അഖിലേഷിന്റെ ഭാര്യയ്ക്കും മകൾക്കും കോവിഡ്; ഫോണിൽ വിളിച്ചു തിരക്കി യോഗി
Mail This Article
ലക്നൗ∙ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവിനും മകൾക്കും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇരുവരുടെയും ആരോഗ്യവിവരങ്ങൾ ഫോണിൽ വിളിച്ചു തിരക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഖിലേഷ് യാദവുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് മുൻ എംപി കൂടിയായ ഡിംപിൾ യാദവിനു കോവിഡ് സ്ഥിരീകരിച്ചത്. താന്‍ ഐസലേഷനിലാണെന്നും രോഗലക്ഷണങ്ങളില്ലെങ്കിലും പരിശോധനയിൽ കോവിഡ് പോസിറ്റീവായെന്നും ഡിംപിൾ ട്വീറ്റ് ചെയ്തു. രണ്ടു ഡോസ് വാക്സീൻ എടുത്തിട്ടുണ്ടെന്നും അടുത്തിടപഴകിയവർ കോവിഡ് പരിശോധന നടത്തണമെന്നും അവർ അറിയിച്ചു.
അതേസമയം, സമാജ്‌വാദി പാർട്ടിക്കു വേണ്ടി യുപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്ന അഖിലേഷ് യാദവ്, തിങ്കളാഴ്ച മുതൽ മധ്യ, പടിഞ്ഞാറൻ യുപിയിൽ പ്രചാരണത്തിനെത്തിയിരുന്നു. അഖിലേഷ് വാക്സീൻ എടുത്തോയെന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ മാസം ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്താൽ മാത്രമേ വാക്സീൻ സ്വീകരിക്കൂവെന്ന് അഖിലേഷ് വ്യക്തമാക്കിയിരുന്നു.
English Summary: Yogi Adityanath Dials Akhilesh Yadav After Wife, Daughter Test Positive