ബ്രിട്ടനിൽ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പരിചയപ്പെട്ട പെൺകുട്ടികളെ പീഡിപ്പിച്ചു; ഇന്ത്യൻ വംശജന് 9 വർഷം തടവ്

Mail This Article
ലണ്ടൻ ∙ ബ്രിട്ടനിൽ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പരിചയപ്പെട്ട കൗമാരക്കാരായ രണ്ട് പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇന്ത്യൻ വംശജന് 9 വർഷം തടവ്. ലണ്ടൻ ഹാരോ ക്രൗൺ കോടതിയാണ് ഇന്ത്യൻ വംശജനായ ഹിമാൻഷു മക്വാന (42) യ്ക്ക് ശിക്ഷ വിധിച്ചത്. പതിനെട്ടും പതിനാറും വയസ്സുള്ള 2 പെൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്.
രാജ്യത്തെ ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ പ്രതിയുടെ പേര് ആജീവനാന്തം ചേർക്കാനും കോടതി ഉത്തരവിട്ടു. കൗമാരക്കാരായ രണ്ട് പെൺകുട്ടികളെ ആണ് നാല് വർഷത്തെ ഇടവേളകളിൽ സമാനമായ രീതിയിൽ ഹിമാൻഷു മക്വാന പീഡിപ്പിച്ചത്. ഓൺലൈൻ വഴി കൗമാരക്കാരായ പെൺകുട്ടികളെ ഹിമാൻഷു മക്വാന വശത്താക്കിയതായി കണ്ടെത്തിയ സ്പെഷൽ ഡിറ്റക്ടീവുകളാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് മെറ്റ് പൊലീസ് പറഞ്ഞു.
2019 ൽ 18 കാരിയായ തന്റെ ആദ്യ ഇരയുമായി സ്നാപ് ചാറ്റ് അക്കൗണ്ട് വഴിയാണ് പ്രതി ആശയവിനിമയം നടത്തിയത്. കുറച്ച് മാസങ്ങളിലെ ഓൺലൈൻ ചാറ്റിങ്ങിന് ശേഷം നേരിൽ കാണാൻ ആവശ്യപ്പെടുകയും ഒഴിഞ്ഞ ഓഫിസ് ബ്ലോക്കിൽ കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.
കുറ്റകൃത്യം നടന്ന സമയത്ത് പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും സംശയിക്കപ്പെടുന്ന ആരെയും തിരിച്ചറിഞ്ഞില്ല. 2023 ഏപ്രിലിൽ വീണ്ടും സ്നാപ് ചാറ്റിൽ 16 വയസ്സുകാരിയായ മറ്റൊരു പെൺകുട്ടിയോട് ചാറ്റിങ് തുടങ്ങി. 19 വയസ്സുള്ള ആളായി വേഷമിട്ടായിരുന്നു രണ്ടാമത്തെ ഇരയെ ഇയാൾ വശത്താക്കിയത്. അധിക നാൾ കഴിയും മുൻപേ പെൺകുട്ടിയുടെ സ്കൂളിനടുത്തുള്ള തെരുവിൽ കാർ പാർക്ക് ചെയ്തു കാത്തിരുന്ന ശേഷം ഒഴിഞ്ഞ മാളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പീഢനം പെൺകുട്ടി റിപ്പോർട്ട് ചെയ്തതിന്റെ ഒരു ദിവസത്തിന് ശേഷം 2023 നവംബർ 27 നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് 2019 ലും തുടർന്ന് 2023 ലും പീഡനം നടത്തിയത് ഒരേ ആൾ ആണെന്ന് തിരിച്ചറിഞ്ഞത്. അതേസമയം പ്രതിക്ക് എതിരെയുള്ള ശിക്ഷ കുറഞ്ഞുപോയതായി ഇരകളായ പെൺകുട്ടികളുടെ രക്ഷിതാക്കൾ പ്രതികരിച്ചു.