ADVERTISEMENT

തനതായ സംസ്‌കാരം കൊണ്ടും ജീവിതരീതികള്‍ കൊണ്ടും ലോകത്തിന്റെ ബഹുമാനം നേടിയെടുത്തിട്ടുള്ള ജപ്പാനിലേക്കുള്ള യാത്ര സ്വപ്‌നം കാണുന്നവര്‍ പലരുണ്ട്. ലോകത്തിന്റെ മറ്റുഭാഗങ്ങളിലൊന്നും കാണാത്ത പല പ്രത്യേകതകളും രീതികളുമൊക്കെയുള്ള സമൂഹമാണ് ജപ്പാന്‍കാര്‍. അതുകൊണ്ടുതന്നെ യാത്രയിലെ മണ്ടത്തരങ്ങള്‍ ഒഴിവാക്കാനും അനാവശ്യ പ്രശ്‌നങ്ങളില്‍ ചെന്നു ചാടാതിരിക്കാനും ജപ്പാനിലേക്കുള്ള യാത്രയ്ക്കു മുൻപേ അവരുടെ രീതികളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും. ജാപ്പനീസ് ജീവിതത്തിന്റെ ഭാഗമായ പത്തു കാര്യങ്ങള്‍ പരിചയപ്പെടാം.

1. യാത്രയ്ക്കു മുൻപ് ജെആര്‍ പാസ് എടുക്കുക

ടോക്കിയോയിൽ തുടങ്ങി ജപ്പാനിലെങ്ങും പരന്നു കിടക്കുന്ന യാത്രാ സംവിധാനമാണ് ബുള്ളറ്റ് ട്രെയിന്‍. ജപ്പാന്‍ റെയില്‍ അഥവാ ജെആര്‍ പാസ് അവിടെയെത്തും മുമ്പേ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി എടുക്കാനാവും. ഇത് ബുള്ളറ്റ് ട്രെയിനിലെ യാത്രകൾ എളുപ്പമാക്കും. ഏഴ്, 14, 21 ദിവസം വീതം പരിധിയില്ലാതെ ഉപയോഗിക്കാവുന്ന ടിക്കറ്റുകള്‍ ലഭ്യമാണ്. ജപ്പാനിലെ ബുള്ളറ്റ് ട്രെയിനോളം കാര്യക്ഷമമായ യാത്രാ സംവിധാനങ്ങള്‍ ലോകത്തു തന്നെ പരിമിതമാണ്. 

2. നടന്ന് ഭക്ഷണം കഴിക്കരുത്

ലഘുഭക്ഷണം കഴിച്ചുകൊണ്ട് അലസമായി നടക്കുന്ന മനുഷ്യര്‍ മിക്ക രാജ്യങ്ങളിലും അപൂര്‍വ കാഴ്ചയല്ല. എന്നാല്‍ ജാപ്പനീസ് സംസ്‌കാരം അനുസരിച്ച്, നടന്നുകൊണ്ടു ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തോടുള്ള ബഹുമാനക്കുറവാണ്. ഭക്ഷണം ആസ്വദിച്ചല്ല കഴിക്കുന്നത് എന്നും അതുകൊണ്ട് അര്‍ഥമാക്കുന്നു. അതുകൊണ്ട് ജപ്പാനില്‍ കടയില്‍നിന്നോ തെരുവില്‍നിന്നോ ഭക്ഷണം വാങ്ങിയാല്‍ എവിടെയെങ്കിലും ഇരുന്നു മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.

776445706
Sean Pavone/shutterstock

3. പാസ്‌പോര്‍ട്ട് മറക്കല്ലേ

ഹോട്ടലിലും മറ്റു താമസ സ്ഥലങ്ങളിലും സുരക്ഷിതമായി പാസ്‌പോര്‍ട്ട് വച്ച് കാഴ്ചകള്‍ കാണാനിറങ്ങുന്നത് സഞ്ചാരികളുടെ ശീലമാണ്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ പറ്റിയ സ്ഥലമല്ല ജപ്പാന്‍. കാരണം അധികാരികൾ നിങ്ങളുടെ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ ഏതു സമയത്തും കാണിക്കാന്‍ നിങ്ങള്‍ക്ക് നിയമപരമായ ബാധ്യതയുണ്ട്. അതുകൊണ്ട് കയ്യില്‍ എപ്പോഴും പാസ്‌പോര്‍ട്ട് കരുതണം.

4. ചെരുപ്പ് പുറത്ത്

ഇക്കാര്യത്തില്‍ നമ്മുടെ നാട്ടിലെ രീതികളോട് ചേര്‍ന്നു നില്‍ക്കുന്നു ജപ്പാന്‍കാരും. പൊതുവേ നമ്മളാരും വീടിനകത്ത് ചെരുപ്പിടാറില്ല. കുറഞ്ഞപക്ഷം പുറത്തിടുന്ന ചെരിപ്പുകളെങ്കിലും ഇടാറില്ല. വീടുകള്‍ക്കകത്തേക്ക് ഷൂവും ചെരിപ്പും ഇട്ട് കയറുന്നത് ബഹുമാനക്കുറവായാണ് കണക്കാക്കപ്പെടുന്നത്. ജാപ്പനീസ് വീടുകളിലേക്ക് പോകാന്‍ അവസരം ലഭിച്ചാല്‍ അവര്‍ അതിഥികള്‍ക്ക് വീടിനകത്ത് ഇടാനുള്ള പ്രത്യേകം സ്ലിപ്പറുകള്‍ നല്‍കും. ഹോട്ടലുകളിലും മറ്റും ചെരിപ്പ് പുറത്തിടുകയെന്ന് നിര്‍ദേശിക്കുന്ന ബോര്‍ഡുകളും കാണാം. 

5. ട്രെയിനിലേയും ബസിലേയും ഫോണ്‍ വിളി

പൊതു ഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുമ്പോല്‍ ഫോണില്‍ സംസാരിക്കുന്നത് മിക്ക നാടുകളിലും സാധാരണ കാഴ്ചയാണ്. എന്നാല്‍ പൊതു ഗതാഗത സംവിധാനത്തിലെ യാത്രയ്ക്കിടെ ഫോണില്‍ സംസാരിക്കരുതെന്നത് ജപ്പാനിലെ അലിഖിത നിയമം പോലെയാണ്. അന്യന്റെ ഇടത്തിലേക്ക് അനുവാദമില്ലാതെ കടന്നുകയറുന്ന മോശം പ്രവൃത്തിയായാണ് ജപ്പാന്‍കാര്‍ ഇതിനെ കണക്കാക്കുന്നത്. 

6. രാത്രി നിര്‍ത്തുന്ന ടോക്കിയോ സബ്‌വേ

24 മണിക്കൂറും സജീവമായ നഗരമാണ് ടോക്കിയോ എന്നു തോന്നാം. എന്നാല്‍ അതു തെറ്റാണ്. ടോക്കിയോ നഗരത്തിന്റെ ഗതാഗത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ടോക്കിയോ സബ്‌വേ രാത്രി ഒരുമണിയോടെ പൂര്‍ണമായും പ്രവര്‍ത്തനം അവസാനിപ്പിക്കും. ദൂര സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ ഇതിനും മുമ്പേ പുറപ്പെട്ടിരിക്കാമെന്നതിനാല്‍ കൂടുതല്‍ നേരത്തേ സേവനം അവസാനിക്കാനും ഇടയുണ്ട്.  

7. ശബ്ദമുണ്ടാക്കി ഭക്ഷണം കഴിക്കുന്നത്

പാനീയങ്ങളോ സൂപ്പോ ശബ്ദമുണ്ടാക്കി വലിച്ചു കുടിക്കുന്നത് ചുറ്റുമുള്ളവരുടെ നെറ്റി ചുളിക്കാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ജപ്പാന്‍കാരുടെ നെറ്റി ചുളിയാറില്ല. ശബ്ദമുണ്ടാക്കി വലിച്ചു കുടിക്കുന്നത് അവര്‍ നല്ല കാര്യമായിട്ടാണ് കരുതുന്നത്. ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതിന്റെ അടയാളമായാണ് അവര്‍ അതു കണക്കാക്കുന്നത്. 

8. പണം കൊടുക്കുന്ന രീതി

കടകളിലും മറ്റും സാധനങ്ങള്‍ വാങ്ങിയ ശേഷവും ഭക്ഷണം കഴിച്ച ശേഷവുമൊക്കെ പണം കയ്യില്‍ കൊടുക്കുന്ന രീതി ജപ്പാനില്‍ വേണ്ട. അവിടെ കാഷ് കൗണ്ടറില്‍ നീല നിറത്തിലുള്ള ട്രേ വെച്ചിരിക്കും. പണം അതിലേക്ക് ഇടാം. ബാക്കി പണവും കയ്യിൽ വാങ്ങാന്‍ നില്‍ക്കണ്ട. ഈ ട്രേയിലേക്കിട്ട ശേഷം എടുക്കുന്നതാണ് ജാപ്പനീസ് മര്യാദ. 

9. പച്ച കുത്തിയത് പ്രശ്‌നമാകുമോ?

ഒരുകാലത്ത് പച്ച കുത്തുകയെന്നത് വളരെ മോശം കാര്യമായാണ് ജപ്പാന്‍കാര്‍ കണക്കാക്കിയിരുന്നത്. പൊതു കുളിമുറികളില്‍ അവര്‍ക്ക് പ്രവേശനം പോലുമില്ലായിരുന്നു. ഇന്നും പൊതു കുളിമുറികളില്‍ പച്ച കുത്തിയവര്‍ക്ക് നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ഈ 'തൊട്ടുകൂടായ്മ'ക്ക് ഇപ്പോള്‍ കുറവു വന്നിട്ടുണ്ടെങ്കിലും പൂര്‍ണമായും മാറിയിട്ടില്ല. 

10. ടിപ്പ് മറന്നേക്കൂ

ഭക്ഷണം ഇഷ്ടപ്പെട്ടാല്‍, താമസം ആസ്വദിക്കാനായാല്‍ ഒക്കെ കുറച്ച് പണം അധികമായി ടിപ്പ് നല്‍കുന്ന രീതി ലോകത്തിന്റെ പലയിടത്തുമുണ്ട്. എന്നാല്‍ ജപ്പാനില്‍ ഇങ്ങനെ കൂടുതല്‍ പണം നല്‍കിയാല്‍ മറന്നു വച്ചതാണെന്നു കരുതി അവരതു തേടിപ്പിടിച്ച് തിരികെത്തന്നാലും അദ്ഭുതപ്പെടേണ്ട. കാരണം ടിപ്പ് സ്വീകരിക്കുന്ന രീതി ജപ്പാനില്‍ ഇല്ല.

English Summary: things to know before traveling to Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com