ഉടൻ പൊളിച്ചുമാറ്റണം: നഗരസഭാധ്യക്ഷ കെ.എൽ.കവിത

Mail This Article
ചിറ്റൂർ ∙ പൊതുസ്വത്തുക്കൾ കൊള്ളയടിക്കാൻ ചില കൗൺസിലർമാർ തന്നെ കൂട്ടുനിൽക്കുന്നതായി ചിറ്റൂർ–തത്തമംഗലം നഗരസഭ കൗൺസിൽ യോഗത്തിൽ ആരോപണം. ചെന്താമര നഗറിലുള്ള നഗരസഭയുടെ ക്വാർട്ടേഴ്സ് സ്ഥിതിചെയ്യുന്ന ഒരേക്കറിലധികം സ്ഥലത്ത് ചിലയാളുകൾ നിർമാണ പ്രവൃത്തികൾ നടത്തുന്നതായി കൗൺസിലർ കെ.മധു ആരോപിച്ചു. തൂണുകൾ സ്ഥാപിച്ചു ഷീറ്റിടുകയും കക്കൂസ് കുഴി നിർമിക്കുകയും ചെയ്തിട്ടും നഗരസഭ അധികൃതർ അറിഞ്ഞില്ലെന്നു പറയുന്നത് ശരിയല്ലെന്നും മധു ആരോപിച്ചു. നഗരസഭയുടെ സ്ഥലം കയ്യേറി അനധികൃത നിർമാണം നടത്തിയിട്ടുണ്ടെങ്കിൽ ആയത് പൊളിച്ചു മാറ്റാനുള്ള നടപടി സ്വീകരിക്കാൻ യോഗത്തിൽ അധ്യക്ഷയായ നഗരസഭാധ്യക്ഷ കെ.എൽ.കവിത ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
ഈ വിഷയം ചൂണ്ടികാട്ടി നഗരസഭയ്ക്ക് പരാതി നൽകിയിരുന്നതായി വാർഡ് കൗൺസിലർ സി.മുഹമ്മദ് സലിം പറഞ്ഞു. മന്തക്കാട് കോമൺ ഫെസിലിറ്റി സർവീസ് സെന്ററിലെ മരം മുറിച്ചു കടത്തിയ വിഷയം കഴിഞ്ഞ കൗൺസിലിൽ ഉന്നയിച്ചിരുന്നു. എന്നാൽ മുറിച്ചു മാറ്റിയ മരത്തിനു പകരം മറ്റൊരു മരം സ്ഥലത്തു കൊണ്ടിട്ടു രക്ഷപ്പെടാൻ ശ്രമിച്ചത് അധികാരികൾ പരിശോധന നടത്താൻ വൈകിയതിനാലാണെന്നും കൗൺസിലർ ആർ.ബാബു ചൂണ്ടിക്കാട്ടി. മരംമുറി വിഷയവുമായി ബന്ധപ്പെട്ട് നടപടിയെടുക്കാൻ പൊലീസിനു പരാതി നൽകിയിട്ടുണ്ടെന്നും വിഷയത്തിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.
മദ്യവും ലഹരി ഉൽപന്നങ്ങളും വിൽപന നടത്തുന്നതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തവർക്കു വേണ്ടി കൗൺസിലർ ആർ.ബാബു ഇടപെടൽ നടത്തിയതായും പൊതു പ്രവർത്തകർ ഇത്തരം സംഭവങ്ങൾക്കു കൂട്ടുനിൽക്കുന്നത് ശരിയല്ലെന്നും കൗൺസിലർ കെ.ഷീജ ആരോപിച്ചു. അത്തരമൊരു ഇടപെടൽ തന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും ഉണ്ടെന്നു തെളിയിച്ചാൽ കൗൺസിലർ സ്ഥാനം ഒഴിയാൻ തയാറാണെന്നും ആർ.ബാബു മറുപടി നൽകി. കോട്ടക്കടവ് പൊതു ശ്മശാനം കാടുപിടിച്ചു കിടക്കുകയാണെന്നും മരണം സംഭവിച്ചാൽ ആംബുലൻസിൽ പോലും മൃതദേഹം കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നും പ്രതിപക്ഷ നേതാവ് ആർ.കിഷോർകുമാർ പറഞ്ഞു. മാസത്തിൽ ഒരു തവണയെങ്കിലും ഇത്തരം സ്ഥലങ്ങൾ വൃത്തിയാക്കാൻ നഗരസഭാധ്യക്ഷ നിർദേശം നൽകി.
യോഗത്തിൽ കൗൺസിലർമാർ എത്തുന്നതിനു മുൻപ് തന്നെ അതത് വകുപ്പുകളിലെ ഉദ്യോഗസ്ഥർ നിർബന്ധമായും എത്തിച്ചേരണം എന്ന് യോഗം നിർദേശം നൽകി. തത്തമംഗലം ബസ് സ്റ്റാൻഡിനോടു ചേർന്നു പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തുന്നവരെ അകത്തു കയറുന്നതിനു മുൻപ് ചെരുപ്പൂരാൻ നിർബന്ധിക്കുന്ന രീതി ശരിയല്ലെന്ന് കൗൺസിലർ ഡി.സദ്ദാം ഹുസൈൻ ആരോപിച്ചു. ഉപാധ്യക്ഷൻ എം.ശിവകുമാർ, എം.റാഫി, കെ.ബാബു ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.