കിർസ്റ്റി കോവൻട്രി ഐഒസി പ്രസിഡന്റാകുന്ന ആദ്യ വനിത, ആഫ്രിക്കയിൽനിന്നും ആദ്യം; ഇതു ചരിത്രം!

Mail This Article
കോസ്റ്റ നവാറിനോ (ഗ്രീസ്) ∙ 131 വർഷം പിന്നിടുന്ന രാജ്യാന്തര ഒളിംപിക് സമിതിയുടെ (ഐഒസി) തലപ്പത്തേക്ക് ഇതാദ്യമായി ഒരു വനിത. സിംബാബ്‌വെയ്ക്കാരി കിർസ്റ്റി കോവൻട്രിയാണ് ഗ്രീസിൽ നടക്കുന്ന ഐഒസി സെഷനിൽ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഐഒസി പ്രസിഡന്റാകുന്ന ആഫ്രിക്കയിൽ നിന്നുള്ള ആദ്യ വ്യക്തി കൂടിയാണ് നാൽപ്പത്തിയൊന്നുകാരിയായ കിർസ്റ്റി. 2033 വരെ പ്രസിഡന്റ് സ്ഥാനത്തു തുടരാം. പിന്നീടു 4 വർഷത്തേക്കു കൂടി കാലാവധി നീട്ടാനും വ്യവസ്ഥയുണ്ട്.
ഏഴു സ്ഥാനാർഥികളുണ്ടായിരുന്ന വോട്ടെടുപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ ഭൂരിപക്ഷം ഉറപ്പിച്ചാണ് കിർസ്റ്റി പ്രസിഡന്റായത്. പോൾ ചെയ്ത 97 വോട്ടുകളിൽ 49 വോട്ടും കിർസ്റ്റിക്കു ലഭിച്ചു. കായിക ഫെഡറേഷൻ പ്രസിഡന്റുമാരും വിവിധ രാജ്യങ്ങളിലെ ഒളിംപിക് കമ്മിറ്റി അധ്യക്ഷൻമാരും ഉൾപ്പെടെയുള്ളവരാണ് വോട്ടു ചെയ്തത്. ഇന്ത്യയിൽനിന്നുള്ള ഐഒസി അംഗം നിത അംബാനിയും പങ്കെടുത്തു. ഒളിംപിക് ദിനമായ ജൂൺ 23ന് ഐഒസിയുടെ 10–ാം പ്രസിഡന്റായി കിർസ്റ്റി സ്ഥാനമേൽക്കും.

∙ ഒളിംപിക് ചാംപ്യൻ, കായികമന്ത്രി
ഒളിംപിക് ചാംപ്യൻ എന്ന മേൽവിലാസത്തിൽ തുടങ്ങിയ കിർസ്റ്റി കോവൻട്രിയുടെ യാത്രയാണ് ഇപ്പോൾ ഒളിംപിക് സമിതി പ്രസിഡന്റ് സ്ഥാനം വരെ എത്തി നിൽക്കുന്നത്. നിലവിൽ സിംബാബ്‌വെയുടെ കായികമന്ത്രി കൂടിയാണ്. സിംബാബ്‌വെയുടെ എക്കാലത്തെയും മികച്ച നീന്തൽ താരമായ കിർസ്റ്റി 2004 ആതൻസ്, 2008 ബെയ്ജിങ് ഒളിംപിക്സുകളിലായി 2 സ്വർണവും 4 വെള്ളിയും ഒരു വെങ്കലവുമാണ് നേടിയത്.
ഒളിംപിക്സിൽ കൂടുതൽ മെഡൽ നേടിയ ആഫ്രിക്കൻ താരവും സിംബാബ്‌വെ തലസ്ഥാനമായ ഹരാരെയിൽ ജയിച്ച കിർസ്റ്റി തന്നെ. 2016ൽ നീന്തലിൽ നിന്നു വിരമിച്ച ശേഷം കായികഭരണരംഗത്തേക്കു കടന്ന കിർസ്റ്റി 2019ലാണ് സിംബാബ്‌വെയുടെ കായികമന്ത്രിയായത്. അത്‌ലീറ്റ്സ് കമ്മീഷൻ ചെയർപഴ്സൻ എന്ന നിലയിൽ ഐഒസിയിലും സജീവമായിരുന്നു.