വിമാനത്തിനുള്ളിൽ ഫ്ലൈറ്റ് അറ്റൻഡന്റിന്റെ നൃത്തം: വിഡിയോ വൈറൽ, പിന്നാലെ ജോലി പോയി; എയർലൈൻസിനെതിരെ യുവതി

Mail This Article
അലാസ്ക ∙ അലാസ്ക എയർലൈൻസിനെതിരെ വിമർശനവുമായി മുൻ ജീവനക്കാരി. യൂണിഫോമിൽ ടിക് ടോക്ക് വിഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് അലാസ്ക എയർലൈൻസിലെ ഫ്ലൈറ്റ് അറ്റൻഡന്റായ നെല്ലെ ഡയലയ്ക്ക് തന്റെ ജോലി നഷ്ടപ്പെട്ടു.
കമ്പനിയുടെ സോഷ്യൽ മീഡിയ മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് എയർലൈൻ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ജനുവരിയിലാണ് ഡയലയ്ക്ക് തന്റെ ജോലി നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എയർലൈൻസിനെതിരെയുള്ള അതൃപ്തി ഡയല വ്യക്തമാക്കിയത്. ഒരോ പ്രാവശ്യവും ഏറെ അഭിമാനത്തോടെയാണ് താൻ ജോലിക്കായി വിമാനത്തിനുള്ളിൽ കയറിയതെന്നും ഒരു വിഡിയോയുടെ പേരിൽ തന്നെ പിരിച്ചുവിട്ടത് അന്യായമാണെന്നും യുവതി പ്രതികരിച്ചു.
ഒരു ലേ ഓവറിനിടെയാണ് വിമാനത്തിനുള്ളിൽ നൃത്തം ചെയ്യുന്നതിന്റെ വിഡിയോ ചിത്രീകരിച്ചത്. ആ സമയത്ത് വിമാനത്തിനുള്ളിൽ മറ്റ് യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ല. പൈലറ്റുമാർക്കായി ഏകദേശം രണ്ട് മണിക്കൂർ കാത്തിരിക്കുന്നതിനിടെ രാവിലെ 6 മണിക്കാണ് ഡയല നൃത്തം ചെയ്ത വിഡിയോ പങ്കുവച്ചത്. ഒറ്റരാത്രികൊണ്ടാണ് വിഡിയോ വൈറലായത്. പക്ഷേ പിന്തുണയ്ക്ക് പകരം തന്റെ സ്വപ്ന ജോലിയാണ് നഷ്ടപ്പെട്ടതെന്ന് ഡയല പറഞ്ഞു. വിഡിയോയിൽ എവിടെയും തന്റെ തൊഴിലുടമയുടെ പേര് പരാമർശിച്ചിട്ടില്ലെന്നും യുവതി കൂട്ടിച്ചേർത്തു.

'പ്രൊബേഷൻ കാലയളവ് പൂർത്തിയാക്കിയതിലുള്ള സന്തോഷവും അഭിമാനവും കൊണ്ടാണ് ഞാൻ വിഡിയോ പോസ്റ്റ് ചെയ്തത്. എന്റെ വിഡിയോയും എന്റെ പോസ്റ്റും ഞാൻ നൃത്തം ചെയ്യുന്ന രീതിയും അനുചിതമായി കണക്കാക്കുമെന്ന് ഞാൻ കരുതിയില്ല', ഡയല പറഞ്ഞു. ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഡയല സാമ്പത്തിക സഹായം ലഭിക്കുന്നതിനായി ഒരു ഗോ ഫണ്ട് മീ പേജ് ആരംഭിച്ചിരുന്നു. 3,312 ഡോളറാണ് ഇതുവഴി സമാഹരിച്ചത്.