ശിവരാത്രി ദിനത്തിൽ ഒന്നിച്ച് ക്ഷേത്ര ദർശനം: അനിൽ ആന്റണിയെ ചന്ദനക്കുറി തൊട്ട് അനുഗ്രഹിച്ച് പി.സി.ജോർജ് – വിഡിയോ
Mail This Article
പത്തനംതിട്ട∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയായ അനിൽ ആന്റണിയും ബിജെപി നേതാവ് പി.സി.ജോർജും ശിവരാത്രി ദിവസം പത്തനംതിട്ട തൃപ്പാറ മഹാദേവ ക്ഷേത്രത്തില്‍ ഒന്നിച്ചെത്തി ദർശനം നടത്തി. പി.സി.ജോർജ് അനിൽ ആന്റണിയെ ചന്ദനക്കുറി തൊട്ട് അനുഗ്രഹിച്ചു. ഇരുവരും ചേർന്ന് നിറപറ സമർപ്പിച്ചു. അന്നദാന ചടങ്ങ് പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. ഒട്ടേറെ പ്രവർത്തകരും ഇവർക്കൊപ്പം ക്ഷേത്രത്തിലെത്തിയിരുന്നു. ശിവരാത്രി പ്രമാണിച്ച് ഇന്നലെ രാവിലെ ക്ഷേത്ര സന്ദർശന തിരക്കിലായിരുന്നു അനിൽ ആന്റണി. ആലുവാംകുടി, തിരുമാലിട ക്ഷേത്രങ്ങളും അദ്ദേഹം സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് അനിൽ ആന്റണി വോട്ട് തേടുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ അനിൽ ആന്റണിയെ ബിജെപി സ്ഥാനാർഥിയാക്കിയതിൽ പി.സി.ജോർജ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ അനിൽ ആന്റണി ഈരാറ്റുപേട്ടയിലെ വസതിയിലെത്തി പി.സി.ജോർജിനെ സന്ദർശിച്ചു. പിണക്കം മാധ്യമ സൃഷ്ടിയാണെന്ന് അനിൽ ആന്റണിയും പിണങ്ങിയെന്നു ഞാൻ പറഞ്ഞിട്ടില്ലെന്നു പി.സി.ജോർജും പിന്നീട് വ്യക്തമാക്കിയിരുന്നു.
അനിൽ ആന്റണി ചെറുപ്പമാണെങ്കിലും അദ്ദേഹത്തെ പത്തനംതിട്ടയിൽ പരിചയപ്പെടുത്താൻ കുറച്ചധികം സമയമെടുക്കുമെന്നായിരുന്നു പി.സി.ജോർജ് മുൻപു പറഞ്ഞത്. എ.കെ. ആന്റണിയുടെ മകനാണെന്ന വിലാസമുണ്ടെങ്കിലും, ആന്റണി കോൺഗ്രസുകാരനാണ്. മകന് അപ്പന്റെ പിന്തുണയില്ല എന്നതു പ്രശ്നമാണ്. എ.കെ.ആന്റണി പരസ്യമായി അനിൽ ആന്റണിക്ക് പിന്തുണ കൊടുത്തിരുന്നെങ്കിൽ കുറച്ചുകൂടി എളുപ്പമാകുമായിരുന്നു. താൻ സ്ഥാനാർഥിയായിരുന്നെങ്കിൽ ഓടുന്നതിൽ കൂടുതൽ അനിൽ ആന്റണി ഓടേണ്ടി വരും എന്നിങ്ങനെയായിരുന്നു ജോർജിന്റെ പരാമർശങ്ങൾ.