മിക്സി ജാറിലെ അഴുക്കും കറയും ഇനി തലവേദനയാകില്ല; പരിഹാരമുണ്ട്
Mail This Article
അടുക്കളയിൽ എന്നും ഉപയോഗം വരുന്ന ഉപകരണമാണ് മിക്സി. എന്നാൽ മിക്സിയുടെ ജാറുകൾ മറ്റു പാത്രങ്ങൾക്കൊപ്പം സാധാരണ രീതിയിൽ കഴുകി എടുക്കുന്നവരാണ് അധികവും. ഫലമോ ബ്ലേഡുകൾക്കിടയിലും വാഷറിലും അഴുക്ക് അടിഞ്ഞുകൂടി ദുർഗന്ധവും വിട്ടുമാറാത്ത പാടുകൾ ജാറിൽ അവശേഷിക്കുകയും ചെയ്യും. വളരെ എളുപ്പത്തിൽ ഇവ വൃത്തിയാക്കിയെടുക്കാനുള്ള ചില സൂത്രവിദ്യകൾ നോക്കാം.
വിനാഗിരി
മിക്സിജാറുകൾ വൃത്തിയാക്കാനുള്ള എളുപ്പമാർഗമാണ് വിനാഗിരിയുടെ ഉപയോഗം. അല്പം വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ വിനാഗിരി ഒഴിച്ച് നന്നായി കലർത്തുക. ശേഷം ഈ മിശ്രിതം ജാറിലേക്ക് ഒഴിച്ച് ഏതാനും സെക്കൻഡുകൾ മിക്സ് ചെയ്യാം. പറ്റിപ്പിടിച്ച കറകളും ദുർഗന്ധവും എല്ലാം നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാവും. മാസത്തിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്തു നോക്കൂ.
പിഴിഞ്ഞെടുത്ത ശേഷം വലിച്ചെറിയുന്ന നാരങ്ങയുടെ തോടിന് ഒട്ടേറെ ഗുണങ്ങളുണ്ട്. അഴുക്കും ദുർഗന്ധവും അകറ്റാനുള്ള പ്രത്യേക കഴിവാണ് നാരങ്ങയുടെ തോടിനുള്ളത്. മിക്സിയുടെ ജാർ വെള്ളമൊഴിച്ച് കഴുകിയതിനുശേഷം നാരങ്ങയുടെ തോട് ഉപയോഗിച്ച് അതിൽ നന്നായി ഉരയ്ക്കുക. ഏതാനും മിനിറ്റുകൾ അതേ നിലയിൽ വച്ചശേഷം വീണ്ടും വെള്ളമൊഴിച്ച് കഴുകി കളയാവുന്നതാണ്.
ബേക്കിങ് പൗഡർ പേസ്റ്റ്
അടുക്കളയിൽ എപ്പോഴും ലഭ്യമായ ബേക്കിങ് പൗഡർ ഉപയോഗിച്ചാണ് മറ്റൊരു വിദ്യ. ഒരു ബൗളിൽ അല്പം ബേക്കിങ് പൗഡറെടുത്ത് അതിലേക്ക് വെള്ളം ഒഴിച്ച് കട്ടിയുള്ള പേസ്റ്റ് രൂപത്തിൽ ആക്കുക. ഈ പേസ്റ്റ് ജാറിന്റെ അകത്തും പുറത്തും നന്നായി തേച്ചുപിടിപ്പിക്കാം. അല്പസമയം ഇതേനിലയിൽ തുടരാൻ അനുവദിച്ച ശേഷം കഴുകി കളഞ്ഞാൽ ജാർ പുതുപുത്തൻ പോലെ വെട്ടിത്തിളങ്ങും.
മിക്സി ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• നിരപ്പായ പ്രതലത്തിൽ വച്ച് മാത്രം മിക്സി ഉപയോഗിക്കുക.
• മിക്സി ഓൺ ചെയ്യുന്ന സമയത്ത് അത് ഇരിക്കുന്ന സ്ഥലത്ത് ജലാംശം ഇല്ല എന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം ഷോക്കടിക്കാനുള്ള സാധ്യത ഏറെയാണ്.
• അരച്ചെടുക്കുന്ന വസ്തുക്കളെല്ലാം റൂം ടെംപറേച്ചറിൽ ആണെന്ന് ഉറപ്പുവരുത്തുക. അധികം ചൂടുള്ളതോ അധികം തണുത്തതോ ആയ വസ്തുക്കൾ ഉപയോഗിക്കുന്നത് മിക്സിയുടെ മോട്ടറിന് കേടുവരുത്തിയേക്കാം.
• ഓൺ ചെയ്ത ഉടൻതന്നെ ഫുൾ സ്പീഡിൽ മിക്സി പ്രവർത്തിപ്പിക്കരുത്. ഏറ്റവും കുറഞ്ഞ സ്പീഡിൽ നിന്നും സാവധാനത്തിൽ കൂട്ടിക്കൊണ്ടു വരിക.
• ഉപയോഗശേഷം മിക്സിയുടെ എല്ലാ ഭാഗങ്ങളും വൃത്തിയായി കഴുകി ഉണക്കി നനവില്ലാത്ത സ്ഥലങ്ങളിൽ തന്നെ സൂക്ഷിക്കുക.