ADVERTISEMENT

ഇരിട്ടി∙ മേഖലയിലെ നിർധനരായ വൃക്ക രോഗികൾക്ക് ആശ്വാസം പകർന്നു ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവ‍ർത്തിക്കുന്ന ഡയാലിസിസ് സെന്ററിൽ 2–ാം യൂണിറ്റും പ്രവർത്തനസജ്ജമായി. കനിവ് കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി നഗരസഭയുടെയും സമീപ പഞ്ചായത്തുകളുടെയും ജീവകാരുണ്യ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നത്.

2 ഷിഫ്റ്റുകളിലായി 40 തോളം പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ജനകീയ കൂട്ടായ്മയിൽ പൂർത്തിയാക്കിയത്. നഗരസഭാ അധ്യക്ഷ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു.  4 വർഷമായി പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിൽ ഇതുവരെ 11,867 ഡയാലിസിസ് നടത്തി. 10 ഡയാലിസിസ് മെഷീനുകളിൽ ഒരു ഷിഫ്റ്റ് മാത്രം പ്രവർത്തിപ്പിച്ചാണു ഇത്രയും രോഗികൾക്ക് ഡയാലിസിസ് നടത്തിയത്. 

3 ഷിഫ്റ്റും നടത്താനുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുന്നതിനുള്ള ആത്മവിശ്വാസമാണ് 2–ാം ഷിഫ്റ്റും തുടങ്ങാനായതിലൂടെ സാധ്യമായതെന്നു സംഘാടകർ പറഞ്ഞു. ഇരിട്ടി നഗരസഭയും ആറളം, അയ്യൻകുന്ന്, പായം, ഉളിക്കൽ, പടിയൂർ പഞ്ചായത്തുകളും ആണു താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന്റെ പരിധിയിൽ വരുന്നത്. 250 പേർ ഡയാലിസിസിന് അവസരം തേടി അപേക്ഷ നൽകി കാത്തുനിൽക്കുന്നുണ്ട്.

ഇരിട്ടി നഗരസഭാ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.സോയ, എ.കെ.രവീന്ദ്രൻ, കൗൺസിലർമാരായ വി.ശശി, കെ.നന്ദനൻ, ബിന്ദു, വെൽഫെയർ സൊസൈറ്റി സെക്രട്ടറി അയൂബ് പൊയിലൻ, അജയൻ പായം, ആശുപത്രി സൂപ്രണ്ട് ഡോ.രാജേഷ്, ഹെഡ് നഴ്‌സ് എ.കെ.ഹിമ എന്നിവർ പങ്കെടുത്തു.

മാസം വേണ്ടത് 8 ലക്ഷം രൂപ

സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ പെടുത്തി 1.35 കോടി രൂപ വിനിയോഗിച്ചാണു താലൂക്ക് ആശുപത്രിയോടനുബന്ധിച്ചു ഡയാലിസിസ് സെന്റർ സജ്ജീകരിച്ചത് എങ്കിലും നടത്തിപ്പ് ചെലവുകൾ സ്വന്തം നിലയിലാണു കണ്ടെത്തേണ്ടത്. ഒരു ഷിഫ്റ്റ് പ്രവർത്തിപ്പിച്ചിരുന്നപ്പോൾ 4 ലക്ഷം രൂപയായിരുന്നു മാസം തോറും വേണ്ടിയിരുന്നത്. 2 ഷിഫ്റ്റ് ആയതോടെ 8 ലക്ഷം രൂപ കണ്ടെത്തണം. 

ഇരിട്ടി നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ കനിവ് കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റി രൂപീകരിച്ചു മേഖലയിലെ വിദ്യാലയങ്ങൾ, കോളജുകൾ കുടുംബശ്രീ യൂണിറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ, സുമനസ്സുകൾ എന്നിവരിൽ നിന്നാണു പണം കണ്ടെത്തുന്നത്. 

ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾ സ്വരൂപിച്ച തുക ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലതയ്ക്ക് പ്രധാന അധ്യാപിക ഷൈനി യോഹന്നാൻ കൈമാറി. അധ്യാപകരായ പുരുഷോത്തമൻ, പി.വി.ശശീന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com