മഞ്ജുവിനെ കണ്ടെത്തി, ലെസ്ബിയന്‍ കഥ ആദ്യം പറഞ്ഞു: മോഹൻ വിടവാങ്ങുമ്പോൾ
Mail This Article
എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമയെ നവീകരിച്ച ചലച്ചിത്രസമീപനത്തിന് നിരൂപകരും മാധ്യമങ്ങളും ചേര്‍ന്ന് നല്‍കിയ ഓമന പേരായിരുന്നു മധ്യവര്‍ത്തി സിനിമ അഥവാ മീഡിയോകര്‍ മൂവിസ്. പാരലല്‍ സിനിമ എന്ന് അറിയപ്പെട്ടിരുന്ന ആര്‍ട്ട്ഹൗസ് സിനിമകള്‍ക്കും വാണിജ്യസിനിമകള്‍ക്കും ഇടയില്‍ നിന്നുകൊണ്ട് കലാമേന്മയും ആസ്വാദനക്ഷമതയും ഒത്തിണങ്ങിയ നിരവധി മികച്ച സിനിമകള്‍ക്ക് ഈ മൂവ്‌മെന്റ് രൂപം നല്‍കി. കെ.ജി.ജോര്‍ജ്, ഭരതന്‍, പത്മരാജന്‍, മോഹന്‍ എന്നിവരായിരുന്നു ഈ സിനിമാ സംസ്‌കാരത്തിന്റെ തലതൊട്ടപ്പന്‍മാര്‍. ഹരിഹരനും ഐ.വി.ശശിയും ഫാസിലും മാറ്റും പല കുറി മാറിമറിഞ്ഞ് തനി കച്ചവട സിനിമക്കും മധ്യവര്‍ത്തി സിനിമക്കുമിടയില്‍ ചാഞ്ചാടിയപ്പോഴും ഒരേ നിലപാടില്‍ ഉറച്ചു നിന്ന് ഗൗരവമേറിയ സിനിമകള്‍ക്ക് രൂപം നല്‍കി എന്നതാണ് ഈ ചലച്ചിത്രകാരന്‍മാരുടെ പ്രസക്തി. കെ.ജി.ജോര്‍ജ് സാമൂഹ്യപ്രതിബദ്ധതയുളള ഇതിവൃത്തങ്ങളും രൂക്ഷവും തീവ്രവുമായ മനുഷ്യാവസ്ഥകളും വരച്ചു കാട്ടിയപ്പോള്‍ ഭരതന്‍ രതിയുടെയും വയലന്‍സിന്റെയും സൂക്ഷ്ഭാവങ്ങളിലുടെ സഞ്ചരിച്ചു. പത്മരാജനാവട്ടെ പ്രവചനാതീതമായ പ്രമേയ വൈവിധ്യങ്ങളിലൂടെ മനുഷ്യപ്രതിസന്ധികളുടെ ആഴങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോയി.
മനസിന്റെ കാണാപ്പുറങ്ങള്‍ തേടിയ ചലച്ചിത്രകാരന്‍
എന്നാല്‍ മനുഷ്യമനസിന്റെ നിഗൂഢവന്യതകളില്‍ ഊന്നി നിന്ന് കഥ പറയാനായിരുന്നു മോഹന് എന്നും താത്പര്യം. ഭാവസാന്ദ്രമായ സിനിമകളായിരുന്നു അദ്ദേഹത്തിന്റേത്. ഓവര്‍ പൊയറ്റിക്കായിരുന്നില്ല അവയൊന്നും. എന്നാല്‍ ഒരു ഭാവഗാനം പോലെ മനോഹരവും ദുഖസാന്ദ്രവുമായിരുന്നു പലതും. മാരകരോഗം മറച്ചു വച്ച് എല്ലാവരെയും സന്തോഷിപ്പിക്കുകയും സ്വയം സന്തോഷിക്കുകയും ചെയ്ത ഡേവിഡിന്റെ (നെടുമുടി അവതരിപ്പിച്ച കഥാപാത്രം) കഥ പറഞ്ഞ വിടപറയും മുന്‍പേയുടെ ചലച്ചിത്രകാരന്‍ തന്നെയാണ് ആദ്യന്തം പൊട്ടിച്ചിരിപ്പിച്ച ഒരു കഥ, ഒരു നുണക്കഥയും ചെയ്തത്. ഇന്നസന്റിനൊപ്പം ശ്രീനിവാസന്‍ ആദ്യമായി തിരക്കഥാ സഹകാരിയായ സിനിമ കൂടിയായിരുന്നു ഒരു കഥ ഒരു നുണക്കഥ.
മോഹനന്റെ സിനിമകളില്‍ പലതും നിര്‍മ്മിച്ചത് ഡേവിഡ് കാച്ചപ്പളളി-ഇന്നസന്റ് കൂട്ടായ്മയായിരുന്നു. ഇന്നസന്റ് അന്ന് നടനെന്ന നിലയില്‍ അറിയപ്പെട്ട് തുടങ്ങിയിട്ടില്ല. ഇന്നസന്റിന് ശ്രദ്ധേയമായ ഒരു റോള്‍ ആദ്യമായി നല്‍കുന്നത് മോഹനാണ്. ഇളക്കങ്ങളിലെ ശൃംഗാരിയായ കറവക്കാരന്‍. ബോക്‌സ്ഓഫിസില്‍ പരാജയപ്പെട്ട സിനിമയായിരുന്നു ഇളക്കങ്ങള്‍.
എന്നാല്‍ അതിലെ നായികയായ സുധയ്ക്ക് അക്കൊല്ലം മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം ലഭിക്കുകയുണ്ടായി. അത് മാത്രമായിരുന്നില്ല സിനിമയുടെ മേന്മ. കൗമാരമനസിന്റെ സന്ത്രാസങ്ങള്‍ ഇത്രയും സൂക്ഷ്മമായും ആഴത്തിലും വരച്ചു കാട്ടിയ മറ്റൊരു സിനിമ മലയാളത്തിലില്ല.
വീട്ടുജോലിക്കാരിയായ ഒരു പെണ്‍കുട്ടിക്ക് കുടുംബത്തിലെ യുവാവിനോട് തോന്നുന്ന കേവല ഭ്രമത്തെ രണ്ടര മണിക്കൂറുളള ഒരു മികച്ച സിനിമയായി പരിവര്‍ത്തിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല. അയാളൂടെ മനസില്‍ താനാരുമല്ലെന്ന് തിരിച്ചറിയുന്ന നിമിഷം അവള്‍ തകര്‍ന്നു പോകുന്നിടത്ത് സിനിമ അവസാനിക്കുന്നു. സിനിമയ്ക്ക് വലിയ ഉള്‍പ്പിരിവുകളുളള കഥ ആവശ്യമില്ലെന്നും അത് ഒരു ജീവിതാവസ്ഥയുടെ ആഖ്യാനം മാത്രമായാലും അഭംഗിയില്ലെന്ന് ചെറുകഥയുടെ ഭാവാത്മകത നിറഞ്ഞ ഇളക്കങ്ങള്‍ എന്ന സിനിമയിലൂടെ മോഹന്‍ കാണിച്ചു തന്നു.
സമാനമായ പ്രമേയം കൈകാര്യം ചെയ്ത നീലത്താമരയും നന്ദനവും മാറി നില്‍ക്കുന്ന ആഖ്യാനത്തികവാണ് ഇളക്കങ്ങളില്‍ മോഹന്‍ പ്രകടിപ്പിച്ചത്. ആവിഷ്‌കാരത്തിലെ മോഹന്‍ മാജിക്ക് അനുപമമാണ്. നാം പുറമെ കാണുന്നതിനപ്പുറം സിനിമയ്ക്കുളളില്‍ പല അടരുകള്‍ ഒളിപ്പിച്ചു വച്ച് കഥാകഥനം നിര്‍വഹിക്കാന്‍ സവിശേഷമായ മിടുക്കുണ്ട് അദ്ദേഹത്തിന്.
എഴുത്തുകാരനായ കഥാപാത്രം തന്റെ പുതിയ രചനയ്ക്കായി സ്വന്തം ഭാര്യയോട് നിഷ്‌കളങ്കനായ യുവാവിനോട് പ്രണയം ഭാവിക്കാന്‍ ആവശ്യപ്പെടുന്നതും യുവാവ് അത് യഥാർഥമാണെന്ന് തെറ്റിദ്ധരിച്ച് ഒടുവില്‍ സത്യം തിരിച്ചറിയുമ്പോള്‍ വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ എത്തിപ്പെടുന്നതുമാണ് രചന എന്ന സിനിമയുടെ പ്രമേയം.
അസാധാരണമായ കയ്യടക്കത്തോടെയാണ് മോഹന്‍ കഥ പറയുന്നത്. സ്‌റ്റോറി ടെല്ലിങില്‍ യാതൊരു വിധ ഗിമ്മിക്കുകളും പാടില്ലെന്ന് ഉറച്ചു വിശ്വസിക്കുകയും ആ തലത്തില്‍ സിനിമകള്‍ രൂപപ്പെടുത്തുകയും ചെയ്തിരുന്നു അദ്ദേഹം. കഥാപാത്രങ്ങളുടെ ഇമോഷണല്‍ ട്രാവല്‍ കാപ്ചര്‍ ചെയ്യുന്ന സംവിധായകനായിരുന്നു അദ്ദേഹം.
വലിയ ബജറ്റോ സെറ്റുകളോ ആള്‍ക്കൂട്ടങ്ങളോ സങ്കീർണമായ കഥാസന്ദര്‍ഭങ്ങളോ വിരട്ട് ഷോട്ടുകളോ ഒന്നും മോഹന്‍ സിനിമകളില്‍ കാണില്ല. മനുഷ്യമനസിന്റെ സൂക്ഷ്മ ചലനങ്ങളെ ക്യാമറയില്‍ മനോഹരമായി പകര്‍ത്തുകയായിരുന്നു എന്നും അദ്ദേഹം. പത്മരാജന്റെ തിരക്കഥയില്‍ ഒരുക്കിയ ശാലിനി എന്റെ കൂട്ടുകാരിയാണ് മോഹന്റെ മറ്റൊരു മാസ്റ്റര്‍പീസ്. ക്യാംപസ് സിനിമകളിലെ ഒരു കള്‍ട്ട് ക്ലാസിക്കായി ആ പടം ഇന്നും നിലനില്‍ക്കുന്നു.
പത്മരാജന്റെ തന്നെ രചനയില്‍ മോഹന്‍ സംവിധാനം ചെയ്ത ‘ഇടവേള’ തിയറ്ററില്‍ വിജയമായില്ലെങ്കിലും ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയാണ്. യുവത്വത്തിന്റെ മനസ് സമഗ്രമായി അവതരിപ്പിച്ച ഇടവേളയിലുടെയാണ് മോഹനന്റെ തന്നെ നാട്ടുകാരനായ ഇരിങ്ങാലക്കുടക്കാരന്‍ ബാബു സിനിമയിലെത്തുന്നത്. ആ ചിത്രത്തോടെ അദ്ദേഹം ഇടവേള ബാബു എന്ന് അറിയപ്പെട്ട് തുടങ്ങി. ഒരുപാട് ചരിത്ര ദൗത്യങ്ങള്‍ക്കും മോഹന്‍ നിമിത്തമായിട്ടുണ്ട്. റാംജിറാവ് സ്പീക്കിങിനും വളരെ മൂന്‍പ് 1981ല്‍ നടന്‍ സായികുമാറിനെ കഥയറിയാതെ എന്ന സിനിമയിലുടെ അദ്ദേഹം പരിചയപ്പെടുത്തി. സായി ബാലതാരമായി അതിനും മുന്‍പും അഭിനയിച്ചിട്ടുണ്ട്.
ലെസ്ബിയന്‍സിന്റെ കഥ ആദ്യമായി ഒരു മലയാള സിനിമയ്ക്ക് ഇതിവൃത്തമാകുന്നത് മോഹന്റെ രണ്ട് പെണ്‍കുട്ടികളിലുടെയാണ്. സെക്‌സിന്റെ നേരിയ ഒരംശം പോലുമില്ലാതെ തികഞ്ഞ കയ്യൊതുക്കത്തോടെ മോഹന്‍ ആ സിനിമയും ഒരുക്കി. മാനസികാപഗ്രഥനമായിരുന്നു എന്നും മോഹന് ഇഷ്ടപ്പെട്ട ആഖ്യാനരീതി. മംഗളം നേരുന്നു എന്ന സിനിമയും തീയറ്ററില്‍ വീണെങ്കിലും മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളില്‍ ഒന്നായി ഗണിക്കപ്പെടുന്നു.
മഞ്ജു വാരിയരെ കണ്ടെത്തുന്നു..
1995ല്‍ നടി മഞ്ജു വാരിയരെ ആദ്യമായി പരിചയപ്പെടുത്തിയതും മോഹനാണ്. സാക്ഷ്യം എന്ന സിനിമയിലുടെ. പിന്നീടാണ് അവര്‍ സല്ലാപത്തില്‍ നായികയായി എത്തുന്നത്. മഞ്ജുവിന്റെ സഹോദരന്‍ മധു വാരിയര്‍ നായകനായ ക്യാംപസ് എന്ന സിനിമ ഒരുക്കിയതും മോഹനാണ്. ആ ചിത്രം ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹം താണ്ടിയ ഉയരങ്ങള്‍ക്ക് യോജിച്ചതായില്ല. മലയാള സിനിമ കണ്ട അതിമനോഹരമായ ഒരു പ്രണയകാവ്യം ഊട്ടിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം ഒരുക്കുകയുണ്ടായി. സുമലതയും ബാലചന്ദ്രമേനോനും അഭിനയിച്ച ഇസബല്ല. തിയറ്ററില്‍ വിജയമായില്ലെങ്കിലും സ്‌നിഗ്ധമായ ഒരു അനുഭവമായിരുന്നു. തീര്‍ത്ഥം, ശ്രുതി എന്നിങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളില്‍ പോലും മോഹന്റെ കയ്യൊപ്പുണ്ടായിരുന്നു.
ആദ്യമായി ചെയ്ത കുറ്റാന്വേഷണ ചിത്രമായിരുന്നു മുഖം. ആ ജനുസിലുളള സിനിമകളെ സംബന്ധിച്ച് തീര്‍ത്തും ഒരു പൊളിച്ചെഴുത്തായിരുന്നു മുഖം. ഒരു ഇന്‍വസ്റ്റിഗേറ്റീവ് ഓഫിസറായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ട അപൂര്‍വം സിനിമകളില്‍ ഒന്ന്. മോഹന്‍ലാല്‍ തന്നെ നായകനായ പക്ഷെയും കാവ്യസുന്ദരമായ സിനിമയായിരുന്നു. സൂര്യാംശുവോരോ വയല്‍പ്പൂവിലും വൈരം പതിക്കുന്നുവോ...എന്ന നിത്യഹരിത ഗാനം ആ സിനിമയിലേതായിരുന്നു. ശ്രീനിവാസന്റെ തിരക്കഥയില്‍ ചെയ്ത അങ്ങനെ ഒരു അവധിക്കാലത്ത് മികച്ച സിനിമയായിരുന്നിട്ടും വിപണനവിജയം നേടിയില്ല. 19 വര്‍ഷം മുന്‍പ് ചെയ്ത ക്യാംപസായിരുന്നു മോഹന്റെ അവസാന ചിത്രം. പുതിയ കാലം തന്നെ ഉള്‍ക്കൊളളുന്നില്ല എന്ന് തിരിച്ചറിഞ്ഞ മോഹന്‍ ക്രമേണ നിശ്ശബ്ദനായി.
നടിയും നര്‍ത്തകിയുമായ അനുപമയെ അദ്ദേഹം പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. അവര്‍ പിന്നീട് അഭിനയം നിര്‍ത്തി വീട്ടമ്മയായി ഒതുങ്ങിക്കൂടി. കെ.ജി.ജോര്‍ജിനെ പോലെ തന്നെ മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ അദ്ദേഹത്തിന് നാളിതുവരെ മികച്ച സംവിധായകനുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചില്ല. അവാര്‍ഡുകള്‍ മികവിന്റെ മാനദണ്ഡമല്ലെന്നും വിരലിലെണ്ണാവുന്ന ചിലരുടെ അഭിരുചികളുടെയും വ്യക്തിതാത്പര്യങ്ങളുടെയും ഉപോല്‍പന്നമാണെന്നും വ്യക്തമായ ബോധ്യമുളള മോഹന്‍ ഒരിക്കലും ഇതിലൊന്നും പരിഭവിച്ച് കണ്ടില്ല.മലയാള സിനിമയിലെ ഒരു സുവര്‍ണ്ണകാലമാണ് മോഹന്റെ അഭാവത്തോടെ ഇല്ലാതാകുന്നത്. മധ്യവര്‍ത്തി സിനിമയിലെ ജീവിച്ചിരുന്ന അവസാന കണ്ണിയായിരുന്നു അദ്ദേഹം. മലയാളത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരുപാട് സിനിമകള്‍ ബാക്കി വച്ചാണ് മോഹന്‍ വിടപറയുന്നത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം വിടപറയുന്നില്ല എന്നതാണ് സത്യം. പക്ഷേ....