‘ദളപതി 68’ന് തുടക്കം; നായിക മീനാക്ഷി; താരനിരയിൽ ജയറാം, പ്രഭുദേവ, അജ്മൽ അമീർ
Mail This Article
‘ലിയോ’ ബോക്സ്ഓഫിസിൽ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുമ്പോൾ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ച് ദളപതി വിജയ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദളപതി 68’ എന്ന സിനിമയുടെ ചിത്രീകരണം വിജയദശമി ദിനത്തില്‍ ആരംഭിച്ചു. പൂജ വിഡിയോ നിര്‍മാതാക്കളായ എജിഎസ് എന്റർടെയ്ൻമെന്റ്സ് എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചു.
വിജയ്‌യുടെ നായികയായി തെലുങ്ക് താരം മീനാക്ഷി ചൗദരി എത്തുന്നു. ജയറാം, പ്രശാന്ത്, മോഹൻ, സ്നേഹ, പ്രഭു ദേവ, അജ്മൽ അമീര്‍, ലൈല, വിടിവി ഗണേശ്, യോഗി ബാബു തുടങ്ങിയവും വെങ്കട് പ്രഭുവിന്റെ സ്ഥിരം കൂട്ടാളികളായ വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
യുവൻ ശങ്കർ രാജയാണ് സംഗീതം. സയൻസ് ഫിക്‌ഷൻ ഗണത്തിൽപെടുന്ന സിനിമയുമായാകും ഇത്തവണ വെങ്കട് പ്രഭുവിന്റെ വരവ്. നേരത്തെ വിര്‍ച്വൽ പ്രൊഡക്‌ഷന്റെ ഭാഗയമായുള്ള സെറ്റ് വർക്കുകളുടെ ചിത്രങ്ങള്‍ വെങ്കട് പ്രഭു പങ്കുവച്ചിരുന്നു. ഇതിനായി വിജയ്‌യും സംവിധായകനും അമേരിക്ക സന്ദർശിച്ചത് വാർത്തയായിരുന്നു.
മാനാട്, കസ്റ്റഡി എന്നീ സിനിമകൾക്കു േശഷം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.