എഡിഎച്ച്ഡി കണ്ടുപിടിച്ച ശേഷവും ജീവിതമൊന്നും മാറിയിട്ടില്ല: നസ്രിയ പറയുന്നു
Mail This Article
ഫഹദ് ഫാസിലിന്റെ എഡിഎച്ച്ഡി (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം) അസുഖം കണ്ടുപിടിച്ചതിനുശേഷവും ജീവിതത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് നസ്രിയ നസിം. ഫഹദിന് ഈ രോഗം ഉണ്ടെന്നു തിരിച്ചറിയുന്നതിനു മുൻപേ തങ്ങൾ ഒരുമിച്ച് ജീവിക്കുന്നതാണ്. ഫഹദിന്റെ സ്വഭാവം കുറെ നാളായി താൻ കാണുന്നതാണ്. ഫഹദിന് എഡിഎച്ച്ഡി ഉണ്ടെന്നു കരുതി ജീവിതത്തിൽ ഒന്നും മാറുന്നില്ല. രോഗാവസ്ഥയുണ്ടെന്ന് അറിഞ്ഞതുകൊണ്ട് താൻ ചിലപ്പോൾ കുറച്ചുകൂടി ക്ഷമയോടെ പെരുമാറിയേക്കാമെന്നും അല്ലാതെ ജീവിതത്തിൽ ഒരു മാറ്റവും വന്നിട്ടില്ല എന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ നസ്രിയ നസിം പറയുന്നു.
‘‘ഫഹദ് ഒരു എഡിഎച്ഡി രോഗിയാണ്. പക്ഷേ ഇതൊക്കെ ഷാനു തിരിച്ചറിയുന്നതിനും ഈ അസുഖം കണ്ടുപിടിക്കുന്നതിനും മുൻപെ ഞാൻ ഷാനുവിനെ കണ്ടുതുടങ്ങിയതാണല്ലോ. പണ്ടും ഷാനുവിന് ഇത് ഉണ്ടായിരുന്നിരിക്കും. ഷാനുവിന്റെ സ്വഭാവങ്ങൾ ഒക്കെ ഡീൽ ചെയ്താണ് ഞാൻ ഇതുവരെ ജീവിച്ചത്. അത് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയി കഴിഞ്ഞു. ഇനിയിപ്പോൾ അത് കണ്ടുപിടിച്ചുകഴിഞ്ഞ്, ഓ... ഇങ്ങനെ ഒരു കണ്ടീഷൻ ഷാനുവിനുണ്ട്, അതുകൊണ്ട് ഞാൻ കുറച്ചുകൂടി ക്ഷമയോടെ പെരുമാറണം എന്ന് ഒരു തോന്നൽ എനിക്ക് ഉണ്ടായേക്കാം. അത്തരത്തിൽ അത് സഹായകമായേക്കാം. അല്ലാതെ എല്ലാം പഴയതുപോലെ തന്നെ, ജീവിതമൊന്നും മാറിയിട്ടില്ല,’’ നസ്രിയ നസിം പറയുന്നു.
തനിക്ക് എഡിഎച്ച്ഡി എന്ന രോഗാവസ്ഥയുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ തുറന്നു പറഞ്ഞിരുന്നു. 41-ാം വയസ്സിലാണ് രോഗം കണ്ടെത്തിയതെന്നും ചെറുപ്പത്തിൽ തന്നെ കണ്ടെത്തിയിരുന്നുവെങ്കിൽ ചികിൽസിച്ച് ഭേദമാക്കാമായിരുന്നുവെന്നും കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജിൽവച്ച് ഫഹദ് ഫാസിൽ വെളിപ്പെടുത്തിയിരുന്നു.