സംഗീതജ്ഞൻ മാവേലിക്കര പി.സുബ്രഹ്മണ്യം അന്തരിച്ചു
Mail This Article
തൃപ്പൂണിത്തുറ ∙ പ്രശസ്ത കർണാടക സംഗീതജ്ഞനും സംഗീത അധ്യാപകനുമായ പ്രഫ. മാവേലിക്കര പി.സുബ്രഹ്മണ്യം (66) അന്തരിച്ചു. എരൂർ പിഷാരിക്കോവിലിനു സമീപമുള്ള ശിവശക്തി വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. സംഗീതജ്ഞരായ പത്മനാഭ അയ്യരുടെയും മാവേലിക്കര പൊന്നമ്മാളിന്റെയും മകനാണ്.മൃതദേഹം ഇന്ന് 11ന് എറണാകുളം ഗവ. മെഡിക്കൽ കോളജിനു കൈമാറുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ഭാര്യ: അമ്പലപ്പുഴ ധനലക്ഷ്മിയമ്മാൾ. മക്കൾ: ഹരിശങ്കർ, രവിശങ്കർ.
അമ്മാവനായ മാവേലിക്കര രാമനാഥൻ, മാവേലിക്കര ആർ. പ്രഭാകര വർമ, കുമാര കേരള വർമ എന്നിവരാണ് സംഗീതത്തിലെ ഗുരുക്കൻമാർ. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ നിന്നു ഗാനഭൂഷണവും ഗാനപ്രവീണും ഒന്നാം റാങ്കോടെയാണു വിജയിച്ചത്. 1971ൽ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയസംഗീതത്തിന് ഒന്നാം സ്ഥാനം നേടി. ആകാശവാണി ബി ഹൈ ആർട്ടിസ്റ്റായ ഇദ്ദേഹം തൃപ്പൂണിത്തുറ ആർഎൽവി കോളജ്, തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. സംഗീത കൃതികളുടെ രചയിതാവു കൂടിയായ അദ്ദേഹത്തിനു 2015ൽ കേരള സംഗീത നാടക അക്കാദമി അവാർഡ്, 2021ൽ അക്കാദമി ഫെലോഷിപ് തുടങ്ങിയവ ലഭിച്ചു.
English Summary: Musician Mavelikkara P Subramanian passed away