350 രൂപയുടെ ചുറ്റിക, സിനിമ കണ്ടതിന്റെ സ്വാധീനമെന്ന് സംശയം; ഷെമിയെ കഴുത്തില്‍ ഷാള്‍ മുറുക്കി ആക്രമിച്ചു

Mail This Article
തിരുവനന്തപുരം∙ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ കൊലയ്ക്കുപയോഗിച്ച ചുറ്റിക വാങ്ങിയത് സംഭവദിവസം പകല്‍ 11 മണിയോടെ വെഞ്ഞാറമൂട്ടിലെ ഹാര്‍ഡ്‌വെയര്‍ കടയില്‍നിന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഒരു ഭാഗത്ത് ആണി വലിച്ചെടുക്കുന്ന തരത്തിലുള്ള കനമേറിയ ചുറ്റികയാണ് 350 രൂപ കൊടുത്ത് അഫാന്‍ വാങ്ങിയത്. കൂട്ടക്കൊലയ്ക്ക് അഫാന്‍ ചുറ്റിക തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് പൊലീസിനു വ്യക്തമായിട്ടില്ല.
ഏതെങ്കിലും സിനിമ കണ്ടതിന്റെ സ്വാധീനമാകാമെന്നാണു പൊലീസ് കരുതുന്നത്. മറ്റേത് ആയുധം ഉപയോഗിച്ചാലും ഇരകള്‍ കരഞ്ഞുവിളിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചാല്‍ ആദ്യ അടിക്കു തന്നെ ബോധം നഷ്ടപ്പെടും. അതിനു ശേഷം ശബ്ദം പുറത്തുവരാത്ത തരത്തില്‍ കൊലപ്പെടുത്താന്‍ കഴിയുമെന്ന തന്ത്രമാണ് അഫാന്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
സംഭവദിവസം രാവിലെ അമ്മ ഷെമിയെ കഴുത്തില്‍ ഷാള്‍ മുറുക്കി ആക്രമിച്ചതിനു ശേഷമാണ് അഫാന്‍ വീട് പൂട്ടി ബൈക്കില്‍ വെഞ്ഞാറമൂട്ടിലെ കടയിലെത്തി ചുറ്റിക വാങ്ങിയിരിക്കുന്നത്. അമ്മ മരിച്ചെന്നു കരുതിയാണ് അഫാന്‍ വീട് വിട്ടത്. തുടര്‍ന്ന് പാങ്ങോടെത്തി ചുറ്റിക ഉപയോഗിച്ച് അമ്മൂമ്മയെ വകവരുത്തി. തുടര്‍ന്ന് എസ്എന്‍ പുരത്ത് പോയി പിതൃസഹോദരനെയും ഭാര്യയേയും കൊന്നതും ഇതേ ചുറ്റിക ഉപയോഗിച്ചു തന്നെ. തുടര്‍ന്ന് പെണ്‍സുഹൃത്ത് ഫര്‍സാനയെ വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്ന് മുകളിലത്തെ മുറിയില്‍ വച്ച് ചുറ്റികയ്ക്ക് അടിച്ചു വകവരുത്തി. കുഞ്ഞനുജനെയും ഇതേ ചുറ്റികയ്ക്കാണ് അടിച്ചിരിക്കുന്നത്. ഇതിനിടെ അമ്മയുടെ ഞരക്കം കേട്ട് അഫാന്‍ അവരെയും ചുറ്റിക ഉപയോഗിച്ച് വീണ്ടും അടിച്ചിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.
ചികിത്സയില്‍ കഴിയുന്ന അമ്മ ഷെമിയുടെ മൊഴി രേഖപ്പെടുത്താന്‍ വെഞ്ഞാറമൂട് സിഐ അനൂപിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ഇന്ന് ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ താടിയെല്ലിനു സാരമായ പരുക്കുള്ളതിനാല്‍ ഷെമിക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ മൊഴിയെടുപ്പ് നാളത്തേക്കു മാറ്റി. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ നെടുമങ്ങാട് മജിസ്ട്രേറ്റ് അഫാനെ 11 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.