ശിവശങ്കറിന്റെ എല്ലാ സ്വത്തും കണ്ടുകെട്ടാൻ നീക്കം; ഇഡി നടപടി തുടങ്ങി
Mail This Article
തിരുവനന്തപുരം ∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി തുടങ്ങി.
ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കറിൽനിന്നു കിട്ടിയ പണവും സ്വർണവുമാണ് ഇതുവരെ ആകെ കണ്ടുകെട്ടിയത്. എന്നാൽ ശിവശങ്കറിന്റെ പേരിലുള്ളതും കുറ്റകൃത്യവുമായി ബന്ധപ്പെട്ടു സമ്പാദിച്ചതെന്നു കരുതുന്നതുമായ സ്വത്തുക്കൾ കൂടി കണ്ടുകെട്ടാനാണ് ഇഡിയുടെ നീക്കം. കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്തല്ലെന്നു പിന്നീടു തെളിയിച്ചാൽ ഇവ തിരിച്ചുനൽകും. മറിച്ചായാൽ സർക്കാരിലേക്കു കണ്ടുകെട്ടുന്നതാണു രീതി.
ശിവശങ്കറിനെതിരെ എടുത്ത കേസിൽ ഇഡിയുടെ ഭാഗിക കുറ്റപത്രം 24നു കോടതിയിൽ സമർപ്പിക്കും. 60 ദിവസം കഴിഞ്ഞാൽ സ്വാഭാവിക ജാമ്യം ലഭിച്ചേക്കാമെന്നതിനാൽ ആ നീക്കം തടയാനാണു ഭാഗികമായ കുറ്റപത്രം നൽകുന്നത്.
പിഎംഎൽഎ സെക്‌ഷൻ 45 പ്രകാരം സ്വാഭാവിക ജാമ്യം ലഭിക്കില്ലെന്നു വ്യവസ്ഥയുണ്ടെങ്കിലും ചില ഹൈക്കോടതികൾ ഇക്കാര്യത്തിൽ നിയമപരമായ എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാലാണു ഭാഗിക കുറ്റപത്രം നൽകി ശിവശങ്കറിന്റെ ജാമ്യനീക്കം തടയാൻ ഇഡി ശ്രമിക്കുന്നത്. ഇപ്പോഴും പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം നൽകിയിട്ടില്ലെന്നതിനാൽ ശിവശങ്കർ പുറത്തിറങ്ങുന്നതു തടയാനാണു ശ്രമം.
രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് തുടരും
മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഏതാനും ദിവസം കൂടി ചോദ്യം ചെയ്യും. രവീന്ദ്രൻ മറുപടി നൽകുന്നതിനൊപ്പം അതിന്റെ നിജസ്ഥിതി അപ്പോൾ തന്നെ മറ്റൊരു സംഘം പരിശോധിക്കുന്ന രീതിയാണു പിന്തുടരുന്നത്.
English Summary: ED to attach properties of M Sivasankar