വൈദ്യുതിമുടക്കം; പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്തു വറ്റിക്കാനാകുന്നില്ല, കർഷകർ ദുരിതക്കയത്തിൽ
Mail This Article
വൈക്കം ∙ തുടർച്ചയായ വൈദ്യുതിമുടക്കം മൂലം വെച്ചൂരിൽ 1000 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്തു വറ്റിക്കാനാകാതെ കർഷകർ വലയുന്നു. വിത്തു വിതച്ച് 5 മുതൽ 20 വരെ ദിവസം പ്രായമായ നെൽച്ചെടികൾ നാശത്തിന്റെ വക്കിലാണ്. പ്രാവ്, എരണ്ട എന്നിവയുടെ ശല്യവും രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ പാടത്തു നിറഞ്ഞ വെള്ളം പമ്പ് ചെയ്തു കളയാൻ വഴിയില്ലാതെ കർഷകർ വലയുകയാണ്.
തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിനാൽ മതിയായ രീതിയിൽ പമ്പിങ് നടത്താൻ സാധിക്കാതെ പാടശേഖരങ്ങളിൽ വെള്ളം കെട്ടിനിൽക്കുകയാണ്. കെഎസ്ഇബി അധികൃതരോട് ഇതുസംബന്ധിച്ചു പരാതി പറഞ്ഞാൽ മരം വീണതാണെന്നും 110 കെവി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുകയാണെന്നും മറ്റുമുള്ള മറുപടിയാണു ലഭിക്കുന്നതെനനു പാടശേഖരസമിതിക്കാർ പറയുന്നു. വിരിപ്പുകൃഷി ഇറക്കിയ അയ്യനാടൻ പുത്തൻകരി, ദേവസ്വംകരി, തേവർകരി, പുല്ലുകുഴിച്ചാൽ, അഞ്ചടി തുടങ്ങിയ പാടശേഖരങ്ങളിലാണു നിലവിൽ കൃഷി ഇറക്കിയിട്ടുള്ളത്.
കട്ടമട, പന്നയ്ക്കാത്തടം, അരികുപുറം പാടശേഖരങ്ങളിൽ വിതയ്ക്കാനുള്ള വിത്തു കിട്ടിയിട്ടും വെള്ളം കെട്ടിനിൽക്കുന്നതിനാൽ വിതയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഏറ്റവും അടുത്ത ദിവസം വിത്തു വിതച്ചില്ലെങ്കിൽ മുള പൊട്ടി കേടായിപ്പോകുന്ന സ്ഥിതിയിലാണ്. വിവിധ പാടശേഖര സമിതികളിലെ 600 കർഷകരാണു കൃഷി ഇറക്കിയിരിക്കുന്നത്. ഏക്കറിന് 12,000 രൂപ വരെ മുടക്കിയാണു കർഷകർ വിത്തെറിഞ്ഞത്. ഈ പണം നഷ്ടമാകുമോ എന്ന ആശങ്കയിലാണു കർഷകർ.