പാലാ ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് ; രോഗികൾ വലയുന്നു
Mail This Article
പാലാ ∙ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു. ദിവസവും നൂറുകണക്കിനു രോഗികളാണ് ആശുപത്രിയിൽ എത്തുന്നത്. രോഗികൾക്ക് ഡോക്ടറെ കാണാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്.ജനറൽ ഒപി വിഭാഗത്തിൽ ഇപ്പോൾ 2 ഡോക്ടർമാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. രോഗികളുടെ എണ്ണം കൂടുന്നതിനാൽ ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ കഷ്ടപ്പെടുകയാണ്. ഡോക്ടർമാരെ കണ്ട് ചികിത്സ ലഭിക്കാൻ ഏറെ നേരം കാത്തിരിക്കേണ്ട സ്ഥിതിയായതോടെ രോഗികൾ വലയുകയാണ്.
മേഖലയിൽ പനി വർധിച്ചതോടെ രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്.ചികിത്സ തേടി എത്തുന്നവരെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയയ്ക്കുന്നതായും പരാതിയുണ്ട്.ജനറൽ ആശുപത്രിയിലെ പല ഡോക്ടർമാരും ശബരിമല ഡ്യൂട്ടിക്കു പോയതാണ് എണ്ണത്തിൽ കുറവ് വരാൻ കാരണമെന്ന് അധികൃതർ പറയുന്നു. ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്