖലയിലേക്കു തിരിച്ചത്. തിരുവനന്തപുരം കോർപറേഷന്റെ 43-ാമത്തെ ലോഡ് ഇന്നലെ പുറപ്പെട്ടു. ജില്ലാ ഭരണകൂടം 32 ടൺ വസ്തുക്കളും ജില്ലാ പഞ്ചായത്ത് 10 ലോഡ് സാധനങ്ങളും ഇതുവരെ കയറ്റി അയച്ചു.

എംകെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും വ്യവസായ പ്രമുഖനുമായ എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ വാഗ്ദാനം ചെയ്തു. കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലേക്കു ഡിഎംകെ ഇന്നലെ 10 ലോഡ് സാധനങ്ങൾ കൂടി അയച്ചു. ഒരു കോടിയുടെ സാധനങ്ങൾ ഇതിനകം അയച്ചു. കേരളത്തിനും മഹാരാഷ്ട്രയ്ക്കും 10 ലക്ഷം രൂപ വീതം സഹായം എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഉവൈസി പ്രഖ്യാപിച്ചു.

അതേസമയം, ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ കൈമാറി നൽകുന്നതിനു പൊതുമേഖലാ, സഹകരണ ബാങ്കുകൾ ഈടാക്കുന്ന കമ്മിഷനും എക്സ്ചേഞ്ച് നിരക്കും ഒഴിവാക്കണമെന്നു സംസ്ഥാന തല ബാങ്കേഴ്സ് സമിതിയോടു സർക്കാർ ആവശ്യപ്പെടും. ദുരിതബാധിതർക്കു സർക്കാർ നൽകുന്ന തുക നിക്ഷേപിക്കുന്ന അക്കൗണ്ടുകൾക്കു മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കണമെന്നും ബാങ്കുകളോട് ആവശ്യപ്പെടാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

‘കൈകോർത്ത്’ കൊല്ലപ്പെട്ട വിദേശിയുടെ സഹോദരിയും

കേരളത്തിൽ സ്വന്തം സഹോദരി കൊല്ലപ്പെട്ടെങ്കിലും മലയാളികൾക്കു കൈത്താങ്ങായി വിദേശയുവതി. ഒന്നരവർഷം മുൻപു കോവളത്തു കൊല്ലപ്പെട്ട ലാത്‍വിയൻ സ്വദേശിനിയുടെ സഹോദരിയാണ് അയർലൻഡിൽനിന്ന് ഓൺലൈനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 10,000 രൂപ സംഭാവന നൽകിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com