സിംഹങ്ങളെ വിരട്ടിയോടിച്ച് കഴുതപ്പുലികൾ; ഭയന്ന് പിൻമാറി സിംഹങ്ങൾ, ജന്തുലോകത്തെ കുടിപ്പക
Mail This Article
കെനിയയിലെ അതിപ്രശസ്തമായ ദേശീയോദ്യാനവും വിനോദ സഞ്ചാരികളുടെ പറുദീസയുമാണ് മസായ് മാര. സിംഹങ്ങളും കഴുതപ്പുലികളും സീബ്രകളും ചീറ്റകളുമൊക്കെ ജീവിക്കുന്ന മനോഹരമായ ഭൂമിയാണ് ഇത്. ഇവിടെ നിന്നുള്ള ദൃശ്യങ്ങളുടെ വിഡിയോകൾ പങ്കുവയ്ക്കുന്ന ഒരു യൂട്യൂബ് ചാനലിൽ ദിവസങ്ങൾ മുൻപ് ഒരു വിഡിയോ വന്നിരുന്നു. ഇരതേടിക്കൊണ്ടിരുന്ന രണ്ട് പെൺസിംഹങ്ങളുടെ അടുത്തേക്ക് ഒരു കൂട്ടം കഴുതപ്പുലികൾ എത്തുന്നതായിരുന്നു ആ വിഡിയോ. കഴുതപ്പുലികളെ കണ്ട സിംഹങ്ങൾ വിരണ്ടു. അവ ശബ്ദമുയർത്താൻ തുടങ്ങിയതോടെ ചെറിയ ചെറുത്തുനിൽപിന് സിംഹങ്ങൾ ശ്രമിച്ചു. എന്നാൽ താമസിയാതെ അവ ഓടി രക്ഷപ്പെട്ടു.
മസായ്മാരയിൽ സിംഹങ്ങളേക്കാൾ കൂടുതൽ കഴുതപ്പുലികളാണ്. ആഫ്രിക്കയിൽ സിംഹങ്ങൾക്ക് ഏറ്റവും കൂടുതൽ തലവേദനയുണ്ടാക്കുന്ന ജീവികളും ഇവ തന്നെ. ജന്തുലോകത്തെ കുടിപ്പകയിൽ ഏറ്റവും പ്രശസ്തം ആഫ്രിക്കയിലെ സാവന്ന പുൽമേടുകളിൽ കഴുതപ്പുലികളും സിംഹങ്ങളും തമ്മിൽ നടക്കുന്ന തീരാത്ത യുദ്ധമാണ്. ഡിസ്‌നിയുടെ എക്കാലത്തെയും ക്ലാസിക് ചിത്രമായ ലയൺ കിങ്ങിലും ഈ പകയുടെ കഥ പ്രമേയമായി. ഇക്കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവമാണ് 1999ൽ സാവന്നയുടെ ഭാഗമായ ഇത്യോപ്യയിലെ ഗോബെലെ കാടുകളിൽ നടന്ന പോരാട്ടം.
ഇത്യോപ്യൻ തലസ്ഥാനം അഡിസ് അബാബയിൽ നിന്നു 220 കിലോമീറ്റർ അകലെ ഹരാർ പട്ടണത്തിനു സമീപമാണ് ഇതു നടന്നത്. സിംഹങ്ങളും കഴുതപ്പുലികളും തമ്മിൽ ഏറ്റുമുട്ടി. 6 സിംഹങ്ങളും 35 കഴുതപ്പുലികളും കൊല്ലപ്പെട്ടു. നഖങ്ങൾ കൊണ്ടു വലിച്ചുകീറിയും പല്ലുകൾ കൊണ്ടു കടിച്ചുഞെരിച്ചതുമായ രൂപത്തിലാണ് അവയുടെ ശവശരീരങ്ങൾ ഗോബെലെയിലെ പുല്ലുവിരിച്ച നിലത്ത് കിടന്നത്. ജന്തുലോകത്തിന്റെ കുടിപ്പകയുടെ ക്രൂരത കണ്ട് ലോകം ഞെട്ടിത്തരിച്ചു.
ഭക്ഷണം, സ്ഥലം ഈ കാര്യങ്ങളാണ് സിംഹങ്ങളും കഴുതപ്പുലികളെന്ന് അറിയപ്പെടുന്ന കഴുതപ്പുലികളും തമ്മിലുള്ള മാത്സര്യത്തിന്റെ അടിസ്ഥാനം. ഇവയുടെ ആവാസവ്യവസ്ഥയിൽ ഒട്ടേറെ മാനുകളുണ്ട്, വലിയ കാട്ടുപോത്തുകളും മറ്റു ജീവികളുമുണ്ട്. കഴുതപ്പുലികളുടെ ഇരകൾ സിംഹത്തിന്റെയും ഇരകളാണ്. ആര് അവയെ നേടുന്നുവെന്നത് പുൽമേടുകളിലെ അതിജീവനത്തിന്റെ ചോദ്യമാണ്. അവശിഷ്ടങ്ങൾ ഭക്ഷിക്കാനിഷ്ടപ്പെടുന്ന സ്‌കാവഞ്ചേഴ്‌സ് വിഭാഗത്തിലാണ് ഉൾപ്പെടുന്നതെങ്കിലും മികച്ച വേട്ടക്കാരാണു കഴുതപ്പുലികൾ. സിംഹത്തേക്കാൾ മുൻപിൽ നിൽക്കും ഇവരുടെ വേട്ടയ്ക്കുള്ള പാടവം.
കഴുതപ്പുലികളുടെ 74 ശതമാനവും വേട്ടയും ഫലപ്രാപ്തിയിലെത്തുമ്പോൾ സിംഹങ്ങളുടെ 30 ശതമാനം വേട്ടകളെ ഈ വിധത്തിൽ വിജയകരമാകാറുള്ളൂ. ഒറ്റയ്‌ക്കൊറ്റയ്ക്കു സിംഹവുമായി ഏറ്റുമുട്ടിയാൽ സിംഹത്തിനു കഴുതപ്പുലികളെ തോൽപിച്ച് കൊല്ലാൻ സാധിക്കും. എന്നാൽ കഴുതപ്പുലികൾ കൂട്ടമായാണ് മിക്കപ്പോഴും എത്തുന്നത്. സംഘടിതമായ കരുത്തിനു മുന്നിൽ പലപ്പോഴും സിംഹങ്ങൾ മുട്ടുമടക്കാറുണ്ട്. അതേപോലെ തന്നെ കഴുതപ്പുലികളുടെ അധിവാസ മേഖലകളിലേക്കു പ്രവേശിക്കുന്ന സിംഹങ്ങളെയും കഴുതപ്പുലികൾ വെറുതെ വിടാറില്ല.
ബ്രൗൺ, വരകളുള്ളത്, പുള്ളികളുള്ളത് എന്നീ വിഭാഗങ്ങളിൽ കഴുതപ്പുലി പൊതുവായി കാണപ്പെടുന്നു. ഇതിൽ പുള്ളികളുള്ളവയാണു സാവന്നയിൽ കൂടുതലായി കാണപ്പെടുന്നത്. നാലരയടിവരെ പൊക്കവും 80 കിലോ വരെ ഭാരവുമുള്ള ഈ ജീവിവർഗത്തിന്റെ തലയ്ക്ക് വലിയ വലുപ്പമാണ്. ശക്തമായ താടിയെല്ലുകൾ ഇവയുടെ കടിബലം കൂട്ടുന്നു. ഇരയാക്കപ്പെടുന്ന മൃഗങ്ങളുടെ എല്ലുകൾ പോലും ഇവ ബാക്കിവയ്ക്കാറില്ല. ശക്തമായ മുൻകാലുകൾ വേട്ടയ്ക്ക് ഇവയ്ക്ക് ഗുണകരമാകുന്നു. ജന്തുലോകത്തിൽ അപൂർവമായുള്ള സ്ത്രീകേന്ദ്രീകൃത നേതൃവ്യവസ്ഥ പിന്തുടരുന്ന ജീവിവർഗമാണു കഴുതപ്പുലികൾ.
കഴുതപ്പുലികളു ഒറ്റ ഗ്രൂപ്പിൽ ഏകദേശം 130 ജീവികളുണ്ടാകും. അൻപതോളം പെൺ കഴുതപ്പുലികളും അതിൽ കുറഞ്ഞയെണ്ണത്തിൽ ആൺ കഴുതപ്പുലികളും പിന്നെ അൻപതോളം കുട്ടികളും. പെൺ കഴുതപ്പുലികൾക്കാണ് അധികാരം. കൂട്ടത്തിൽ ഏറ്റവും പ്രബലയായ കഴുതപ്പുലി കൂട്ടത്തെ നയിക്കും. പിന്നീട് ഇതിന്റെ മകളായിരിക്കും റാണി. ഇങ്ങനെ പരമ്പര തുടരും. ഇതിനിടയ്ക്ക് ചില പെൺകഴുതപ്പുലികൾ കൂട്ടം വിട്ട് പുതിയ കൂട്ടമുണ്ടാക്കും. ആൺ കഴുതപ്പുലികൾ പൊതുവേ പൂർണവളർച്ചയെത്തുമ്പോൾ തങ്ങളുടെ കൂട്ടം വിട്ട് മറ്റേതെങ്കിലുമൊരു കൂട്ടത്തിൽ ചെന്നുകയറും.
English Summary: Hyenas attack lion