കളങ്ങൾ ഒരുങ്ങുന്നു, ഇനി കളി മാറും
Mail This Article
ആലപ്പുഴ ∙ ജില്ലയിലെ കളിക്കളങ്ങൾക്കു പുതിയ ഉണർവുണ്ടാക്കുന്ന പദ്ധതികളാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. സംസ്ഥാനത്താകെ ഉന്നത നിലവാരമുള്ള 46 സ്റ്റേഡിയം പദ്ധതികളുടെ കൂട്ടത്തിലാണു ജില്ലയിലെ 5 പദ്ധതികളും. ഇവിടങ്ങളിൽ വരുന്ന പുതിയ സൗകര്യങ്ങൾ ഇങ്ങനെ:
ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയം
∙സ്റ്റേഡിയം നവീകരണം
∙400 മീറ്റർ സിന്തറ്റിക്
∙ട്രാക്കോടു കൂടിയ
∙അത്‌ലറ്റിക് ഗ്രൗണ്ട്
∙ഫുട്ബോൾ ഗ്രൗണ്ട്
∙ഹോക്കി ഗ്രൗണ്ട്
∙ഓഫിസ്
∙സ്പോർട്സ്
∙കോൺഫറൻസ് ഹാൾ
∙ഹോസ്റ്റൽ
സംസ്ഥാന സർക്കാർ അനുവദിച്ച 8.62 കോടി രൂപയും നഗരസഭയുടെ 2 കോടിയും ഉപയോഗിച്ചു സൗകര്യങ്ങൾ ഒരുക്കാനാണു പദ്ധതി. എന്നാൽ, ചില കാര്യങ്ങളിൽ നഗരസഭയ്ക്കു വിയോജിപ്പുണ്ട്.സ്റ്റേഡിയം നവീകരണത്തിന് നേരത്തെ സർക്കാർ നൽകിയ 13 കോടി ഉപയോഗിച്ച് 75% പണികൾ പൂർത്തിയാക്കിയെന്നു നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറയുന്നു. പിന്നീട് ഉപാധികളോടെ 8 കോടി അനുവദിച്ചെങ്കിലും ഉപാധികൾ നഗരസഭ അംഗീകരിച്ചില്ല. നവീകരണത്തിന് നഗരസഭ അടങ്കൽ തുകയായി അനുവദിച്ച 10 കോടിയിൽ പ്രാരംഭ നടപടികൾക്കായി 2 കോടി രൂപയുമുണ്ട്. രൂപകൽപനയുടെ നടപടികൾ മുന്നോട്ടു പോയില്ല. ഇതിനു സെക്രട്ടറിയോടു വിശദീകരണം തേടിയിട്ടുണ്ടെന്നും നഗരസഭാധ്യക്ഷൻ പറഞ്ഞു.
ചെങ്ങന്നൂർ ജില്ലാ സ്റ്റേഡിയം
∙ഫുട്ബോൾ കോർട്ട്
∙ഗാലറി
∙ഇൻഡോർ സ്റ്റേഡിയം
∙നീന്തൽക്കുളം
∙ഹോക്കി കോർട്ട്
∙8 വരി സിന്തറ്റിക്ക് ട്രാക്ക്
∙ജംപിങ് പിറ്റുകൾ
∙ഔട്ട്ഡോർ കോർട്ട്
∙ജിംനേഷ്യം
∙കളിക്കാർക്കുള്ള മുറികൾ
∙അതിഥി മുറികൾ
∙ഹോസ്റ്റലുകൾ
∙തിയറ്ററുകൾ
പെരുങ്കുളം പാടത്ത് സ്റ്റേഡിയത്തിന്റെ നിർമാണം രണ്ടാം ഘട്ടത്തിലാണ്. 49 കോടി രൂപ ചെലവിൽ 20 ഏക്കറിലാണ് നിർമാണം. മേപ്പിൾ തടി പാകിയാണ് ഇൻഡോർ സ്റ്റേഡിയം ഒരുക്കുന്നത്. പൊതു ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന വിധത്തിലാണു സ്റ്റേഡിയത്തിന്റെ നിർമാണം. ഗാലറിക്കു താഴെ കടമുറികളും നിർമിക്കും
പ്രീതികുളങ്ങര സ്റ്റേഡിയം
∙സെവൻസ് ഫുട്ബോൾ
∙ഗ്രൗണ്ട്
∙ബാഡ്മിന്റൻ കോർട്ട്
∙ബാസ്കറ്റ്ബോൾ കോർട്ട്
∙മൾട്ടിപർപ്പസ് ജിംനേഷ്യം
∙400 മീറ്റർ സിന്തറ്റിക്ക് ട്രാക്ക്
മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ എൽപി സ്കൂളിനടുത്ത് 1.5 ഏക്കറിലാണു നിർമാണം പുരോഗമിക്കുന്നത്. ചെലവ് 8 കോടി. സ്കൂളിനായി ഇരുനില മന്ദിരവും പണിതു.
മണ്ണഞ്ചേരി റോവിങ് ട്രാക്ക്
∙റോവിങ് ട്രാക്ക്
∙പ്ലേ ഗ്രൗണ്ട്
∙മൾട്ടി പർപ്പസ് ഇൻഡോർ
∙കോർട്ട്
∙ഫിറ്റ്നസ് സെന്റർ
∙ഹോസ്റ്റൽ
∙റസിഡൻഷ്യൽ കോംപ്ലക്സ്
∙ബോട്ട് ഹൗസ്
മണ്ണഞ്ചേരി പഞ്ചായത്തിലെ 2.5 ഏക്കറാണ് കണ്ടെത്തിയിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങി. ഇതിൽ അന്തിമ തീരുമാനം സർക്കാരാണ് എടുക്കേണ്ടത്. പ്രാരംഭ നടപടികൾക്കായി 10 കോടി അനുവദിച്ചു.
പള്ളിപ്പുറം ഐഎച്ച്ആർഡി കോളജ് സ്റ്റേഡിയം
∙ഫുട്ബോൾ ഗ്രൗണ്ട്
∙ജിംനേഷ്യം
∙പവിലിയൻ
∙ഓഫിസ്
∙ആധുനിക ട്രാക്ക്
ഉത്തരാഖണ്ഡിൽ വീരമൃത്യു വരിച്ച ജവാൻ ജോമോൻ പെറ്റേച്ചിറയിലിന്റെ സ്മാരകമായാണ് ഐഎച്ച്ആർഡി എൻജിനീയറിങ് കോളജ് വളപ്പിൽ കിഫ്ബി പദ്ധതിയിൽ സ്റ്റേഡിയം നിർമിക്കുന്നത്. 7 ഏക്കറിൽ എ.എം.ആരിഫിന്റെ എംഎൽഎ ആസ്തി വികസന ഫണ്ടിലെ 1.5 കോടി ഉൾപ്പെടെ 8.25 കോടി ചെലവിടും. സ്ഥലം ഏറ്റെടുക്കൽ, കരാർ നടപടികൾ പുരോഗമിക്കുന്നു.