'മനുഷ്യരാണ് ചങ്ങായീ': വിമാനത്തിൽ എസി തകരാർ, ഭക്ഷണമില്ലാതെ എട്ട് മണിക്കൂർ; ആദ്യ വിമാനയാത്രയിൽ 'ട്വിസ്റ്റ് ', വിഡിയോ വൈറൽ

Mail This Article
കോഴിക്കോട് ∙ യാത്രകളെ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ? ഓരോ യാത്രയും ഓരോ അനുഭവമാണ് - കേട്ട് തഴമ്പിച്ച വാക്കുകളാണെങ്കിലും സംഭവം സത്യമാണ്. ഒരു മലയാളി യുവാവിന്റെ ആദ്യ വിമാന യാത്രയാണ് ഇന്ന് സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നത്. ഓരോ വിമാനയാത്രകളിലും ഓരോ കഥകൾ പിറക്കും. അതെ, ഈ യുവാവിനായി വിമാനയാത്ര കരുതിവച്ചത് മനുഷ്യത്വത്തിന്റെ കഥയായിരുന്നു.
ഏകദേശം രണ്ട് വർഷം മുൻപ് നടത്തിയ ഒരു യാത്ര. കൃത്യമായി പറഞ്ഞാൽ 2023 ഒക്ടോബർ 14. മലപ്പുറം സ്വദേശിയായ മുസമിൽ പി.പി. എന്ന യുവാവിന്റെ ജീവിതത്തിലെ ആദ്യ വിമാന യാത്ര. മറ്റ് പലരെയും പോലെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വിമാന യാത്രയെന്ന സ്വപ്നം പൂവണിഞ്ഞത്. സുഹൃത്തിനൊപ്പം കോഴിക്കോട് നിന്നും ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിലായിരുന്നു യാത്ര. രാത്രി 8:30 ന്റെ ഫ്ലൈറ്റ്. നാല് മണിക്കൂർ കഴിഞ്ഞാൽ ദുബായിലെത്താം.
ആദ്യ വിമാന യാത്രയുടെ ആവേശവും അതിലേറെ കൗതുകവും മനസ്സിൽ പേറിയാണ് വിമാനത്തിനുള്ളിൽ കയറിയത്. പക്ഷേ ഏറെ നേരം കഴിഞ്ഞിട്ടും വിമാനം പറന്നുയർന്നില്ല. യാത്രക്കാരെല്ലാം അക്ഷമരാകാൻ തുടങ്ങി. കാര്യം തിരക്കിയപ്പോൾ വിമാനത്തിനുള്ളിലെ എസിയുടെ തകരാറാണ് വിമാനം പറക്കാൻ വൈകുന്നതിന്റെ പ്രധാന കാരണമെന്ന് മനസ്സിലായി. യാത്രക്കാരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. ചൂട് അസഹനീയമായപ്പോൾ കുഞ്ഞുങ്ങളിട്ടിരുന്ന വസ്ത്രം മാതാപിതാക്കൾ ഊരിമാറ്റി. ചൂട് മാത്രമല്ല, വിശപ്പും ദാഹവും യാത്രക്കാരെ തളർത്തി.
എകദേശം എട്ട് മണിക്കൂറോളമാണ് വെള്ളമോ ഭക്ഷണമോ ഇല്ലാതെ യാത്രക്കാർ വിമാനത്തിനുള്ളിൽ കുടുങ്ങി പോയത്. ആ നിമിഷമാണ് കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും കരങ്ങൾ ഉയർന്നു വന്നത്. യാത്രക്കാരിൽ പ്രവാസികളായ ചിലർ തങ്ങളുടെ പക്കലുണ്ടായിരുന്ന പലഹാരങ്ങൾ മറ്റ് യാത്രക്കാരുമായി പങ്കുവയ്ക്കാൻ തുടങ്ങി. പ്രവാസ ജീവിതത്തിൽ ഒരു പരിധിവരെ ആശ്വാസമാകുന്ന, പ്രിയപ്പെട്ടവർ അവർക്കായി തയാറാക്കിയ പലഹാരങ്ങളാണ് അന്ന് വിമാനത്തിലെ യാത്രക്കാർക്കായി ഇവർ പങ്കുവച്ചത്.
ഇരുകയ്യും നീട്ടി സ്വീകരിച്ച ആ പലഹാരങ്ങൾ തന്നത് ആരാണെന്ന് ഇന്നും അറിയില്ല. വിശപ്പിനിടയിൽ ഒരു നന്ദി വാക്കു പോലും പറയാൻ കഴിയാത്തതിന്റെ സങ്കടം ഉണ്ടെന്ന് മുസമിൽ മനോരമ ഓൺലൈനിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം മുസമിൽ തന്റെ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ ഏഴ് മില്യൻ ആളുകളാണ് ഒറ്റ ദിവസത്തിനുള്ളിൽ കണ്ടത്. ഏറെ പോസിറ്റിവ് കമന്റുകളും വിഡിയോയ്ക്ക് ലഭിച്ചു.
വിമാനത്തിന്റെ തകരാറിൽ യാത്രക്കാരിൽ ചിലർ പ്രകോപിതരായെന്നും മുസമിൽ പറഞ്ഞു. അക്ഷമനായ ഒരു യാത്രക്കാരൻ കാബിൻ ക്രൂവിനെ ചോദ്യം ചെയ്തിരുന്നു. ഇയാളെ വിമാനത്തിൽ നിന്നും പുറത്താക്കിയതിന് ശേഷമാകും വിമാനം പറന്നുയരുകയെന്ന് കാബിൻ ക്രൂ മുന്നറിയിപ്പ് നൽകി. എന്നാൽ പുറത്താക്കൽ നടപടിയോട് മറ്റ് യാത്രക്കാർ അതൃപ്തി പ്രകടിപ്പിച്ചു. തങ്ങളിൽ ഒരാളാണ് യാത്രക്കാരനെന്നും ഞങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിച്ചതെന്നും മറ്റ് യാത്രക്കാർ പറഞ്ഞതായി മുസമിൽ പറയുന്നു.

പിന്നീട് തകരാർ പരിഹരിച്ചു. പക്ഷേ ജീവനക്കാരനു നേരെ പ്രകോപിതനായ യാത്രക്കാരനെ പുറത്താക്കിയതിന് ശേഷമാണ് വിമാനം പറന്നുയർന്നതെന്നും മുസമിൽ പറയുന്നു. വിശന്ന് അവശരായ യാത്രക്കാർക്ക് ഒരു പായ്ക്കറ്റ് ജ്യൂസും ഒരു കപ്പ് കേക്കും മാത്രമായിരുന്നു കാബിൻ ക്രൂ പിന്നീട് നൽകിയത്. 12:30 ഓടെ എത്തേണ്ടിയിരുന്ന വിമാനം എത്തിയത് മൂന്ന് മണി കഴിഞ്ഞായിരുന്നു.
എയർ ഇന്ത്യ വിമാനത്തിലെ സാങ്കേതിക തകരാർ അന്ന് വലിയ വാർത്തയായിരുന്നു. പക്ഷേ അതിന്റെ ഇത്തരത്തിലുള്ള വശം പുറത്തു കൊണ്ടുവന്നത് മുസമിലാണ്. രണ്ട് വർഷം മുൻപ് നടന്ന സംഭവം എന്തുകൊണ്ടാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചതെന്ന ചോദ്യത്തിന് യുവാവിന് പറയാൻ ഒന്നിൽ കൂടുതൽ ഉത്തരങ്ങളുണ്ട്. ഇന്ന് കാണുന്നതെല്ലാം മനുഷ്യത്വം വറ്റിയ വാർത്തകളാണ്, അതിൽ നിന്നും ഒരു മാറ്റം ആഗ്രഹിച്ചാണ് താൻ ഇത് പങ്കുവച്ചതെന്ന് മുസമിൽ പറയുന്നു.
ഈ യാത്ര ഒരു തിരിച്ചറിവായിരുന്നു എന്ന് മുസമിൽ പറയുന്നു. പണത്തേക്കാളും വലുതായി വേറെ എന്തൊക്കെയോ ഉണ്ടെന്ന തിരിച്ചറിവ് നേടിയ നിമിഷം. മുസമിലിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമകളിൽ ഒന്നായി ഈ വിമാന യാത്ര എന്നും നിലനിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല.