ADVERTISEMENT

കാനഡയിലിപ്പോള്‍ ശിശിരകാലമാണ്. പഴുത്തു ചുവന്ന ഇലകള്‍ കൊഴിയുകയും പകലുകള്‍ക്ക് നീളം വളരെ കുറയുകയും ചെയ്യുന്ന ശൈത്യകാലാരംഭം. അന്തരീക്ഷത്തില്‍ നേരിയ തണുപ്പ് പടര്‍ന്നു തുടങ്ങുന്ന സുന്ദരകാലം. മനോഹരമായ കാലാവസ്ഥയായതു കൊണ്ടുതന്നെ ഈ സമയത്ത് ഇവിടേക്ക് എത്തുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. കാനഡയുടെ മനോഹരകാഴ്ചകളുടെ വിഡിയോകളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് മലയാളികളുടെ പ്രിയഗായിക സിതാര കൃഷ്ണകുമാറിന്‍റെ ഭര്‍ത്താവായ ഡോക്ടര്‍ സജീഷ്. കാനഡയിലെ വിവിധ ലൊക്കേഷനുകളില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.   

നയാഗ്രയുടെ മനോഹരദൃശ്യങ്ങള്‍ ഒപ്പിയെടുത്ത ഒരു വിഡിയോയും സജീഷ് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ഹൃദയഹാരിയായ ഒരു കുറിപ്പുമുണ്ട്. 

“12,300 വർഷം പഴക്കമുള്ള നയാഗ്ര വെള്ളച്ചാട്ടം ഒരു പ്രകൃതിദത്ത അദ്ഭുതമാണ്. നയാഗ്ര വെള്ളച്ചാട്ടത്തിന്‍റെ ചരിത്രം ആയിരക്കണക്കിന് വർഷങ്ങൾ പിന്നോട്ട് പോകുന്നു, ഹിമയുഗം വരെ, ഉരുകുന്ന ഹിമത്തിൽ നിന്ന് വലിയ തോടുകൾ ഒഴുകിയെത്തി, അത് ഇപ്പോള്‍ നയാഗ്ര നദി എന്നറിയപ്പെടുന്നു.

മഞ്ഞുമലകൾ ഉരുകി വലിയ ശുദ്ധജല തടാകങ്ങൾ രൂപപ്പെട്ടപ്പോൾ വെള്ളച്ചാട്ടമുണ്ടായി, അതിലൊന്ന് - ഈറി തടാകം  ഒന്റാറിയോ തടാകത്തിലേക്ക് ഒഴുകിച്ചേരുന്നതാണ്, താഴേക്ക് ഇറങ്ങിവരുന്ന ഒരു നദിയുണ്ടാക്കി, ഒരു ഘട്ടത്തിൽ അത് ഒരു കുത്തനെയുള്ള പാറക്കെട്ടിന് മുകളിലൂടെ കടന്നുപോയി!

മുൻപ് 4 പ്രാവശ്യം നയാഗ്ര സന്ദർശിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചിരുന്നു, പക്ഷേ പഴയതുപോലെത്തന്നെ അവിശ്വസനീയമായ ഒരു അനുഭവമായിരുന്നു അത്.” സജീഷ് കുറിച്ചിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര, യുഎസ് സംസ്ഥാനമായ ന്യൂയോർക്കിന്‍റെയും കനേഡിയൻ പ്രവിശ്യയായ ഒന്റാറിയോയുടെയും അതിർത്തിയിലാണ്. ഹോഴ്സ്ഷൂ ഫാൾസ്, അമേരിക്കൻ ഫാൾസ്, ബ്രൈഡൽ വെയിൽ ഫാൾസ് എന്നിങ്ങനെയുള്ള മൂന്നു വെള്ളച്ചാട്ടങ്ങളുടെ കൂട്ടമാണ്‌ നയാഗ്ര എന്നറിയപ്പെടുന്നത്. ഹോഴ്സ്ഷൂ വെള്ളച്ചാട്ടം കാനഡയും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള അന്തർദേശീയ അതിർത്തിയിലും അമേരിക്കൻ ഫാൾസും ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടവും പൂർണ്ണമായും അമേരിക്കൻ ഐക്യനാടുകളുടെ അതിർത്തിക്കുള്ളിലുമാണ് സ്ഥിതിചെയ്യുന്നത്. അമേരിക്കയിൽ നിന്നും കാനഡയിലേക്കു പതിക്കുന്നതിനാൽ കാനഡയിൽ നിന്നുമാണ്‌ നയാഗ്രയുടെ ഭംഗി പൂർ‌ണ്ണമായും ആസ്വദിക്കാൻ‌ കഴിയുക. 

വര്‍ഷംതോറും ശരാശരി 30 ദശലക്ഷം വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത് എന്നാണ് കണക്ക്. സഞ്ചാരികള്‍ക്ക് നയാഗ്ര നദിയിലൂടെയുള്ള ക്രൂയിസ് യാത്രയും ഹെലികോപ്റ്റർ യാത്രയുമെല്ലാം ഒരുക്കിയിട്ടുണ്ട്. കൂടാതെ, പൂന്തോട്ടങ്ങൾ, ഗുഹകള്‍, ഭൂഗർഭ നടപ്പാതകൾ എന്നിവയും ഇവിടുത്തെ കാഴ്ചകളില്‍ ഉൾപ്പെടുന്നു. വെള്ളച്ചാട്ടത്തിനു തൊട്ടരികില്‍ പോയി കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് ബോട്ട് സവാരിയും ലഭ്യമാണ്.

English Summary: Sithara Enjoys Holiday in Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com