അരിപ്പൊടിയും ഒാട്സും റാഗിയും വേണ്ട, ഇതുമതി പഞ്ഞി പോലുള്ള പുട്ട് തയാറാക്കാന്‍
Mail This Article
പുട്ടിന് കടലയും ബീഫും പഴവുമൊക്കെ ജോടിയാകും. എളുപ്പത്തിൽ തയാറാക്കാവുന്ന പലഹാരവുമാണ് പുട്ട്. അരിപ്പൊടി കൊണ്ടും ഗോതമ്പു പൊടികൊണ്ടും ഒാട്സുകൊണ്ടും റവ കൊണ്ടുമൊക്കെ പുട്ട് തയാറാക്കാറുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി പുട്ട് ഉണ്ടാക്കിയാലോ? അരിപ്പൊടിയൊന്നും വേണ്ട, അവലാണ് ഇവിടുത്തെ താരം. വെള്ള അവിലോ തവിട്ട് നിറമാർന്നതോ ഉപയോഗിക്കാം. വളരെ എളുപ്പത്തിൽ നല്ല പഞ്ഞിപോലുള്ള പുട്ട് തയാറാക്കാം.
ചേരുവകൾ
∙അവൽ– അര കപ്പ്
∙തേങ്ങ – ആവശ്യത്തിന്
∙ഉപ്പ്– ആവശ്യത്തിന്
∙വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
വെള്ളയോ തവിട്ടോ നിറമാർന്ന അവിൽ എടുക്കാം. ആദ്യം അടുപ്പിൽ പാൻ വച്ച് അവിൽ ചെറുതായി വറുത്തെടുക്കാം. ശേഷം മിക്സിയിലിട്ട് പൊടിച്ചെടുക്കാം. സാധാരണ പുട്ടിന് നനയ്ക്കുന്ന പോലെ വെള്ളവും ഉപ്പും ചേർത്ത് നനച്ചെടുക്കാം. ഒത്തിരി വെള്ളം ആവശ്യമില്ല.
അവിൽ ആയതുകൊണ്ട് തന്നെ പെട്ടെന്ന് നനച്ചെടുക്കാം. പുട്ടികുറ്റിയിൽ തേങ്ങയും നനച്ച പൊടിയും ചേർത്ത് ആവിയിൽ വേവിച്ചെടുക്കാം. സാധാരണ ഉണ്ടാക്കുന്ന അരിപ്പൊടി കൊണ്ടുള്ള പുട്ടിനേക്കാൾ സോഫ്റ്റായിരിക്കും ഇൗ പുട്ട്. നല്ല രുചിയുമുണ്ടാകും. കടലക്കറിയ്ക്ക് ഒപ്പമോ പഴം ചേർത്തോ കഴിയ്ക്കാം. തേങ്ങയൊടൊപ്പം പഴുത്ത പഴമോ ചക്കപഴമോ നിറച്ചും ഇൗ പുട്ട് തയാറാക്കാവുന്നതാണ്. ഞൊടിയിടയിൽ രുചിയൂറും പുട്ട് തയാർ.
English Summary: Aval Puttu Recipe