മകനെത്തുന്നതും കാത്ത് ഉമ്മ: റഹീമിന്റെ മോചന ഉത്തരവ് മാറ്റിവച്ചത് എട്ട് പ്രാവശ്യം; ദിയാധനം നൽകിയിട്ടും എന്തുകൊണ്ട് കാലതാമസം? അറിയാം, വിശദമായി

Mail This Article
റിയാദ് ∙ റിയാദ് ജയിലിൽ കഴിയുന്ന അബ്ദു റഹീമിന്റെ മോചന നടപടികൾക്കുള്ള കാത്തിരിപ്പ് 8 മാസം പിന്നിട്ടു. ഈ മാസം 18ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെ നടപടികൾ വേഗത്തിലാക്കാൻ നാട്ടിലെയും റിയാദിലെയും അബ്ദുൽറഹീം നിയമസഹായ സമിതി സജീവ ശ്രമത്തിലാണ്.
വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ സഹായം തേടുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സുപ്രീംകോടതി അഭിഭാഷകൻ കൂടിയായ അഡ്വ.ഹാരിസ് ബീരാൻ എം.പിയുമായി നാട്ടിലെ അബ്ദുൽ റഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികൾ കൂടിക്കാഴ്ച നടത്തിയിരുന്നു.
നേരത്തെ പ്രധാനമന്ത്രി, വിദേശ കാര്യ മന്ത്രി, എംപിമാർ എന്നിവർക്കയച്ച നിവേദനത്തിന്റെ പകർപ്പ് ഉൾപ്പെടെയുള്ളവ അദ്ദേഹത്തിന് കൈമാറി. കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ ആവശ്യപ്പെട്ടാണ് അപേക്ഷ. ഇക്കാര്യത്തിൽ കേരളത്തിൽ നിന്നുള്ള മറ്റു എം.പിമാരെയും ഗൗരവം ബോധ്യപ്പെടുത്തി അവരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രിയെയും വിദേശകാര്യമന്ത്രിയെയും കാണാൻ ശ്രമിക്കുമെന്ന് അഡ്വ. ഹാരിസ് ബീരാൻ ഉറപ്പ് നൽകി.
കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിയായ അബ്ദുൽ റഹീമിനെ നീണ്ടകാലമായി കാത്തിരിക്കുന്ന ഉമ്മ ഫാത്തിമയുടെ അടുത്തെത്തിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് നാട്ടിലെയും റിയാദിലെയും നിയമസഹായ സമിതി. പുണ്യമാസത്തിൽ ഉമ്മയുടെ കണ്ണീരിൽ കുതിർന്ന പ്രാർഥന ഫലം കാണുമെന്ന പ്രതീക്ഷയിലാണ് സമിതി അംഗങ്ങളും. മാർച്ച് 18ന് മോചന ഉത്തരവ് ഉണ്ടായേക്കുമെന്ന പ്രതീക്ഷയും ഇവരിലുണ്ട്. കോടതി ഉത്തരവിറങ്ങിയാൽ ജയിൽ നടപടികൾ വൈകാതെ പൂർത്തിയാക്കി റഹീമിന് നാടെത്താം.
∙എന്തുകൊണ്ട് കാലതാമസം?
2024 ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവിന് പിന്നാലെ മുതൽ റഹീമിന്റെ മോചനം കാത്തിരിപ്പാണ് നാടും വീടും. കഴിഞ്ഞ 8 തവണയും അന്തിമ വിധി പറയുന്നത് കോടതി മാറ്റിവയ്ക്കുകയായിരുന്നു.
സൗദി കുടുംബം ആവശ്യപ്പെട്ട ദിയാധനം (ബ്ലഡ് മണി) കോടതി സ്വീകരിക്കുകയും നിയമപ്രകാരം കുടുംബാംഗങ്ങൾക്ക് വീതിച്ചു നൽകുകയും ചെയ്ത ശേഷമാണ് വധശിക്ഷ റദ്ദാക്കിയത്. എന്നിട്ടും റഹീമിന്റെ വിധി പറയുന്നത് കോടതി തുടർച്ചയായി മാറ്റിവയ്ക്കുന്നതും മോചനം വൈകുന്നതും എന്തുകൊണ്ടാണെന്ന ആശങ്കയിലാണ് കേരളം. എന്നാൽ മോചനം വൈകുന്നത് പ്രോസിക്യൂഷന്റെ വാദങ്ങൾ അബ്ദുറഹീമും അഭിഭാഷകരും കോടതിയിൽ നിഷേധിച്ചതിനെ തുടർന്നാണെന്നാണ് വിവരം.
∙ഇനിയുള്ള നടപടിക്രമങ്ങൾ?
റഹീമിന്റെ കേസിൽ രണ്ടു തരം നടപടിക്രമങ്ങളും പൂർത്തിയായാൽ മാത്രമേ മോചനം സാധ്യമാകു–സ്വകാര്യ അവകാശവും പൊതു അവകാശവും (Public Rights). കൊല്ലപ്പെട്ട സൗദി പൗരന്റെ കുടുംബം മാപ്പു നൽകുന്നതും ദിയാധനം സ്വീകരിക്കുന്നതും പൂർണ്ണമായും സ്വകാര്യ അവകാശങ്ങളിൽപ്പെട്ടതായിരുന്നു. സ്വകാര്യ അവകാശം സംബന്ധിച്ച നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു.
ദിയാധനം കുടുംബത്തിന് കൈമാറിയ നടപടികളുമായി ബന്ധപ്പെട്ട് കോടതി നൽകിയ രേഖകൾ ഉൾപ്പടെ മുഴുവൻ ഔദ്യോഗിക രേഖകളും ഇന്ത്യൻ എംബസിയുടെയും അഭിഭാഷകരുടെയും അബ്ദുൽ റഹീമിന്റെയും കൈവശമുണ്ടെന്ന് നിയമസഹായ സമിതി വ്യക്തമാക്കി. ദിയാധനം കൈമാറ്റ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് സൗദിയുടെ പൊതു അവകാശങ്ങളുടെ ഭാഗമായുള്ള നടപടികളിലേക്ക് കോടതി പ്രവേശിച്ചത്.
കേസ് വീണ്ടും പരിഗണനയിൽ എടുത്തതോടെ പ്രോസിക്യൂഷന്റെ അന്തിമവാദങ്ങൾ കോടതിയിൽ സമർപ്പിച്ചു. എന്നാൽ മനപൂർവമുള്ള കൊലപാതകമായിരുന്നില്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും അബ്ദുൽ റഹീമിന്റെ അഭിഭാഷകർ വീണ്ടും കോടതിയിൽ വാദിക്കുകയായിരുന്നു. ഈ വാദങ്ങൾ കേട്ട റിയാദിലെ ക്രിമിനൽ കോടതി ഡിവിഷൻ ബെഞ്ച് കേസ് പഠിച്ച ശേഷം വിധി പറയാൻ മാറ്റിവെച്ചു. ഇതെല്ലാം പബ്ലിക് റൈറ്റിൽ ഉൾപ്പെട്ട നടപടിക്രമങ്ങളാണ്.
പബ്ലിക് റൈറ്റിലെ അവശേഷിക്കുന്ന നടപടിക്രമങ്ങൾ കോടതിയുടെ തീരുമാനം വരുന്നതോടെ പൂർത്തിയാകുകയുള്ളൂ. തങ്ങളുടെ കണ്ടെത്തലുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചതിനെ തുടർന്നുള്ള വാദങ്ങൾ പൂർത്തിയായെങ്കിലും കോടതിയുടെ വിധിക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്.
∙ മറികടന്നത് വലിയ കടമ്പകൾ
സൗദി സ്പോൺസറിന്റെ 16കാരനായ മകൻ അനസ് ഷഹരിയെ കൊലപ്പെടുത്തിയ കേസിൽ 2006 ഡിസംബറിലാണ് അബ്ദുൽ റഹീം ജയിലിലായത്. സുപ്രീം കോടതിയും 3 അപ്പീൽ കോടതികളും വധശിക്ഷ ശരിവയ്ക്കുകയും ചെയ്തു. റഹീമിനെ കോടതി വധശിക്ഷക്ക് വിധിച്ച നാൾ മുതൽ സൗദി കുടുംബത്തിന്റെ മാപ്പ് തേടാനുള്ള തീവ്ര പരിശ്രമത്തിലായിരുന്നു ഇന്ത്യൻ എംബസിയും റിയാദ് നിയമസഹായ സമിതിയും.
നീണ്ട വർഷത്തെ പരിശ്രമത്തിനൊടുവിൽ കഴിഞ്ഞ വർഷമാണ് 15 മില്യൻ സൗദി റിയാൽ ദിയാധനമായി നൽകിയാൽ മാപ്പ് നൽകാമെന്ന് സൗദി കുടുംബം അവരുടെ അഭിഭാഷകർ മുഖേന സമ്മതിച്ചത്. ദിയാധനം നൽകിയതോടെ കഴിഞ്ഞ ജൂലൈ രണ്ടിന് കോടതി വധശിക്ഷ റദ്ദാക്കി . അതോടെ കുടുംബത്തിന്റെ മാപ്പ്, ദിയാധനം, വധശിക്ഷയിൽ നിന്നുള്ള ഒഴിവാക്കൽ തുടങ്ങി നിയമത്തിലെ വലിയ കടമ്പകളെല്ലാം മറികടക്കാൻ റിയാദിലെ ഇന്ത്യൻ എംബസിക്കും നിയമസഹായ സമിതിക്കും കഴിഞ്ഞത് കേസിന്റെ നിർണായക വഴിത്തിരിവായി.
അബ്ദുൽ റഹീമിനെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുക എന്നത് തന്നെയായിരുന്നു റിയാദിലെ എഴുപതോളം മലയാളി സാംസ്കാരിക സംഘടനകളുടെ മേൽനോട്ടത്തിൽ രൂപീകരിച്ച നിയമ സഹായ സമിതിയുടെ ലക്ഷ്യം. അത്യപൂർവമായ ആ ലക്ഷ്യം സാക്ഷാൽക്കരിച്ചെങ്കിലും ജയിൽ മോചിതനാകുന്നതു വരെ നിയമനടപടികളുമായി മുന്നോട്ട് തന്നെയാണ് സമിതി. ഇതിനിടെ 18 വർഷത്തിന് ശേഷം അബ്ദുൽ റഹീമിനെ റിയാദിലെ ജയിലിലെത്തി ഉമ്മയ്ക്കും കുടുംബാംഗങ്ങൾക്കും നേരിട്ടു കാണാനുള്ള അവസരവുമൊരുക്കി.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെ സാമൂഹിക മാധ്യമങ്ങളിൽ കുപ്രചാരണങ്ങളുമായി ചിലർ രംഗത്തെത്തിയത് സർവകക്ഷികളുടെ നേതൃത്വത്തിലുള്ള നിയമ സഹായ സമിതിക്ക് വെല്ലുവിളിയായിരുന്നു. എന്നാൽ സാമ്പത്തിക ഇടപാടുകൾ പൂർണ്ണമായും നിയമവിധേയമായ മാർഗത്തിൽ പൂർത്തിയാക്കിയതിനാൽ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് തെളിയുകയായിരുന്നു.
സൗദി കുടുംബത്തിന്റെ അഭിഭാഷകരുടെ ശക്തമായ ഇടപെടൽ മൂലമാണ് മാപ്പ് നൽകില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന അനസ് ഷഹരിയുടെ മാതാവിന്റെയും കുടുംബാംഗങ്ങളുടെയും തീരുമാനത്തിൽ മാറ്റം വരുത്താനും ദിയ നൽകിയാൽ മാപ്പ് നൽകാമെന്ന തീരുമാനത്തിലെത്താനും സഹയിച്ചത്. എംബസിയുടെ അറിവോടെ അബ്ദുൽ റഹീം നിയമ സഹായ സമിതി അഭിഭാഷകർക്കായി പ്രത്യേക ഫീസ് നൽകുകയും ചെയ്തിരുന്നു.
∙കേരളം സ്വരൂപിച്ചത് 15 മില്യൻ സൗദി റിയാൽ
15 മില്യൻ സൗദി റിയാൽ (മുപ്പത്തി നാലര കോടിയിലധികം രൂപ) ദിയാധനമായി നൽകിയാൽ മാപ്പു നൽകാമെന്ന് സൗദി കുടുംബം അഭിഭാഷകർ മുഖേന സമ്മതിച്ചതോടെ നിയമസഹായ സമിതിയുടെ പ്രവർത്തനങ്ങൾക്ക് വേഗം കൂടി. പണം സ്വരൂപിക്കാൻ കോഴിക്കോട് ഫറോക്ക് ആസ്ഥാനമാക്കി ട്രസ്റ്റ് രൂപീകരിച്ചു. ഫണ്ട് സമാഹരിക്കാനായി മൊബൈൽ ആപ്പും വികസിപ്പിച്ചു.
18 വർഷമായി ജയിലിൽ കഴിയുന്ന മകനെ നാടെത്തിക്കാനുള്ള ഉമ്മയുടെ കണ്ണീരണിഞ്ഞ അപേക്ഷയും നാട്ടിലെയും റിയാദിലെയും നിയമ സഹായ സമിതിയുടെ ആസൂത്രിതമായ നീക്കങ്ങളും ഏറ്റെടുത്ത കേരളം 47 കോടിയോളം രൂപ അബ്ദുൽ റഹീം ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് നൽകി ഈ മഹാ ദൗത്യത്തിന്റെ വിജയത്തിന് ഒപ്പം നിന്നു.
∙ ദിയാധനം കൈമാറ്റ നടപടികൾ
ദിയാധനത്തിനും അഭിഭാഷകർക്കും നൽകുന്നതിന് ആവശ്യമായ തുകക്ക് തുല്യമായ ഇന്ത്യൻ കറൻസി വിദേശ കാര്യമന്ത്രാലത്തിന്റെ അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. തുടർന്ന് മന്ത്രാലയം ഈ തുക റിയാദിലെ ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിലെത്തിക്കുകയും ഇന്ത്യൻ എംബസി 15 മില്യൻ റിയാലിന് തുല്യമായ ചെക്ക് റിയാദ് ഗവർണറേറ്റിന് കൈമാറുകയും ചെയ്തു . പിന്നീട് ഗവർണറേറ്റ് ചെക്ക് റിയാദ് ക്രിമിനൽ കോടതിക്ക് കൈമാറി. സൗദി പൗരന്റെ കുടുംബാംഗങ്ങൾ കോടതിയിൽ നിന്ന് പണം സ്വീകരിക്കുകയും അബ്ദുറഹീമിന്റെ വധശിക്ഷയിൽ ഇളവ് നൽകാനുള്ള അനുമതിപത്രത്തിൽ ഗവർണറേറ്റിലെത്തി ഒപ്പുവയ്ക്കുകയും ചെയ്തതോടെയാണ് ദിയാധനം സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായത്.
∙ജയിൽ വാസത്തിന് പിന്നിൽ
സൗദി സ്പോൺസറിന്റെ കുടുംബത്തിൽ ഡ്രൈവർ ആയി ജോലിക്കെത്തിയ അബ്ദുൽ റഹീം ജോലിയിൽ പ്രവേശിച്ച് ഒരു മാസം തികയുന്നതിന് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നതും ജയിലിലായതും. 2006 ഡിസംബറിലാണ് സംഭവം. സ്പോൺസറുടെ മകനായ 16 വയസ്സുകാരൻ അനസ് അൽ ഷഹരി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ശരീരം തളർന്ന നിലയിലാകുകയും പ്രത്യേക പരിചരണം ആവശ്യമാവുകയും ചെയ്ത സാഹചര്യത്തിൽ ഈ യുവാവിന്റെ സംരക്ഷണം കൂടി റഹീമിന്റെ ഉത്തരവാദിത്തമായിരുന്നു.
കൈകാലുകൾക്ക് ചലനശേഷിയില്ലാത്ത അനസ് കഴുത്തിൽ ഘടിപ്പിച്ചിരുന്ന ഉപകരണത്തിലൂടെയാണ് ആഹാരവും വെള്ളവും കഴിച്ചിരുന്നത്. അനസുമായി വാഹനത്തിൽ പുറത്തേക്ക് പോയ റഹീമിനോട് ഇടയ്ക്ക് റോഡിലെ റെഡ് സിഗ്നൽ മറികടക്കണമെന്ന് അനസ് വാശി പിടിക്കുകയും ഒടുവിൽ വലിയ വഴക്കുമായി. റെഡ് സിഗ്നൽ മറികടക്കുന്നത് കുറ്റകരമാണെന്ന് റഹീം അനസിനെ മനസ്സിലാക്കാൻ പലതവണ ശ്രമിച്ചെങ്കിലും ദേഷ്യം മൂത്ത അനസ് റഹീമിന്റെ മുഖത്തേക്ക് തുപ്പുകയായിരുന്നു. തടയാൻ ശ്രമിക്കവേ റഹീമിന്റെ കൈ അബദ്ധവശാൽ അനസിന്റെ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
വാഹനത്തിലുണ്ടായ സംഭവം ഉടൻ റിയാദിലുണ്ടായിരുന്ന അമ്മാവന്റെ മകൻ നസീറിനെ അറിയിക്കുകയും സ്ഥലത്തെത്തിയ നസീറും റഹീമും കൂടി കവർച്ചക്കാരുടെ അക്രമത്തിലാണ് അനസിന് അപകടം നേരിട്ടത് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണത്തിലൂടെ യാഥാർഥ്യം കണ്ടെത്തി. തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നതിന്റെ പേരിൽ നസീറിനും പത്ത് വർഷത്തോളം അബ്ദുൽ റഹീമിനോടൊപ്പം ജയിലിൽ കഴിയേണ്ടി വന്നു.