‘റോയ് എപ്പോള്‍ വരും? കാരണങ്ങള്‍ വിളിച്ചു പറയണമെന്ന് പല തവണ തോന്നി’
Mail This Article
രണ്ട് വർഷങ്ങൾക്കു മുമ്പ് ചിത്രീകരണം പൂർത്തിയാക്കിയ സുരാജ് ചിത്രം റോയ് സിനിമ വൈകുന്നതിൽ വിശദീകരണവുമായി സംവിധായകൻ സുനിൽ ഇബ്രാഹിം. സുരാജിന്റെ പല സിനിമകളും റിലീസായി പോയിട്ടും വളരെ മുമ്പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ റോയ് എന്ന ചിത്രം മാത്രം വൈകുന്നതെന്തെന്ന് പല ആളുകളും ചോദിച്ചിരുന്നു. സിനിമയുടെയോ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന്റെയോ തെറ്റല്ല ഈ കാലതാമസമെന്നും ഇനിയും ഒരുപാട് വൈകിപ്പിക്കാൻ അനുവദിക്കില്ലെന്നും സംവിധായകന്‍ സുനില്‍ ഇബ്രാഹിം സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.
സുനിൽ ഇബ്രാഹിമിന്റെ വാക്കുകൾ:
‘‘റോയ് സിനിമ എപ്പോൾ വരും? സിനിമ വിചാരിച്ചത് പോലെ നന്നായില്ലേ? ടെക്‌നിക്കലി എന്തെങ്കിലും പ്രശ്നമായോ? കോവിഡ് കഥയാണോ? കഥയുടെ പ്രസക്തി നഷ്ടമായോ? ബിസിനസ് ആവുന്നില്ലേ? നിയമപരമായ എന്തെങ്കിലും കുരുക്കിൽപ്പെട്ടോ?
വൈകുന്തോറും കാരണമന്വേഷിക്കുന്ന മെസ്സേജുകളിൽ പലതും ഇങ്ങനെയൊക്കെയായി മാറുന്നത് കൊണ്ടാണ് ഇതെഴുതുന്നത്. ഈ ചോദ്യങ്ങളിൽ ഒന്ന് പോലും റോയ് വൈകാനുള്ള യഥാർഥ കാരണമല്ല എന്ന് മാത്രം തൽക്കാലം എല്ലാവരും മനസിലാക്കണം. സിനിമയുടെയോ അതിന്റെ പിന്നിൽ പ്രവർത്തിച്ച ടീമിന്റെയോ തെറ്റല്ല ഈ കാലതാമസം എന്നറിയുക. കാരണങ്ങൾ എല്ലാവരോടും വിളിച്ചു പറയണമെന്നൊക്കെ പല തവണ തോന്നിയിട്ടുണ്ട്, പക്ഷേ പറയുന്നില്ല.
ഞങ്ങൾ നിങ്ങൾക്ക് നൽകേണ്ടത് വാർത്തകളും വിവാദങ്ങളുമൊന്നുമല്ല, നല്ല സിനിമകളാണ് എന്ന് വിവേകപൂർവം തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ ഏറ്റവുമധികം നിരാശരാവേണ്ട ഞങ്ങൾ ഫുൾ പവറിൽ ഇപ്പോഴും കാത്തിരിക്കുന്നത് സിനിമയിൽ അത്രക്ക് പ്രതീക്ഷയുള്ളത് കൊണ്ടാണ്. ഇനിയും ഒരുപാട് വൈകിപ്പിക്കാൻ അനുവദിക്കില്ല എന്ന് മാത്രം ഉറപ്പ് തരുന്നു. സ്നേഹത്തോടെ എല്ലാവരും ഒപ്പമുണ്ടാവണം ...!’’
സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'റോയ്'. നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിർമിക്കുന്ന 'റോയ്' എന്ന ചിത്രത്തിൽ റോണി ഡേവിഡ്, ജിന്‍സ് ഭാസ്ക്കര്‍, വി.കെ. ശ്രീരാമൻ, വിജീഷ് വിജയന്‍, റിയ സെെറ, ഗ്രേസി ജോൺ, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥൻ, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാർ, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങിയവരും അഭിനയിക്കുന്നു.