മെഡിസെപ്പിനെതിരെ പരാതി; ചികിത്സാച്ചെലവ് ഒരു ലക്ഷം, അനുവദിച്ചത് 21,000
Mail This Article
കോഴിക്കോട്∙ ഗുരുതര കാൻസർ രോഗികൾക്കു പോലും മെഡിസെപ് പദ്ധതിയിൽ മതിയായ ചികിത്സാ തുക ലഭിക്കുന്നില്ലെന്നു പരാതി. 1.03 ലക്ഷം രൂപയുടെ ചികിത്സയ്ക്ക് 21300 രൂപയാണ് മെഡിസെപ്പിൽ ചികിത്സാ സഹായം ലഭിച്ചതെന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് മെഡിക്കൽ കോളജ് കെഎസ്എച്ച്ബി കോളനി അനാമികയിൽ ഒ.പ്രസന്ന മുഖ്യമന്ത്രിക്കു പരാതി നൽകി.
ചികിത്സയ്ക്കായി ചെലവാക്കിയ തുക ഇൻഷുറൻസ് കമ്പനിയിൽ നിന്നു തിരിച്ച കിട്ടുമോ എന്ന് ഉറപ്പില്ലാത്തതിനാൽ ആശുപത്രികൾ രോഗികളിൽ നിന്നു വൻതുക ഈടാക്കുന്നുണ്ട്. ഇതിനിടെയാണ് ചെലവായ തുകയുടെ 20% മാത്രം അനുവദിച്ചു ബാക്കി തുക ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്.
നാലാം ഘട്ടത്തിലുള്ള ശ്വാസകോശ കാൻസർ ബാധിച്ച ഇവർ കോഴിക്കോട്ടെ സഹകരണ കാൻസർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
മെഡിസെപ് മുഖേന അനുവദിച്ചതിന്റെ ബാക്കി 71888 രൂപ കയ്യിൽ നിന്ന് അടയ്ക്കേണ്ടി വന്നു. കാൻസർ രോഗ ചികിത്സയുടെ ഭാഗമായി ആജീവനാന്തം കഴിക്കേണ്ട ഗുളികയ്ക്ക് ഒന്നേകാൽ ലക്ഷത്തോളം രൂപ വില വരുന്നുണ്ട്. മരുന്നും ചികിത്സയും മെഡിസെപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു പറയുന്നുണ്ടെങ്കിലും മരുന്നിനുള്ള തുക മെഡിസെപ്പിൽ നിന്ന് അനുവദിക്കാനാകില്ല എന്നാണ് അറിയിച്ചത്. പ്രതിവർഷം 6000 രൂപ പ്രീമിയം ഇനത്തിൽ അടയ്ക്കുമ്പോൾ 4.50 ലക്ഷം രൂപയുടെ ചികിത്സയ്ക്ക് അർഹതയുണ്ടായിട്ടാണ് ഇത്തരത്തിൽ പണം ഈടാക്കിയതെന്ന് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടി.
English Summary: Complaint against medisep