ഏറ്റവും പ്രണയഭരിതമായ മണിക്കൂറുകൾ
Mail This Article
കോഴിക്കോട്∙ ‘‘ പ്രണയം പൈങ്കിളിയാവുന്നതൊക്കെ ഓക്കേ..എന്നാൽ ഈ പ്രണയിക്കുന്നവർ സോഷ്യൽ മീഡിയയിലിട്ട പോസ്റ്റുകൾ ഏകാകികളായവരുടെ നെഞ്ചിൽ നീറ്റലാണെന്ന് മറക്കരുത്..’’ പറയുന്നത് കോഴിക്കോട്ടെ യുവസമൂഹമാണ്. വാലന്റൈൻസ് ഡേയോടനുബന്ധിച്ച് കോഴിക്കോട്ടെ വിവിധ കോളജുകളിലെ വിദ്യാർഥികളുമായി റേഡിയോ മാംഗോയിൽ റേഡിയോ ജോക്കികൾ നടത്തിയ ലവ് ആജ്കൽ ചാറ്റ് ഷോയിലാണ് പുതുതലമുറ പ്രണയകാഴ്ചപ്പാടുകൾ പങ്കുവച്ചത്.
സമൂഹ മാധ്യമങ്ങളിൽ സ്റ്റോറീസായും റീൽസായും പലരും പ്രണയം പ്രകടിപ്പിക്കുമ്പോഴും ഇംഗ്ലീഷ് ബിരുദ വിദ്യാർഥിയായ ഷാദിയ പറയുന്നത് ഇപ്പോഴും പഴയരീതികളിൽ കത്തെഴുതിയും പൂവ് കൈമാറിയുമെല്ലാമുള്ള പ്രണയത്തെ ഇഷ്ടപ്പെടുന്നവരുണ്ടെന്നാണ്. അന്നും ഇന്നും എന്നും പ്രണയം ‘ഗോൾഡാ’ണ്, അന്ന് ‘മാനസ മൈനേ’ പാടിയെങ്കിൽ ഇന്ന് പകരം മറ്റ് പാട്ടുകൾ പാടുന്നു. പണ്ട് ‘കരളും’ ‘ഹൃദയ’വും ‘പൂവും’, ‘പുഴ’യും ഒക്കെ ആയിരുന്നിടത്ത് ഇന്ന് സ്പാർക്കും വൈബും വാവച്ചിയും കാന്താരിയുമൊക്കെ ഇടം പിടിച്ചു.
അതതു കാലത്തെ സിനിമകളും പാട്ടുകളും പ്രണയത്തിന്റെ സ്റ്റൈലുകളെ സ്വാധീനിക്കുന്നുണ്ടെങ്കിലും പ്രണയം എന്ന വികാരം ഒരിക്കലും മാറുന്നില്ലെന്നാണ് മലബാർ ക്രിസ്ത്യൻ കോളജിലെ അലോകിന് പറയാനുള്ളത്. എങ്കിലും പ്രണയത്തിന്റെ സൗന്ദര്യം ഒരൽപം കുറഞ്ഞത് പോലെ തോന്നുന്നവരും ഉണ്ട്. വളച്ചുകെട്ടലുകളില്ലാതെ നേരിട്ട് പ്രൊപ്പോസ് ചെയ്യുന്നതാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്. അതേ സമയം പ്രണയം പ്രത്യേകിച്ച് പറയാതെ തന്നെ സംഭവിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്നവരും കൂട്ടത്തിൽ ഉണ്ടായിരുന്നു.
ടെഡി ബെയർ പോലെ സ്ഥലം മുടക്കികളായ സമ്മാനങ്ങളേക്കാളുപരി ഉപയോഗപ്രദമായ സമ്മാനങ്ങൾ ഇഷ്ടപ്പെടുന്നവരാണ് പുതുതലമുറ. ‘നോ’ പറയുന്നതിലും വളരെ പ്രാക്ടിക്കൽ ആണ്. മുന്നോട്ട് പോവാൻ ബുദ്ധിമുട്ട് തോന്നുന്ന ബന്ധങ്ങളിൽ നിന്ന് ഉടനെ പിൻമാറണം എന്നതായിരുന്നു എല്ലാവരുടെയും ഒരേ സ്വരത്തിലുള്ള അഭിപ്രായം. പുതുതലമുറയുടെ പ്രണയചിന്തകൾ ഇന്നു രാവിലെ ആറു മുതൽ രാത്രി പത്തു വരെ റേഡിയോ മാംഗോയിലൂടെ കേൾക്കാം.