ADVERTISEMENT

പൊന്നാനി ∙ ശനിയാഴ്ച പുലർച്ചെ  സന്തോഷത്തോടെ വീട്ടിൽനിന്ന് കടലിലേക്കിറങ്ങിയ ഗഫൂറും സലാമും തിരിച്ചെത്തേണ്ട സമയത്ത് വീട്ടിലറിഞ്ഞത് ഇരുവരുടെയും മരണവാർത്ത. ഇന്നലെ പുലർച്ചെ തിരിച്ചെത്തേണ്ട മത്സ്യബന്ധന ബോട്ടിലേക്കാണ് കപ്പൽ ഇടിച്ചുകയറി ഇരുവരുടെയും ജീവനെടുത്തത്. വീടുപണിക്കെടുത്ത വായ്പയും മറ്റു കടങ്ങളും ബാക്കിയാക്കി ഇരുവരും മടങ്ങിയത് നാടിനും നൊമ്പരമായി. ശനിയാഴ്ച പുലർച്ചെയാണ് ‍ ഇരുവരും പൊന്നാനിയിൽനിന്ന് ഇസ്‍ലാഹ് ബോട്ടിൽ പുറംകടലിലേക്ക് പുറപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് പുലർച്ചെ കരയിലേക്ക് തിരിച്ചുവരുന്നതിനിടെ കപ്പൽ ഇവരുടെ ബോട്ടിൽ ഇടിക്കുകയും 2 പേരും കടലിൽ വച്ച് മരിക്കുകയും ചെയ്തു.

malappuram-fishermens
ചരക്കുകപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് പരുക്കേറ്റ ടി.എം.ബാദുഷ, എ.കെ.മൻസൂർ, വി.‌അയ്യൂബ്, കെ.എം.മജീദ് എന്നിവർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ. ചിത്രം: മനോരമ

കുട്ടിക്കാലം മുതൽ തന്നെ 2 പേരും മത്സ്യബന്ധനത്തൊഴിലാണ് പഠിച്ചത്.ലൈഫ് പദ്ധതിയിൽനിന്ന് കിട്ടിയ പണം തികയാതെ വന്നതോടെ ബാങ്കിൽനിന്ന് വായ്പ എടുത്ത പണം ഉപയോഗിച്ചാണ് ഗഫൂർ ചെറിയ വീട് ഭാഗികമായി പണിതത്. അതിനിടയിൽ മകൾ സറീനയുടെ വിവാഹത്തിനും വായ്പ എടുക്കേണ്ടി വന്നു. പണി തീരാത്ത വീടും കടവും ബാക്കി വച്ചാണ് ഗഫൂർ യാത്രയായത്.നാട്ടുകാരുടെ സഹായത്തിലും വായ്പ എടുത്ത പണം കൊണ്ടും പഴയ ഒരു വീട് വാങ്ങി താമസിക്കുന്നതിനിടയിലാണ് കുടുംബത്തിന്റെ അത്താണിയായിരുന്ന സലാമിന്റെ വിയോഗം.

ദുഃഖത്തിന്റെ തിരയടി ചരക്ക് കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച പൊന്നാനി പള്ളിപ്പടി സ്വദേശി പി.അബ്ദുൽ ഗഫൂറിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കരയുന്ന ഉമ്മ 
ബീപാത്തു.
ദുഃഖത്തിന്റെ തിരയടി ചരക്ക് കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച പൊന്നാനി പള്ളിപ്പടി സ്വദേശി പി.അബ്ദുൽ ഗഫൂറിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കരയുന്ന ഉമ്മ ബീപാത്തു.

മരണം മുന്നിൽക്കണ്ട്  രണ്ടു മണിക്കൂർ
∙ സ്രാങ്ക് അബ്ദുൽ സലാം ഉറങ്ങാൻ കിടന്നതിനാൽ പകരം കാബിനിൽ നിൽക്കുകയായിരുന്നു. കപ്പൽ വരുന്നതിന്റെ സൂചനകളൊന്നുമുണ്ടായിരുന്നില്ല. തൊട്ടടുത്തെത്തിയപ്പോഴാണ് കണ്ടത്. അപ്പോഴേക്കും ഇടിച്ചു കയറി. ഞാൻ കാബിന്റെ പുറത്തേക്ക് ചാടി. സലാമിന് സാധിച്ചില്ല. ഇതിനിടയിൽ ബോട്ട് പകുതിവച്ചുമുറിഞ്ഞു. ഞങ്ങൾ നിന്നിരുന്ന മുൻഭാഗം വെള്ളത്തിൽ മലക്കം മറിഞ്ഞു. ആദ്യം മുകളിലെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടാമത്തെ മറിച്ചിലിൽ വെള്ളത്തിനു മുകളിലെത്താൻ പറ്റി.




ചരക്കുകപ്പൽ മീൻപിടിത്ത ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ തകർന്ന ഇസ്‍ലാഹ് ബോട്ട് കരയ്ക്കെത്തിക്കാൻ മറ്റൊരു ബോട്ടിൽ കെട്ടിവലിക്കുന്നു (വിഡിയോ ദൃശ്യം)
ചരക്കുകപ്പൽ മീൻപിടിത്ത ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ തകർന്ന ഇസ്‍ലാഹ് ബോട്ട് കരയ്ക്കെത്തിക്കാൻ മറ്റൊരു ബോട്ടിൽ കെട്ടിവലിക്കുന്നു (വിഡിയോ ദൃശ്യം)

മീൻ സൂക്ഷിക്കുന്നതിനായുള്ള തെർമോകോളും മറ്റുമൊക്കെ ഇവിടെയുണ്ടായിരുന്നതു കൊണ്ട് ഈ ഭാഗം പൊങ്ങിക്കിടന്നതാണ് ഭാഗ്യമായത്. എൻജിനുണ്ടായിരുന്ന ഭാഗം താഴ്ന്നു പോയി.രക്ഷപ്പെട്ട ഞങ്ങൾ 4 പേർ ബോട്ടിന്റെ പല ഭാഗങ്ങളിൽ അള്ളിപ്പിടിച്ചു നിന്നു. ആരെങ്കിലും കേൾക്കുമോയെന്നറിയാൻ കൂവി വിളിച്ചു. വിസിലടിച്ചു. ആരും കേട്ടില്ല. 2 മണിക്കൂറാണ് ഞങ്ങൾ മരണം മുന്നിൽ ക്കണ്ടു വെള്ളത്തിൽ കിടന്നു. ഇടിച്ച കപ്പൽ കുറച്ചു കഴിഞ്ഞപ്പോൾ തിരിച്ചെത്തി. സേർച് ലൈറ്റിന്റെ വെളിച്ചം കണ്ട് ‍ഞങ്ങൾ കൂടുതൽ ശബ്ദമുണ്ടാക്കി. അങ്ങനെ അവരെത്തിയാണ് രക്ഷിച്ച് കപ്പലിലേക്ക് കയറ്റിയത്.



മീൻപിടിത്ത ബോട്ടിൽ ഇടിച്ച ചരക്കുകപ്പൽ.
മീൻപിടിത്ത ബോട്ടിൽ ഇടിച്ച ചരക്കുകപ്പൽ.

ജീവൻ തിരിച്ചു കിട്ടിയത് പടച്ചോന്റെ കരുണകൊണ്ട് 
ഇടിയുടെ ആഘാതത്തിൽ വെള്ളത്തിലേക്ക് തെറിച്ചു വീണ ഞാൻ കപ്പലിന്റെ പങ്കയിൽ (പ്രൊപ്പലർ) നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ‘ഇനിയും ഏറെ വെള്ളം കുടിക്കാൻ പടച്ചോൻ നിശ്ചയിച്ചതുകൊണ്ടാകണം ’ ജീവൻ തിരിച്ചുകിട്ടിയത്. എന്റെ ഒപ്പം കപ്പലിനടിയിലേക്ക് തെറിച്ചു വീണ ഗഫൂർ പങ്കയിൽ കുടുങ്ങി. പങ്ക കയറിയാണ് അവൻ മരിച്ചത്. ഞാൻ പിന്നെ ബോട്ടിന്റെ ഭാഗത്തേക്ക് നീന്തി. പലകയിൽ പിടിച്ച് തുഴഞ്ഞു നിന്നു.

2 മണിക്കൂറിൽ കൂടുതൽ ആ നിൽപ്പു നിന്നു. പിന്നെ കപ്പലുകാർ തന്നെ വന്നാണ് രക്ഷിച്ചത്. അതിൽ 7 മലയാളികളുണ്ടായിരുന്നു. ചിലർ ആലപ്പുഴക്കാരാണ്. 2 പേർ ഹിന്ദി സംസാരിക്കുന്നവരായിരുന്നു. അവർ ഞങ്ങൾക്ക് ഭക്ഷണം തന്നു. നഞ്ഞ വസ്ത്രങ്ങൾ മാറ്റിയുടുക്കാൻ വേറെതന്നു. തണുപ്പു മാറ്റാനുള്ള വസ്ത്രങ്ങളും തന്നു. അവരിൽ ഇസ്മായിൽ എന്നൊരാളുണ്ടായിരുന്നു. അയാളാണ് ഞങ്ങളെ വലിയ രീതിയിൽ സഹായിച്ചത്.

ഇടിച്ചുകയറിയെത്തി മരണം
∙ശനിയാഴ്ച പുലർച്ചെ 3.00: ബോട്ട് പൊന്നാനിയിൽ നിന്ന് മീൻപിടിത്തത്തിനായി പുറപ്പെടുന്നു
∙ഞായറാഴ്ച വൈകിട്ട് 5.30: കപ്പൽ കൊച്ചി തീരം വിടുന്നു
∙ഞായറാഴ്ച രാത്രി 10.10: തൃശൂർ എടക്കയ്യൂരിന് 17 കിലോമീറ്റർ അകലെ കടലിൽ കപ്പൽ ബോട്ടിലേക്ക് ഇടിച്ചുകയറുന്നു. കപ്പൽ ഏറെ ദൂരം മുന്നോട്ടുപോയതിനുശേഷം തിരിച്ചെത്തി തിരച്ചിൽ നടത്തുന്നു.
∙ഇന്നലെ പുലർച്ചെ 12.20: കപ്പൽ ജീവനക്കാർ 4 മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നു. 2 പേരെ കാണാനില്ലെന്ന് പറയുന്നു. തുടർന്ന് കപ്പലിൽ നിന്ന് കോസ്റ്റ് ഗാർഡിനെയും രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികൾ മറ്റു ബോട്ടുകാരെയും വിവരം അറിയിക്കുന്നു.
∙പുലർച്ചെ 1.30: മറ്റു ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനെത്തുന്നു. പിന്നാലെ കോസ്റ്റ് ഗാർഡും എത്തുന്നു.
∙പുലർച്ചെ 6 മണി: ഗഫൂറിന്റെ മൃതദേഹം കടലിൽ നിന്ന് ബോട്ടുകാർ കണ്ടെത്തുന്നു. മദനിയ 1 എന്ന ബോട്ടിലേക്ക് മാറ്റി പൊന്നാനിയിലേക്ക് കൊണ്ടുപോകുന്നു.
∙പുലർച്ചെ 7.00 മണി: സലാമിനെ തകർന്ന കാബിന്റെ ഭാഗത്ത് കുടുങ്ങിയ നിലയിൽ ബോട്ടുകാർ കണ്ടെത്തുന്നു. 
∙രാവിലെ 8ന്: രക്ഷപ്പെട്ട 4 മത്സ്യത്തൊഴിലാളികളെയും കോസ്റ്റൽ പൊലീസിന്റെ ബോട്ടിൽ ചാവക്കാട് മുനക്കക്കടവിലെത്തിക്കുന്നു. തുടർന്ന് ചാവക്കാട്ടെ ആശുപത്രിയിലേക്ക്. 
∙രാവിലെ 9.00: ഗഫൂറിന്റെ മൃതദേഹം മദനിയ 1 എന്ന ബോട്ടിൽ പൊന്നാനി ഹാർബറിലെത്തിക്കുന്നു. പോസ്റ്റ്മോർട്ടത്തിനായി പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക്. 
∙രാവിലെ 9.15: സലാമിന്റെ മൃതദേഹം മൈമൂന എന്ന ബോട്ടിൽ പൊന്നാനിയിലെത്തിക്കുന്നു. തുടർന്ന് താലൂക്ക് ആശുപത്രിയിലേക്ക്. 
∙രാവിലെ 11.30: പരുക്കേറ്റ 4 പേരെയും ചാവക്കാട്ടുനിന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിക്കുന്നു.
∙ഉച്ചയ്ക്കു ശേഷം 2.10: ഗഫൂറിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം കഴിഞ്ഞ് പൊന്നാനി 66 കോളനിയിലെ വീട്ടിലെത്തിക്കുന്നു.
∙3.00: സലാമിന്റെ മൃതദേഹം ജെഎം റോഡിലെ വീട്ടിലെത്തിക്കുന്നു. ഇതേസമയം ഗഫൂറിന്റെ കബറടക്കം
∙3.45: സലാമിന്റെ കബറടക്കം.

പൊന്നാനി കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തിയത് ഏഴ് മണിക്കൂറിനു ശേഷമെന്ന് പരാതി
കപ്പൽ ബോട്ടിൽ ഇടിച്ച് അപകടം ഉണ്ടായി മണിക്കൂറുകൾ കഴിഞ്ഞിട്ടും പൊന്നാനിയിലെ കോസ്റ്റൽ പൊലീസ് അപകടസ്ഥലത്തേക്ക് എത്താൻ വൈകിയതായി പരാതി. പൊന്നാനി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഇസ്‍ലാഹ് ബോട്ട് പുറംകടലിൽ അപകടത്തിൽപെട്ട കാര്യം മത്സ്യത്തൊഴിലാളികൾ അറിയിച്ചിട്ടും യഥാസമയം  കോസ്റ്റൽ പൊലീസ് എത്തിയില്ലെന്നാണ് പരാതി. അപകടം നടന്ന് 7 മണിക്കൂറിന് ശേഷം മൃതദേഹം കരയിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് പൊന്നാനിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ അപകടം നടന്ന സ്ഥലത്തേക്ക് എത്തിയതെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. 

കപ്പൽ ജീവനക്കാരാണ് 4 പേരെ രക്ഷപ്പെടുത്തിയത്. പൊന്നാനിക്ക് പുറമേ ചാവക്കാട്ടുനിന്നുള്ള കോസ്റ്റൽ പൊലീസും അപകടം നടന്ന സ്ഥലത്തേക്ക് എത്തിയിരുന്നു. ചാവക്കാട് മുനക്കക്കടവ് കോസ്റ്റൽ പൊലീസാണ് പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തി ഇൻക്വസ്റ്റ് നടത്തിയത്. അതേ സമയം രാവിലെയാണ്  വിവരം കിട്ടിയതെന്നും അപ്പോൾത്തന്നെ അപകട സ്ഥലത്തേക്ക് പുറപ്പട്ടെന്നും കോസ്റ്റൽ പൊലീസ് അധികൃതർ വ്യക്തമാക്കി.

അബ്ദുൽ ഗഫൂർ മരിച്ചത് പ്രൊപ്പല്ലർതട്ടിയതുമൂലം
ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ പൊന്നാനി സ്വദേശിയായ അബ്ദുൽ ഗഫൂർ മരിച്ചത് പ്രൊപ്പല്ലർ തട്ടിയതു കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അതേസമയം സലാമിന്റേത് മുങ്ങിമരണമാണ്. 

അന്വേഷണം നടത്തും: മന്ത്രി 
പൊന്നാനി ∙ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ. കപ്പൽച്ചാലിൽ വച്ചാണോ മത്സ്യബന്ധനം നടത്തുന്ന മേഖലയിലാണോ അപകടം നടന്നതെന്ന് വ്യക്തമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല. 

English Summary:

Ponnani Boat Accident - Death of Ghafoor and Salam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com