ആശങ്ക വേണ്ട, അവസരങ്ങളേറെ; ഭാവിയിലേക്ക് എഐയുടെ കൈപിടിച്ച് ടെക്‌സ്‌പെക്‌റ്റേഷന്‍സ്; ഡിജിറ്റല്‍ സംഗമത്തിന് സമാപനം
Mail This Article
കൊച്ചി∙ ആവശ്യത്തിനനുസരിച്ച് ഉപയോഗപ്പെടുത്തിയാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിഗംഭീരമാകുമെന്ന ഉൾക്കാഴ്ച സമ്മാനിച്ച് കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സംഗമം ‘ടെക്സ്പെക്റ്റേഷൻസിനു’ സമാപനം. ഏതെല്ലാം മേഖലകളിൽ എഐക്കു മികവ് തെളിയിക്കാനാകുമെന്ന് എഐയോടുതന്നെ ചോദിച്ച് ലഭിച്ച 100 ഉത്തരങ്ങളുമായാണ് മുഖ്യ പ്രഭാഷകൻ ഇൻഫോ എഡ്ജ് സിഇഒ ഹിതേഷ് ഒബ്റോയ് എത്തിയത്. അവ പരിശോധിച്ചപ്പോൾ ഒരു കാര്യം വ്യക്തം – ആ വിഷയങ്ങളെയെല്ലാം ആറ്റിക്കുറുക്കി പാനൽ ചർച്ചകളിലൂടെയും ലീഡ് ടോക്കിലൂടെയും അവതരിപ്പിക്കപ്പെട്ടിരുന്നു ടെക്സ്പെക്റ്റേഷനിൽ. എഐയ്ക്കൊപ്പം മനുഷ്യന്റെ ചിന്തകളും സഞ്ചരിക്കണമെന്ന ഡിജിറ്റൽ പാഠം പകർന്നു നൽകുന്നതായി ടെക്സ്പെക്റ്റേഷന്റെ ആറാം എഡിഷൻ.
മാധ്യമ മേഖലയിൽ, ബാങ്കിങ്ങിൽ, ഇ–കൊമേഴ്സിൽ, സിനിമയിൽ, സംരംഭങ്ങളിൽ, വിദ്യാഭ്യാസത്തിൽ, ആരോഗ്യത്തില്‍ എല്ലാം എന്താണ് എഐക്ക് ചെയ്യാനുള്ളത് എന്നതിന്റെ ഉത്തരം തേടിയായിരുന്നു ഓരോ പാനൽ ചർച്ചയും ലീഡ് ടോക്കുകളും മുന്നോട്ടു പോയത്. ‘ട്രാന്‍സ്‌ഫോമിങ് ഫ്യൂച്ചര്‍; എഐ ഫോര്‍ എവരിഡേ ലൈഫ്’ എന്ന ടെക്സ്പെക്റ്റേഷൻ വിഷയത്തെ അന്വർഥമാക്കുന്ന ചർച്ചകൾ. എഐയെ പേടിച്ചാലും സ്വീകരിച്ചാലും സമീപഭാവിയിൽത്തന്നെ അത് നമ്മുടെ ജീവിതത്തിന്റെ സമസ്തമേഖലയേയും മാറ്റിമറിക്കുമെന്നത് ഉറപ്പാണെന്ന സ്വാഗത പ്രസംഗത്തിലെ മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മന്‍ മാത്യുവിന്റെ വാക്കുകളോടെയായിരുന്നു ഡിജിറ്റല്‍ സംഗമത്തിന് തുടക്കം കുറിച്ചത്.

എഐ ജോലി കളയുകയല്ലെന്നും മറിച്ച് മനുഷ്യനു മുന്നിൽ വൻ അവസരങ്ങൾ ഒരുക്കുകയാണു ചെയ്യുകയെന്നും മുഖ്യ പ്രഭാഷണത്തിൽ ഇൻഫോ എഡ്ജ് സിഇഒ ഹിതേഷ് ഒബ്റോയ് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്താത്തവർ പിന്നാക്കം പോകുന്ന അവസ്ഥയുണ്ടാകും.

അതേസമയം സ്വന്തമായി തീരുമാനമെടുക്കാൻ സാധിക്കുന്ന എഐയുടെ സവിശേഷത ആശങ്കയ്ക്കു കാരണമാകുന്നുണ്ടെന്നും ഹിതേഷ് പറഞ്ഞു. എഐയിൽ മാനുഷിക ഇടപെടൽ അനിവാര്യമാണെന്ന വാക്കുകളോടെയായിരുന്നു ഹിതേഷ് വാക്കുകൾ അവസാനിപ്പിച്ചത്.
കൂടുതൽ വായിക്കാം- എഐ വിപ്ലവം സൃഷ്ടിക്കും, ആശങ്കപ്പെടാനുമുണ്ട് ചിലത്; കണ്ടില്ലെന്നു നടിച്ചാൽ പിന്നാക്കം പോവും: ഹിതേഷ് ഒബ്റോയ്

തുടർന്നു നടന്ന ‘മാധ്യമങ്ങളും എഐയും’ വിഷയത്തിലും ചർച്ചയായത് ന്യൂസ് റൂമുകളിൽ എത്രമാത്രം എഐയുടെ ഇടപെടൽ അനുവദിക്കാം എന്ന വിഷയത്തിലായിരുന്നു. വാർത്തകളിൽ ഇടപെടാൻ എഐയെ അനുവദിക്കരുതെന്ന് പറയുമ്പോൾത്തന്നെ, വായനയിൽനിന്ന് അകന്നു പോകുന്ന യുവതലമുറയെ ആകർഷിക്കാൻ വാർത്തകളിൽ എഐ ഉപയോഗപ്പെടുത്താമെന്നതും ചർച്ചയായി. നിതിൻ ശർമ (ഗൂഗിൾ ന്യൂസ് പാർട്ണർഷിപ്സ്), ഗൗരവ് അറോറ (ജാഗരൻ ന്യൂസ് മീഡിയ സിഇഒ), സംഘമിത്ര മജുംദാർ (എബിപി ലൈവ് എഡിറ്റർ), വിഘ്നേഷ് വെല്ലൂർ (ദ് ന്യൂസ് മിനിറ്റ് സഹസ്ഥാപകൻ, സിഇഒ), സന്തോഷ് ജോർജ് ജേക്കബ് (കോ–ഓർഡിനേറ്റിങ് എഡിറ്റർ, മനോരമ ഓൺലൈൻ) എന്നിവരാണ് പാനൽ ചർച്ചയിൽ പങ്കെടുത്തത്.
കൂടുതൽ വായിക്കാം- ‘എഐ അസിസ്റ്റന്റിനെപ്പോലെ; യുവ വായനക്കാരുടെ രീതികൾ മാറുന്നു; മാധ്യമങ്ങളെ നിർമിതബുദ്ധി നിയന്ത്രിക്കാൻ ഇടവരരുത്’

സ്റ്റാർട്ടപ്പുകള്‍ അവരുടെ വിജയത്തിന് എങ്ങനെയാണ് എഐയെ ഉപയോഗപ്പെടുത്തുന്നത് എന്ന വിഷയത്തിൽ നടന്ന ചർച്ചയിലും, ആശങ്ക എന്നതിനപ്പുറം ആശ്വാസം എന്ന നിലയിലേക്ക് എഐ മാറിയതെങ്ങനെയാണെന്നാണ് പാനലിസ്റ്റുകൾ വ്യക്തമാക്കിയത്. എഐ വന്നതോടെ കുറഞ്ഞ ചെലവിൽ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനായെന്നാണ് യുവസംരംഭകർ പങ്കുവച്ച പൊതുവികാരം. എഐ മനുഷ്യർക്ക് പകരമാകില്ല, പക്ഷേ ഇനിയും എഐ ഉപയോഗിച്ചു തുടങ്ങിയിട്ടില്ലാത്തവർക്ക് പകരമായി എഐ തുടർച്ചയായി ഉപയോഗിക്കുന്നവർ വരാനുള്ള സാധ്യതയേറെയാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ഹർഷ പുതുശ്ശേരി (ഐറാലൂം സഹസ്ഥാപക, സിഇഒ), ആൽവിൻ ജോർജ് (കാർബൺ ആൻഡ് വെയ്ൽ സഹസ്ഥാപകൻ), താജുദീൻ അബൂബക്കർ (അർബന്‍ ട്രാഷ് സ്ഥാപകൻ, സിഇഒ), സത്യ രാമനാഥൻ (ലിങ്കണ്‍ ഇന്റർനാഷനൽ മാനേജിങ് ഡയറക്ടർ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കൂടുതൽ വായിക്കാം- ‘എഐ ആളുകൾക്ക് പകരമാകില്ല, പക്ഷേ എഐ ഉപയോഗിക്കാത്തവർക്ക് പകരമായി എഐ ഉപയോഗിക്കുന്നവർ എത്തും’

ബിസിനസ്–അധ്യാപന–ഗവേഷണ മേഖലയിലെ അതികായർ വേദിയിൽ മാറ്റുരയ്ക്കുമ്പോഴാണ് ഒരു പത്താം ക്ലാസുകാരൻ സ്റ്റേജിലേക്ക് ചാടിക്കയറിയെത്തിയത്. റൗൾ ജോൺ അജു. നിസ്സാരക്കാരനല്ല കക്ഷി. ന്യായ സാഥി എന്ന സംരംഭത്തിന്റെ സ്ഥാപകനും ടെഡെക്സ് സ്പീക്കറുമാണ്. ‘എഐ ചെയ്ഞ്ച് മേക്കേഴ്സ് വോയിസ്’ സെഷനില്‍ സംസാരിക്കാനെത്തിയതായിരുന്നു റൗൾ. അവതരിപ്പിച്ചയാൾ കുട്ടിയായിരുന്നെങ്കിലും എഐ കുട്ടിക്കളിയല്ലെന്ന കൃത്യമായ സന്ദേശമാണ് റൗൾ സദസ്സിനായി സമ്മാനിച്ചത്.
കൂടുതൽ വായിക്കാം- ‘ഉപയോഗിക്കാം, ഓവറാക്കരുത്’; ഇൻഫ്ലുവൻസർ റൗൾ ജോൺ അജു

ഡേറ്റയാണ് എഐയുടെ അടിസ്ഥാനമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. അക്കാര്യമായിരുന്നു ‘ഡേറ്റയുടെ കരുത്ത്: എഐ യുഗത്തിലെ ഉൾക്കാഴ്ച’ എന്ന പാനൽ ചർച്ചയിൽ നിറഞ്ഞുനിന്നതും. ഇന്നു കാണുന്ന സാങ്കേതിക സേവനങ്ങളെല്ലാം വമ്പൻ ഡേറ്റയുടെ പിൻബലത്തിലാണ് പ്രവർത്തിക്കുന്നത്. ഡേറ്റയുടെ വൻ ശേഖരത്തിൽ നിന്ന് ഉപയോക്താവിനു വേണ്ട വിവരങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് എഐയുടെ സഹായത്തോടെ അതിവേഗ ഡേറ്റ പ്രോസ്സസിങ്ങിലൂടെ നിർണായക തീരുമാനങ്ങളെടുക്കാനും ബിസിനസ് മേഖലയിൽ വലിയ മുന്നേറ്റം നടത്താനും സാധിക്കുന്നുണ്ടെന്ന് പാനൽ വിലയിരുത്തി. പങ്കജ് രാജ് (ആദിത്യ ബിർള ഗ്രൂപ്പ് ചീഫ് ഡാറ്റ അനലറ്റിക്സ് ഓഫിസർ), ആദിത്യ ഗാംഗുലി (ടാറ്റ നെക്സാർക് ഡാറ്റ സയൻസ് ആൻഡ് എഐ മേധാവി), ആരോൺ റിഗ്ബി (തബൂല റീജ്യനൽ മേധാവി), ശ്രീകുമാർ പിള്ള (എക്സ്പീരിയോൻ ടെക്നോളജീസ് സഹസ്ഥാപകന്‍, ചീഫ് ടെക്നോളജി ഓഫിസർ) എന്നിവരാണു ചർച്ചയിൽ പങ്കെടുത്തത്.
കൂടുതൽ വായിക്കാം- ‘നിമിഷങ്ങൾക്കുള്ളിൽ നിർണായക തീരുമാനമെടുക്കാം; ഡേറ്റാ പ്രോസസിങ് തലവേദന ഒഴിവാക്കിയത് എഐ’

വിദ്യാഭ്യാസം, ആരോഗ്യം, ഇലക്ട്രിക് വാഹനങ്ങൾ, ഗതാഗതം തുടങ്ങി പഴയതും പുതിയതുമായ പല മേഖലകളിലും എഐ കൃത്യമായി ഉപയോഗപ്പെടുത്താനാകും എന്ന വിഷയമാണ് ‘ദൈനം ദിന ജീവിതത്തിലെ നിർമിതബുദ്ധിയുടെ സാധ്യതകൾ’ എന്ന പാനൽ ചർച്ചയിൽ വിശകലനത്തിനു വിധേയമായത്. ഉപഭോക്താക്കളുടെ ഡേറ്റയുടെ വലിയ ശേഖരം ഉള്ള കമ്പനികൾക്ക് ഇവ കൂടുതൽ സുക്ഷ്മമായും കൃത്യമായും മനസ്സിലാക്കി ബിസിനസിൽ പ്രായോഗികമായി ഉപയോഗിക്കാനാകും. അത് ഉപഭോക്താക്കൾക്കു വേണ്ടിത്തന്നെ ഉപയോഗപ്പെടുത്താനും സാധിക്കുമെന്ന നിഗമനത്തിലേക്കും ചർച്ചയെത്തി. സുബ്രത് പാനി (വൺ അസിസ്റ്റ് സഹസ്ഥാപകൻ), റിഷാഭ് നാഗ് (ഹ്യുമൻലി സഹസ്ഥാപകൻ), സാബു ജോണി (ഇവിഎം ഗ്രൂപ് മാനേജിങ് ഡയറക്ടർ), ഡോ. ഗിരീഷ് എസ്. പതി (ജെയിൻ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ), ജിജിമോൻ ചന്ദ്രൻ (ആക്സിയ ടെക്നോളജീസ് സ്ഥാപകൻ, സിഇഒ) എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
കൂടുതൽ വായിക്കാം- ‘ഇന്ത്യൻ വാഹന മേഖലയിൽ എഐ തരംഗം; ചാറ്റ്ജിപിടി കൊണ്ടുവന്നത് വലിയ മാറ്റം’

ഇന്റർനെറ്റിനെ കൂടുതല്‍ വിശ്വാസയോഗ്യമാക്കാൻ ആർടിഫ്യൽ ഇന്റലിജൻസിനു സാധിച്ചെന്ന അഭിപ്രായമാണ് ഓപൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി) സൗത്ത് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് നിതിൻ നായർ പങ്കുവച്ചത്. വൈകാതെതന്നെ ഒഎൻഡിസി തയാറാക്കിയ ചാറ്റ് ബോട്ട് ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന വിവരവും ‘ഇ–കൊമേഴ്സിലെ എഐ വിപ്ലവം’ എന്ന വിഷയത്തിലെ ലീഡ് ടോക്കിൽ നിതിൻ നായർ പങ്കുവച്ചു.
കൂടുതൽ വായിക്കാം- എഐ ഇന്റർനെറ്റിനെ കൂടുതല്‍ വിശ്വാസയോഗ്യമാക്കി, സാങ്കേതികത കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെട്ടു: നിതിൻ നായർ

മുഖത്ത് യാതൊരു ഭാവവും വരാത്ത ഒരു അഭിനേതാവിന്റെ മുഖത്ത് എഐ ഉപയോഗിച്ച് ഭാവങ്ങൾ കൊണ്ടുവരാനാകുമോ? ഈ ചോദ്യത്തിലുണ്ടായിരുന്നു സിനിമയിൽ എന്താണ് എഐയുടെ സ്വാധീനം എന്നതിന്റെ ഉത്തരവും. സംഗീതത്തിൽ ഇപ്പോഴും എഐയുടെ ഇടപെടൽ മിമിക്രിയാണെന്നായിരുന്നു ഒരു വിലയിരുത്തൽ. അഭിനയത്തിലാണെങ്കിലും കൃത്രിമമായി രംഗങ്ങൾ സൃഷ്ടിക്കുന്നതിലാണെങ്കിലും എഐക്ക് പരിമിതികളുണ്ട്. മരിച്ചു പോയ ഒരാളുടെ ശബ്ദം പുനഃസൃഷ്ടിക്കുമ്പോൾ ധാർമികതയുടെയും കോപ്പിറൈറ്റിന്റെയും വരെ പ്രശ്നമുണ്ടെന്നും ‘എഐ യുഗത്തിലെ സർഗാത്മകത’ എന്ന വിഷയത്തിലെ പാനൽ ചർച്ച വിലയിരുത്തി. ജേക്സ് ബിജോയ് (സംഗീത സംവിധായകൻ), ഷാജി കുമാർ (ഛായാഗ്രാഹകൻ), ഷമീർ മുഹമ്മദ് (എഡിറ്റർ, നിർമാതാവ്), സെറിൻ ഷിഹാബ് (അഭിനേത്രി), ജോണി ലൂക്കോസ് (ന്യൂസ് ഡയറക്ടർ, മനോരമ ന്യൂസ്) എന്നിവർ പങ്കെടുത്തു.
കൂടുതൽ വായിക്കാം- ‘ഇന്ത്യനിലെ 3 മിനിറ്റിന് 9 കോടി; രേഖാചിത്രത്തിൽ മമ്മൂട്ടിക്ക് 5 ലക്ഷം; ശങ്കറിനെ പാതിയിൽ വിട്ടുപോരാൻ കാരണമുണ്ട്’
മനോരമ ഓൺലൈൻ ‘എലവേറ്റി’ന്റെ വിഡിയോ ടീസർ ലോഞ്ച് ടെക്സ്പെക്റ്റേഷനിൽ മനോരമ ഓണ്‍ലൈൻ സിഇഒ മറിയം മാമ്മൻ മാത്യു നിർവഹിച്ചു. നൂതനവും മികച്ച വളർച്ചാസാധ്യതയുള്ളതും മൂലധനത്തിനായി ശ്രമിക്കുന്നതുമായ ബിസിനസ്/സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഫണ്ടിങ്, മെന്ററിങ്, ഇൻകുബേഷൻ, നെറ്റ്‍വർക്കിങ് പിന്തുണ ഉറപ്പാക്കാനും വിജയവഴിയിലേക്ക് നയിക്കാനും ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഒരുക്കിയ പ്ലാറ്റ്‌ഫോമാണ് ‘മനോരമ ഓൺലൈൻ എലവേറ്റ് - ഡ്രീംസ് ടു റിയാലിറ്റി’. എഐയെ ജനാധിപത്യവൽക്കരിക്കേണ്ടത് ഓരോരുത്തരും ഉത്തരവാദിത്തമായി കരുതണമെന്ന് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് ആശംസാ പ്രസംഗത്തിൽ പറഞ്ഞു. ബിസിനസ് ബ്ലോഗിങ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ കിറുബ ശങ്കറായിരുന്നു സെഷനുകളുടെയെല്ലാം മോഡറേറ്റർ. മനോരമ ഓൺലൈൻ മാർക്കറ്റിങ് സീനിയർ ജനറൽ മാനേജർ ബോബി പോൾ നന്ദി പ്രസംഗം നടത്തി.