കൊലപാതകിക്ക് നേരെ വെടിയുതിർത്ത് ‘ഫയറിങ് സ്ക്വാഡ്’; 15 വർഷത്തിനിടെ ആദ്യം, ബ്രാഡിന്റെ വധശിക്ഷ നടപ്പാക്കി

Mail This Article
സൗത്ത് കാരോലൈന ∙ സൗത്ത് കാരോലൈനയിൽ മുൻ കാമുകിയുടെ മാതാപിതാക്കളെ തല്ലിക്കൊന്ന കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ബ്രാഡ് സിഗ്മണിന്റെ (67) ശിക്ഷ നടപ്പാക്കിയത് വെടിയുതിർത്താണ്. 15 വർഷത്തിനിടെ വധശിക്ഷ നടപ്പാക്കുന്നതിനായി ഫയറിങ് സ്ക്വാഡിനെ ഉപയോഗിക്കുന്ന ആദ്യ യുഎസ് തടവുകാരനായി ബ്രാഡ് മാറി.
പ്രാദേശിക സമയം വൈകിട്ട് ആറിനാണ് ശിക്ഷ നടപ്പാക്കാനുള്ള അന്തിമ പ്രക്രിയ ആരംഭിച്ചത്. മൂന്ന് സംസ്ഥാന കറക്ഷൻസ് ഡിപ്പാർട്ട്മെന്റ് വെളാന്റിയർമാർ പ്രത്യേകമായി രൂപകൽപന ചെയ്ത ബുള്ളറ്റുകൾ ഉപയോഗിച്ച് ബ്രാഡ് സിഗ്മണിന്റെ നെഞ്ചിലേക്ക് വെടിയുതിർത്തു. 2001ൽ ഡേവിഡ്, ഗ്ലാഡിസ് ലാർക്കെ എന്നിവരെ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് വധശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കുന്നതിനുള്ള മറ്റ് രണ്ട് സംസ്ഥാന അംഗീകൃത രീതികളായ വൈദ്യുത കസേരയും വിഷ കുത്തിവയ്പ്പും ഒഴിവാക്കി വെടിവയ്പിലൂടെയുള്ള വധശിക്ഷ പ്രതി ആവശ്യപ്പെടുകയായിരുന്നു.
6.08 ഓടെ പ്രതി മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. ലാർക്കെ കുടുംബത്തിലെ മൂന്ന് അംഗങ്ങൾ സിഗ്മണിന്റെ ആത്മീയ ഉപദേഷ്ടാവിനോടൊപ്പം ശിക്ഷ നടപ്പാക്കുന്നതിന് സാക്ഷികളായി. ശിക്ഷ നടപ്പാക്കുന്നതിന് മുൻപ് പ്രതിയുടെ തലയിൽ ഒരു മൂടുപടം വെച്ചു. 6.01ന് മൂന്ന് വെളാന്റിയർമാരെ മറച്ചിരുന്ന തിരശ്ശീല തുറന്നു. 6.05ന്, 4.6 മീറ്റർ അകലെ നിന്ന് മൂവരും വെടിയുതിർത്തു.
ദൃക്‌സാക്ഷികൾക്ക് തോക്കുകൾ കാണാൻ കഴിഞ്ഞില്ല. വെടിയൊച്ചയിൽ നിന്ന് ചെവികളെ സംരക്ഷിക്കാൻ ജയിൽ ഗാർഡുകൾ സാക്ഷികൾക്ക് ഇയർ പ്ലഗുകളും നൽകിയിരുന്നു. സിഗ്മണിന്റെ അഭിഭാഷകൻ ബോ കിങ് സൗത്ത് കാരോലൈന ഗവർണർ അവസാന നിമിഷം വധശിക്ഷ സ്റ്റേ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു.