ADVERTISEMENT

ചോറ് ബാക്കിയായാൽ അത് വീണ്ടും ഉപയോഗിക്കുക എന്നത് ചിലർക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഒരല്പം ഭാവനയും കുറച്ച് പച്ചക്കറികളും കയ്യിലുണ്ടെങ്കിൽ ആ ചോറ് ഇനി ബാക്കിയാകില്ലെന്നു മാത്രമല്ല, കുട്ടികളും മുതിർന്നവരും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കുകയും ചെയ്യും. ബാക്കി വരുന്ന ചോറ് കൊണ്ട് പലതരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കുന്ന വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ നാം കണ്ടുകഴിഞ്ഞു. പലഹാരങ്ങളിലെ ഒരു ചേരുവ മാത്രമായി ആ ചോറ് ഉപയോഗിക്കുമ്പോൾ ചിലപ്പോൾ പിന്നെയും കുറച്ചെങ്കിലും ബാക്കിയുണ്ടാകും. എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ പരീക്ഷിച്ചു നോക്കൂ. വളരെ രുചികരമായ വിഭവങ്ങൾ ഇതുപയോഗിച്ച് തയാറാക്കിയെടുക്കാം.  

ഫ്രൈഡ് റൈസ്

തലേദിവസത്തെ ബാക്കി വന്ന ചോറിനു വമ്പൻ ഒരു മേക്ക് ഓവർ നൽകിയാൽ രുചികരമായ ഫ്രൈഡ് റൈസ് ആക്കി മാറ്റിയെടുക്കാം. ഒരു പാൻ ചൂടാക്കി അതിൽ കുറച്ച് എണ്ണയൊഴിയ്ക്കാം. ജീരകം, ചെറുതായി അരിഞ്ഞ സവാള, പച്ച മുളക്, മഞ്ഞൾ പൊടി, ഗ്രീൻ പീസ്, ഗരം മസാല, ഉപ്പ്  എന്നിവ ചേർക്കാം.

ഈ ചേരുവകൾ പാകമായി കഴിയുമ്പോൾ ചോറ് കൂടി ചേർക്കാവുന്നതാണ്. ഇനി ഗോബി മഞ്ചൂരിയൻ പോലുള്ള കറികൾക്കൊപ്പം കഴിക്കാം. തലേദിവസം ബാക്കിയായ ചോറാണ് ഇതെന്ന് ആരും തന്നെയും പറയുകയില്ല.

1132159230

തവ പുലാവ് 

പാവ് ബാജി മസാലയാണ് ഈ വിഭവത്തിനു രുചി സമ്മാനിക്കുന്നത്. ഒരു പാനിൽ എണ്ണ ചൂടാക്കി ക്യാപ്‌സിക്കം, കാരറ്റ്, ഗ്രീൻ പീസ്, എന്നിവ പാകമാകുന്നത് വരെ വഴറ്റിയതിനു ശേഷം ബാക്കിയായ ചോറും മസാലകളും ചേർക്കാവുന്നതാണ്. ഉച്ച ഭക്ഷണം ''സ്പെഷ്യൽ'' ആക്കാൻ ഈ വിഭവം മതിയാകും. തൈര് ചേർത്ത സാലഡ് ഇതിനൊപ്പം വിളമ്പാവുന്നതാണ്.

ലെമൺ റൈസ് 

ഒരു പാൻ ചൂടാക്കി അതിലേക്കു കടുകും കറിവേപ്പിലയും കടലപ്പരിപ്പും നിലക്കടലയും അണ്ടിപരിപ്പും ചേർത്ത് മൂപ്പിച്ചതിനു ശേഷം ഒരല്പം മഞ്ഞൾ പൊടി കൂടി ചേർത്ത് കൊടുക്കാം.

ഇനി ചോറ് ചേർത്തോളൂ. ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറന്നു പോകരുത്. ഒരു ചെറുനാരങ്ങയുടെ നീര് കൂടി ചേർത്താൽ ലെമൺ റൈസ് റെഡി. 

പനീർ ഫ്രൈഡ് റൈസ് 

പ്രോട്ടീൻ നിറഞ്ഞ ഒരു വിഭവമാണ് മനസിലുള്ളതെങ്കിൽ തലേദിവസം ബാക്കിയായ ചോറ് ഉപയോഗിച്ച് ഒരു പനീർ ഫ്രൈഡ് റൈസ് തയാറാക്കാം. പനീർ കഷ്ണങ്ങളായി മുറിച്ചതു ഗോൾഡൻ നിറമാകുന്നതു വരെ പൊരിച്ചെടുക്കാം. ഇനി ആ തവയിലേക്കു ചോറ് ചേർത്ത് കുരുമുളക് പൊടിച്ചത്, ഗരം മസാല, ഉപ്പ് വേറെ ഏതു മസാലയാണോ ആവശ്യം അതും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇനി നന്നായി മിക്സ് ചെയ്യാം. ഉച്ച ഭക്ഷണം ഏറെ രുചികരമാക്കാൻ ഈ ഒരൊറ്റ വിഭവം മതിയാകും.

പക്കോട 

ചോറ് ഉപയോഗിച്ച് പലതരത്തിലുള്ള ഫ്രൈഡ് റൈസും പുലാവും മാത്രമല്ല, വൈകുന്നേരത്തെ ചായയെ ഒരല്പം സ്പെഷ്യൽ ആക്കാൻ കഴിയുന്ന പക്കോടകളും തയാറാക്കാവുന്നതാണ്. ചോറ് നന്നായി അരച്ചെടുത്തതിന് ശേഷം കടലമാവും കുറച്ച് മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും പാകത്തിന് വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കാം. ഇനി ചെറിയുരുളകളാക്കി എണ്ണയിലേക്കിട്ടു ഗോൾഡൻ നിറമാകുമ്പോൾ കോരി മാറ്റാവുന്നതാണ്. പുറം ഭാഗം നല്ലതു പോലെ മൊരിഞ്ഞും അകം വളരെ മൃദുവായതുമായ പക്കോട തയാറായി കഴിഞ്ഞു. ചായക്കൊപ്പം ഈ സ്നാക്ക് അത്യുഗ്രനാണ്.

English Summary:

Tasty Dishes Leftover Rice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com