തലവര മാറി മറയൂർ ഗവ. എൽപി സ്കൂൾ
Mail This Article
മറയൂർ∙ ഒരു കാലത്തു പ്രവേശന നിരക്ക് ഏറ്റവും കുറഞ്ഞ സ്കൂൾ, ഇന്നു ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയ സ്കൂൾ. മറയൂർ ഗവ. എൽപി സ്കൂളിന്റെ തലവര മാറിയതിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വലിയ പങ്കുണ്ട്. നാലു വർഷങ്ങൾക്കു മുൻപുവരെ മറയൂരിലെ ഗവൺമെന്റ് എൽപി സ്കൂളിൽ പ്രവേശന നിരക്കാകട്ടെ വളരെ കുറവായിരുന്നു. എന്നാൽ 2021ൽ ഇടുക്കി ജില്ലയിലെ തന്നെ ഏറ്റവും അധികം കുട്ടികൾ പ്രവേശനം നേടിയ സ്കൂളായി മറയൂർ ഗവൺമെന്റ് എൽപി സ്കൂൾ മാറി.
സ്കൂളിലെ അധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും, മറയൂർ പഞ്ചായത്ത് അധികൃതരുടെയും കൂട്ടായ പരിശ്രമമാണ് സ്കൂളിന്റെ നിലമെച്ചപ്പെടാൻ കാരണം. കോവിഡ് കാലത്തെ നീണ്ട അടച്ചുപൂട്ടലിനുശേഷം നവംബർ 1നു കേരളത്തിലെ സ്കൂളുകൾ തുറന്നപ്പോൾ, ജില്ലയിലെ മറ്റേത് ഗവൺമെന്റ് പ്രൈമറി, പ്രീ - പ്രൈമറി സ്കൂളുകളെക്കാളും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയ സ്കൂളായി മറയൂർ ഗവൺമെന്റ് എൽപി സ്കൂൾ മാറി. 1952-ലാണ് മറയൂർ ഗവൺമെന്റ് എൽപി സ്കൂൾ സ്ഥാപിതമായത്.തുടക്കത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന്റെ പ്രവർത്തനത്തെ അടിസ്ഥാന സൗകര്യങ്ങളുടെയും അധ്യാപന സൗകര്യങ്ങളുടെയും അഭാവം സാരമായി ബാധിച്ചു. ഇത് മറയൂർ ഗവ.എൽപി സ്കൂളിനെ പഠന പുരോഗതിക്ക് യോഗ്യമല്ലാത്ത സ്കൂളാക്കി മാറ്റി.
സ്കൂളിന്റെ ഇത്തരത്തിലുള്ള പ്രവർത്തനം കണ്ട അധ്യാപകർ, പിടിഎ അംഗങ്ങൾക്കൊപ്പം സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നത് ഉൾപ്പെടുന്ന ഒരു പദ്ധതി ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകി വരുന്നു. നിലവിൽ മറയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്കു പ്രഭാതഭക്ഷണം നൽകുന്നത്. കുറച്ചു വർഷങ്ങൾക്കു മുൻപു വരെ സ്കൂളിലെ ചില ക്ലാസ്സുകളുടെ മേൽക്കൂരയ്ക്ക് ചോർച്ചയുണ്ടായിരുന്നു ഇത് മഴക്കാലത്ത് കുട്ടികൾ സ്കൂളിൽ വരുന്നതിന് തടസ്സമായി. എന്നാൽ ഇന്ന് സ്മാർട്ട് ക്ലാസ് മുറികൾ ഉൾപ്പെടെയുള്ള എല്ലാ വിധ സൗകര്യങ്ങളോടും കൂടി സ്കൂൾ പ്രവർത്തിക്കുകയാണ്.