ADVERTISEMENT

പലരുടെയും ഇഷ്ട തോഴന്മാരായിരിക്കും വീട്ടിലെ പട്ടിയും പൂച്ചയുമൊക്കെ. കൂടാതെ പലരുടേയും വീടുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വളര്‍ത്തുന്ന മറ്റു മൃഗങ്ങളും പക്ഷികളുമുണ്ടാകും. കൂടാതെ നാം ജീവിക്കുന്ന പരിസരങ്ങളിലും നിരവധി പക്ഷിമൃഗാദികളുണ്ട്. ഇവരൊക്കെ നമുക്ക് ഏറെ പ്രയോജനം  ചെയ്യുന്നവരായിരിക്കും. എന്നാല്‍, മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമിടയില്‍ പകരുന്ന നിരവധി രോഗങ്ങളുണ്ട്.  ഇവ ജന്തുജന്യരോഗങ്ങള്‍ (Zoonoses) എന്നറിയപ്പെടുന്നു. പേടിക്കേണ്ട, അല്‍പം കരുതലുണ്ടെങ്കില്‍ മിക്ക രോഗങ്ങള‌െയും പ്രതിരോധിക്കാം. ഇത്തരം രോഗങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുകയാണ് ഇതില്‍ ഏറെ പ്രധാനം.

1885 ജൂലൈ 6, ചരിത്രത്തിലെ നിർണായക ദിനം

ഒരു കാലത്ത് മനുഷ്യര്‍ ഏറ്റവുമധികം ഭയപ്പെട്ടിരുന്ന മഹാവ്യാധിയായിരുന്നു പേവിഷബാധ (Rabies). അന്നും ഇന്നും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ അതിദയനീയമായ അന്ത്യം ഉറപ്പായ വൈറസ് രോഗം. പേ വിഷബാധയേറ്റ നായ്ക്കളില്‍നിന്നും, പൂച്ചകളില്‍നിന്നുമാണ് മുഷ്യനിലേക്ക് രോഗം പകരുന്നത്. ലോകപ്രസിദ്ധ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്ചറാണ് പേവിഷബാധയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്‌പ് വിജയകരമായി പരീക്ഷിച്ചത്. റാബീസ് വൈറസിനെ പരീക്ഷണ മുയലുകളില്‍ വളര്‍ത്തിയെടുത്താണ് പ്രതിരോധ മരുന്നുണ്ടാക്കിയത്. പ്രധാനമായും നാഡീകോശങ്ങളെയാണ് വൈറസ് ബാധിക്കുന്നത്. 1885 ജൂലൈ ആറിന് പാസ്റ്റര്‍ താന്‍ വികസിപ്പിച്ചെടുത്ത പ്രതിരോധമരുന്ന് പേപ്പട്ടിയുടെ കടിയേറ്റ ജോസഫ് മെയ്സ്റ്റര്‍ (Joseph Meister) എന്ന ഒന്‍പതു വയസുകാരനില്‍  പരീക്ഷിച്ചു. വിജയകരമായ ആ പരീക്ഷണത്തിന്റെ ഓര്‍മ്മയില്‍ ജൂലൈ-6 ജന്തുജന്യ രോഗങ്ങളുടെ ദിവസമായി ലോകമെങ്ങും ആചരിക്കുന്നു. 

പകര്‍ച്ചവ്യാധികളെ സൂക്ഷിക്കുക

ജന്തുജന്യ രോഗങ്ങള്‍ ബാധിച്ച മൃഗങ്ങളുമായുള്ള നേരിട്ടുള്ള ഇടപെടല്‍, ശരീരത്തിലെ മുറിവുകള്‍, കൊതുകുകള്‍ പോലുള്ള  രോഗവാഹകര്‍, പക്ഷിമൃഗാദികളില്‍നിന്നു ലഭിക്കുന്ന പാല്‍, മുട്ട, മാംസം എന്നിവ തുടങ്ങി പല മാര്‍ഗങ്ങളിലൂടെ രോഗങ്ങള്‍ മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരാം.  വ്യക്തിപരമായ ശുചിത്വം, ആവശ്യ സമയത്തുള്ള  പ്രതിരോധ കുത്തിവ‌യ്പുകള്‍, നല്ല ചികിത്സ, മൃഗങ്ങളില്‍നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ കൃത്യമായ പാചകം ചെയ്യല്‍  തുടങ്ങിയവയില്‍  ശ്രദ്ധ നല്‍കി രോഗബാധ ഒഴിവാക്കാം. കാലവര്‍ഷാരംഭത്തിലും, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണമില്ലാത്ത സ്ഥലങ്ങളിലും രോഗസാധ്യത കൂടുന്നു.  

ജന്തുജന്യ രോഗങ്ങളിലെ താരങ്ങള്‍

പേവിഷബാധ, ആന്ത്രാക്‌സ്, ക്ഷയം, പ്ലേഗ്, ജപ്പാന്‍ ജ്വരം, എലിപ്പനി, ബ്രൂസല്ലോസിസ് എന്നിവ കൂടാതെ എച്ച്1എന്‍1 (പന്നിപ്പനി), പക്ഷിപ്പനി, സാര്‍സ് തുടങ്ങി ഏറ്റവുമൊടുവില്‍ കേരളത്തെ ഭീതിയിലാഴ്ത്തിയ  നിപ്പാരോഗം വരെ ജന്തുജന്യ രോഗങ്ങളിലെ സൂപ്പര്‍ താരങ്ങളാണ്.  ഇപ്പോഴത്തെ കൊറോണ മഹാമാരി വൈറസും ആദ്യം ഉടലെടുത്തത് മുഗങ്ങളിലാണ്. വൈറസ്, ബാക്ടീരിയ, ഫംഗസ്, പരാദങ്ങള്‍ തുടങ്ങി നിരവധി സൂക്ഷ്മജീവികളാണ് മിക്ക രോഗങ്ങളുടേയും കാരണക്കാര്‍.

പ്രധാന രോഗങ്ങള്‍

  • നിപ്പ വൈറസ് രോഗം

പേരു സൂചിപ്പിക്കും പോലെ വൈറസാണ് രോഗകാരണം. ചിലയിനം പഴംതീനി വവ്വാലുകള്‍ ഈ വൈറസിന്റെ സംഭരണികളായി പ്രവര്‍ത്തിക്കുന്നു.  വവ്വാലുകളില്‍ പെരുകുന്ന വൈറസ്, അവയെ രോഗത്തിന് അടിമപ്പെടുത്താതെ നിലനിര്‍ത്തുന്നു.  വവ്വാലുകളില്‍നിന്ന് നേരിട്ടും, അല്ലാതെയും മനുഷ്യരിലേക്ക് രോഗമെത്തുന്നു. വവ്വാലിന്റെ രക്തത്തിലും, മൂത്രത്തിലും, കാഷ്ഠത്തിലും, ഉമിനീരിലും പുറന്തള്ളപ്പെടുന്ന വൈറസ് പന്നികള്‍, കുതിര, ചെമ്മരിയാട്, പശു തുടങ്ങിയ മൃഗങ്ങളിലേക്കും തുടര്‍ന്ന് മനുഷ്യരിലേക്കും പടരുന്നു.  

  • എച്ച്1 എന്‍1 പനി (H1N1)

വൈറസ് മൂലമുണ്ടാകുന്ന രോഗം പന്നിപ്പനി എന്ന പേരിലും അറിയപ്പെടുന്നു (Swine flu). തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും, ഉച്ഛ്വസിക്കുമ്പോഴും പുറത്തു വരുന്ന ജലകണങ്ങള്‍ വഴി വായുവിലൂടെയാണ് രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. 

  • പക്ഷിപ്പനി (ബേര്‍ഡ് ഫ്‌ളൂ) 

കോഴി തുടങ്ങി ദേശാടനപക്ഷികളെ വരെ ബാധിക്കുന്ന രോഗമാണിത്.  വൈറസ് തന്നെയാണ് രോഗകാരണം. ഇന്ത്യയില്‍ 2006 ഫെബ്രുവരിയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജലപക്ഷികള്‍ ഈ വൈറസിന്റെ പ്രകൃത്യാലുള്ള വാഹകരാണ്. H5N1 എന്നാണ് ഒരു വിഭാഗം വൈറസിന്റെ പേര്.

  • ഡെങ്കിപ്പനി

മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്ന ഈ രോഗമുണ്ടാക്കുന്ന വൈറസ് ഈഡിസ് ഈജിപ്ത്ഷ്യ എന്ന കൊതുകുകള്‍ വഴിയാണ് പടരുന്നത്. വെള്ളം കെട്ടിനില്‍ക്കുന്ന ചിരട്ടകള്‍, പാത്രങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍, എയര്‍കൂളര്‍, ഫ്ലവര്‍ വേയ്‌സ് എന്നിവയില്‍ കൊതുകുകള്‍ പ്രജനനം നടത്തുന്നു. രോഗിയായ മനുഷ്യനെ കടിക്കുന്ന കൊതുകുകള്‍ രോഗവ്യാപനം നടത്തുന്നു.  

  • പേവിഷബാധ

നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരിനം വൈറസാണ് രോഗകാരണം. ഉഷ്ണരക്തമുള്ള മിക്ക ജീവജാലങ്ങളേയും ബാധിക്കുന്ന ഈ രോഗം നിലനിര്‍ത്തുന്നതും വ്യാപിപ്പിക്കുന്നതും വന്യമൃഗങ്ങളായ കുറുക്കന്‍, കുറുനരി, ചെന്നായ തുടങ്ങിയ വന്യമൃഗങ്ങളാണ്. ഇവ വഴിയാണ് നാട്ടുമൃഗങ്ങളായ നായ, പൂച്ച എന്നിവയിലെത്തുന്നത്. ഇവരില്‍നിന്നു പശുവിനും ആടിനുമൊക്കെ രോഗംവരാം.  രോഗം വന്ന വളര്‍ത്തുമൃഗങ്ങള്‍, പ്രധാനമായും നായയും പൂച്ചയും മനുഷ്യന് രോഗമുണ്ടാക്കുന്നു. ഇന്ത്യയില്‍ പേവിഷബാധയുടെ  95 ശതമാനവും നായയുടെ കടിയിലൂടെയാണ് ഉണ്ടാകുന്നത്. മനുഷ്യനില്‍നിന്ന്  മറ്റുള്ളവരിലേക്ക് ഇത് പകരുന്നില്ല. 

  • ജപ്പാന്‍ ജ്വരം

ജാപ്പനീസ് എന്‍സിഫൈലൈറ്റിസ് വൈറസാണ് രോഗകാരണം.  ജപ്പാനിലെ കുതിരകളിലും മനുഷ്യനിലുമാണ് ആദ്യമായി കണ്ടെത്തിയത്. ക്യൂലക്‌സ്, അനോഫിലസ് മാന്റോണി എന്നീ കൊതുകുകള്‍ രോഗം പരത്തുന്നു. കുട്ടികളിലാണ് ജപ്പാന്‍ ജ്വരം കൂടുതലായി കാണപ്പെടുന്നത്. കൊതുകു നിവാരണമാണ് രോഗം തടയാനുള്ള പ്രധാന മാര്‍ഗം. പന്നികളെ ഈ രോഗാണുവിന്റെ സംഭരണികള്‍ (reservoir) ആയി കണക്കാക്കുന്നു.  

  • എബോള

കുരങ്ങ്, എലി, വവ്വാല്‍ എന്നിവയില്‍ കണ്ടുവരുന്ന ഈ രോഗബാധ പടിഞ്ഞാറേ ആഫ്രിക്കയില്‍ വലിയ ഭീഷണിയായിരുന്നു. വൈറസാണ് രോഗകാരണം.  രോഗബാധയുള്ള മൃഗങ്ങളുടെ  ശരീരസ്രവം  വഴി മനുഷ്യരിലെത്തുന്നു. സിറിഞ്ച്, സൂചി എന്നിയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം വഴിയാണ് ആഫ്രിക്കയില്‍ എഴുപതുകളില്‍ മനുഷ്യര്‍ക്കിടയില്‍ രോഗം പടര്‍ന്നു പിടിച്ചത്.  

  • മങ്കി ഡിസീസ്

ക്യൂസനൂര്‍ ഫോറസ്റ്റ് രോഗമെന്നു വിളിക്കപ്പെടുന്ന ഈ വൈറസ് രോഗം വയനാട്ടില്‍ മുന്‍ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  കുരങ്ങുകളില്‍ കാണപ്പെടുന്ന വൈറസിനെ പട്ടുണ്ണി എന്നു വിളിക്കപ്പെടുന്ന ബാഹ്യപരാദം (Ticks) ആണ് പടര്‍ത്തുന്നത്. കുരങ്ങിന്റെ രക്തം കുടിക്കുന്ന പട്ടുണ്ണിയുടെ  കടിയേല്‍ക്കുമ്പോള്‍ വൈറസ് ശരീരപ്രവേശനം നടത്തുന്നു. 

  • ഭ്രാന്തിപ്പശു രോഗം (Mad cow disease)  

കന്നുകാലികളുടെ നാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ രോഗം 1986ല്‍ ഇംഗ്ലണ്ടില്‍ കണ്ടെത്തി. പ്രയോണുകള്‍ (Prions) ആണ് രോഗകാരണം. 

  • സാര്‍സ് (സിവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രോം)

വായുവിലൂടെ പകരുന്ന വൈറസ് രോഗം. മെരുകുകളാണ് പ്രകൃത്യാലുള്ള വാഹകര്‍. 2003ല്‍ ലോകത്ത് പലയിടത്തും ഒരേ സമയം രോഗബാധയുണ്ടായി.  

  • എലിപ്പനി

ലെപ്‌റ്റോ സ്‌പൈറ എന്ന  ബാക്ടീരിയ കാരണമുണ്ടാകുന്ന ഈ രോഗം മഴക്കാലത്ത് കേരളത്തില്‍ ഏറെ മരണങ്ങളുണ്ടാക്കുന്നു.  നായ, പശു, ആട്, പന്നി, കുതിര, വന്യമൃഗങ്ങള്‍ എന്നിവയെ ബാധിക്കാം. എലികളാണ് പ്രകൃത്യാലുള്ള സംഭരണികള്‍.

  • ആന്ത്രാക്‌സ്

ബാസില്ലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗം. പ്രതികൂല കാലാവസ്ഥയില്‍ സ്‌പോറുകളായി രൂപം മാറി വര്‍ഷങ്ങളോളം മണ്ണില്‍ ജീവിക്കുകയും അനുകൂലാവസ്ഥയില്‍ രോഗകാരിയാവുകയും ചെയ്യുന്നു. പശു, ആട്, കുതിര,  കഴുത എന്നിവയെ കൂടുതലായി ബാധിക്കുന്നു.

  • ക്ഷയം

ബാക്ടീരിയയാണ് രോഗകാരണം. ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ജന്തുജന്യ രോഗം. മനുഷ്യനില്‍ മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസും, പശുക്കളില്‍ മൈക്കോ ബാക്ടീരിയം ബോവിസും രോഗമുണ്ടാക്കുന്നു.  പശുക്കളിലെ അണുവിന് മനുഷ്യനിലും രോഗമുണ്ടാക്കാം. ശ്വസനത്തിലൂടെയും, തിളപ്പിക്കാത്ത പാലിലൂടെയും രോഗം പകരാം.

  • ടോക്‌സോപ്ലാസ്‌മോസിസ് 

ടോക്‌സോപ്ലാസ്മ ഗോണ്‍ടി എന്ന ഏകകോശ ജീവിയുണ്ടാക്കുന്ന രോഗം. പൂച്ചകള്‍ വഴി മനുഷ്യനിലെത്തുന്നു. പൂച്ചകളെ കൈകാര്യം ചെയ്യുമ്പോള്‍ ഗര്‍ഭിണികള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

  • നാടവിര 

പന്നികളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ടീനിയ സോളിയം, ബീഫ് വഴി പകരുന്ന ടീനിയ സാജിനേറ്റ എന്ന നാടവിരകളുമുണ്ട്. നന്നായി വേവിക്കാത്ത മാംസം വഴി പടരുന്നു.

  • അശ്രദ്ധയുടെ ഫലം മരണമായേക്കാം

നാഷണല്‍ ഹെല്‍ത്ത് പ്രൊഫൈല്‍-2018 റിപ്പോര്‍ട്ടനുസരിച്ച്  2018ൽ പേവിഷബാധയേറ്റ 97 പേരില്‍ മുഴുവന്‍ പേരും മരണമടഞ്ഞു. സാംക്രമിക രോഗങ്ങളിലെ രാജാവായി ഇന്നും പേ വിഷം എന്ന വ്യാധി തുടരുന്നു. എച്ച്1എന്‍1 (പന്നിപ്പനി, swine flu) ആണ് കൂടുതല്‍ പേരെ ബാധിച്ചതും, കൂടുതല്‍ മരണമുണ്ടാക്കിയതും. മറ്റൊരു പ്രധാന ജന്തുജന്യരോഗമായ ജപ്പാന്‍ ജ്വരവും മരണ കാരണമാകുന്ന സാംക്രമിക രോഗങ്ങളില്‍ പ്രധാനമാണ്.

ഇവയിൽ മിക്ക രോഗങ്ങളും അൽപം കരുതൽ കാണിച്ചാൽ തടയാവുന്നവയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com