രാഹുലും അബിനും മുഖാമുഖം; യൂത്ത് കോൺഗ്രസിൽ എ–ഐ പോരാട്ടം
Mail This Article
തിരുവനന്തപുരം ∙ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനു കളംതെളിഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പിന്റെ രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പിന്റെ അബിൻ വർക്കി കോടിയാട്ടുമാണു മുഖാമുഖം. ഇരുവരും നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരാണ്. 28 ന് അംഗത്വവിതരണവും ഒപ്പം വോട്ടു ചെയ്യലും ആരംഭിക്കും. എ ഗ്രൂപ്പ് സ്ഥാനാർഥിയായി രാഹുലിനെ രണ്ടുദിവസം മുൻപു തീരുമാനിച്ചിരുന്നു. പത്രികാസമർപ്പണത്തിനുള്ള അവസാന ദിവസമായ ഇന്നലെ വൈകിട്ട് 4ന് ആണ് അബിൻ പത്രിക സമർപ്പിച്ചത്.
പഴയ എ–ഐ പോരാട്ടത്തിനാണു കളം തെളിഞ്ഞതെങ്കിലും ഐയുടെ ഭാഗമായിരുന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർ പരസ്യമായി കക്ഷിചേരില്ല. എന്നാൽ, 3 നേതാക്കളുടെയും അനുയായികളുടെ പിന്തുണ അബിനായിരിക്കുമെന്നാണു സൂചന. സുധാകരന്റെ വിശ്വസ്തനായാണ് അബിൻ അറിയപ്പെടുന്നത്. രമേശ് ചെന്നിത്തല നയിക്കുന്ന ഐ വിഭാഗവും അബിനെ പിന്തുണച്ചു രംഗത്തുണ്ട്. നിലവിലെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ എ വിഭാഗം നൽകുന്ന പിന്തുണയാണു രാഹുലിന്റെ കരുത്ത്.
കെഎസ്‌യുവിലും എൻഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും ഒരേ സമയം ഒരേപദവികൾ വഹിച്ചിട്ടുള്ള സുഹൃത്തുക്കളാണു രാഹുലും അബിനും;. ചാനൽ ചർച്ചകളിലൂടെ ഏറെ പരിചിതമായ മുഖങ്ങളും.
ഒ.ജെ.ജനീഷ്, വിഷ്ണു സുനിൽ, കെ.എ.അബിദലി, എസ്.ടി.അനീഷ്, ടി.അനുതാജ്, അരിത ബാബു, വി.പി.ദുൽഖിഫിൽ, ജാസ് നളിൽ പോത്തൻ, എസ്.ജെ.പ്രേംരാജ്, വി.കെ.ഷിബ്ന, എസ്. വൈശാഖ് ദർശൻ, വീണ എസ്.നായർ എന്നീ 12 പേർ കൂടി പ്രസിഡന്റ് സ്ഥാനത്തേക്കു പത്രിക നൽകി. ഇവർ വൈസ് പ്രസിഡന്റ് സ്ഥാനമാണു ലക്ഷ്യമിടുന്നത്. ഏറ്റവും കൂടുതൽ നേടുന്നയാൾ പ്രസിഡന്റും മറ്റ് 8 പേർ വൈസ് പ്രസിഡന്റുമാകും.
കെ.സി.വേണുഗോപാലിനെ അനുകൂലിക്കുന്നവർ പ്രസിഡന്റ് സ്ഥാനാർഥിയായി നേരത്തെ തീരുമാനിച്ച ബിനു ചുള്ളിയിൽ പിൻവാങ്ങി. ചെന്നിത്തലയുടെ അനുയായി ഒ.ജെ.ജനീഷ് പത്രിക നൽകിയവരിൽ ഉണ്ടെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ടാണെന്നു ഗ്രൂപ്പ് വ്യക്തമാക്കി. സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇരുനൂറോളം പേർ പത്രിക നൽകി. ഏറ്റവും കൂടുതൽ വോട്ടു നേടുന്ന 45 പേർക്കാണ് അവസരം.
രാഹുൽ മാങ്കൂട്ടത്തിൽ (33)
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെപിസിസി അംഗവും. കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറിയും എൻഎസ്‌യു ദേശീയ സെക്രട്ടറിയും ആയിരുന്നു. ഡൽഹി സെന്റ് സ്റ്റീഫൻസിൽനിന്ന് എംഎ (ഹിസ്റ്ററി). എംജി യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്യുന്നു. പത്തനംതിട്ട അടൂർ സ്വദേശി.
അബിൻ വർക്കി കോടിയാട്ട് (33)
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി. എൻഎസ്‌യു ദേശീയ സെക്രട്ടറി ആയിരുന്നു. കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം എൻജിനീയറിങ് കോളജിൽനിന്ന് സിവിൽ എൻജിനീയറിങ്ങിലും ലോ അക്കാദമിയിൽനിന്ന് നിയമത്തിലും ബിരുദം നേടി. എറണാകുളം കോലഞ്ചേരി സ്വദേശി.
English Summary: Rahul Mamkootathil and Abin Varkey Kodiyattu to contest for youth congress state president post