ഗതാഗത കുരുക്കഴിയുന്നു; ഇരിട്ടിയിൽ സമഗ്ര ട്രാഫിക് പരിഷ്‌കരണം 18 മുതൽ
Mail This Article
ഇരിട്ടി∙ നഗരത്തിൽ കുരുക്കില്ലാ യാത്രയ്ക്കു വഴി ഒരുങ്ങുന്നു. 18 മുതൽ സമഗ്ര ഗതാഗത പരിഷ്‌കരണം നടപ്പാക്കാൻ നഗരസഭ, പൊലീസ്, മോട്ടർ വാഹനവകുപ്പ്, വ്യാപാരി – സംഘടന പ്രതിനിധി യോഗം തീരുമാനിച്ചു. പയഞ്ചേരിമുക്കിൽ മട്ടന്നൂർ റോഡ്, പേരാവൂർ റോഡ് എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകൾ പുനക്രമീകരിച്ച് അപകടരഹിതമാക്കും. നഗരത്തിൽ സ്വകാര്യ വാഹനങ്ങളുടെ സ്ഥിരം പാർക്കിങ് ഒഴിവാക്കും. പഴയ സ്റ്റാൻഡിലെ ഇ.കെ.നായനാർ ഓപ്പൺ ഓഡിറ്റോറിയം, പഴയ പാലത്തെ നഗരസഭ റോഡ് പാർശ്വങ്ങൾ, മാർക്കറ്റിന് നീക്കിവച്ച സ്ഥലം എന്നിവ സ്വകാര്യ വാഹന പാർക്കിങ്ങിന് ഉപയോഗിക്കും.
നിലവിലുള്ള പേ പാർക്കിങ് കേന്ദ്രം നവീകരിച്ച് ഉപയോഗപ്പെടുത്തും. നേരംപോക്ക് റോഡിനു ഇരുവശത്തും ഉള്ള വാഹന പാർക്കിങ് പൂർണമായും തടയും. താലൂക്ക് ആശുപത്രി, ഫയർ സ്റ്റേഷൻ റോഡായതിനാലാണ് ഈ തീരുമാനം. ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയുടെ പാർക്കിങ് കേന്ദ്രങ്ങളും ബസ് സ്റ്റോപ്പുകളും പൊലീസ്, മോട്ടർ വാഹന വകുപ്പ്, നഗരസഭ വിദഗ്ധ സംഘം അടയാളപ്പെടുത്തും.
നഗരത്തിൽ ട്രാഫിക് അടയാള ബോർഡുകളും സ്ഥാപിക്കും. കെഎസ്‌ടിപി റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായി ടൗണിൽ നടത്തേണ്ട സൗന്ദര്യവൽക്കരണ പ്രവൃത്തികൾ, അഴുക്ക് ചാൽ സ്‌ലാബിടൽ, കൈവരികൾ സ്ഥാപിക്കൽ എന്നിവ വേഗത്തിലാക്കാൻ ബന്ധപ്പെട്ടവരോട് നിർദേശിക്കാനും തീരുമാനിച്ചു. നഗരസഭ അധ്യക്ഷ കെ.ശ്രീലത അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ പി.പി.ഉസ്‌മാൻ, ഇരിട്ടി ടൗൺ കൗൺസിലർ വി.പി.അബ്‌ദുൽ റഷീദ്, സിഐ കെ.ജെ.ബിനോയ്, എസ്‌ഐ ദിനേശൻ കൊതേരി, എംവിഐ ശ്രീജേഷ്, അയൂബ് പൊയിലൻ, പി.അശോകൻ, പ്രിജേഷ് അളോറ, എം.കെ.ഫിറോസ്, കെ.സി.സുരേഷ് ബാബു, എൻ.വി.രവീന്ദ്രൻ, എസ്.സ്വരൂപ് എന്നിവർ പ്രസംഗിച്ചു.