തബലയിൽ തീർന്നില്ല; മക്കളുടെ വിവാഹത്തിന് തച്ചങ്കരിയുടെ പാട്ടുസമ്മാനം
Mail This Article
സ്വന്തമായി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ മക്കൾക്ക് വിവാഹ സമ്മാനമായി നൽകാൻ ഒരുങ്ങി എഡിജിപി ടോമിൻ തച്ചങ്കരി. മൂത്തമകൾ മേഘയുടെ വിവാഹവും ഇളയമകൾ കാവ്യയുടെ വിവാഹ നിശ്ചയവുമാണ് 30ന് കൊച്ചിയിൽ നടക്കുന്നത്. ഈ വേദിയിലാണ് മക്കൾക്ക് തച്ചങ്കരി ഗാനസമ്മാനം നൽകുക.
തച്ചങ്കരിയുടേത് ഒരു സംഗീത കുടുംബമാണ്. വീട്ടിൽ തന്നെയുണ്ട് പാട്ടിന്റെ ഒരു ബറ്റാലിയൻ. മക്കൾ രണ്ടുപേരും ഗിറ്റാർ വായിക്കുന്നവരാണ്. ഭാര്യ അനിത പിയാനോ വായിക്കും. വിവാഹത്തിനു മുന്നോടിയായി നടക്കുന്ന മധുരംവെപ്പ് ചടങ്ങിലാണ് തച്ചങ്കരി എഴുതി ചിട്ടപ്പെടുത്തിയ പാട്ട് അവതരിപ്പിക്കുക. ദൈവം നൽകിയ ദാനമാണ് മക്കളെന്ന പ്രമേയവുമായാണ് ദൈവം തന്ന ദാനം എന്ന ഗാനം തച്ചങ്കരി ചിട്ടപ്പെടുത്തിയിരിക്കുന്നത്. തച്ചങ്കരിയും കുടുംബാംഗങ്ങളും തന്നെയാണ് പാടുന്നത്. എറണാകുളം തമ്മനത്തെ സ്റ്റുഡിയോയിൽ റെക്കോർഡിങ്ങ് പൂർത്തിയായി.
പി.കെ. ഗോപിയുടെ രചനയിൽ തച്ചങ്കരി തന്നെ സംഗീതം നൽകിയ രക്ഷകാ എന്റെ പാപഭാരമെല്ലാം, കാല്‍വരിക്കുന്നിലെ എന്നീ ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. നേരത്തെ കെഎസ്ആർടിസി എംഡിയായി തബല വായിച്ച് തച്ചങ്കരി ചുമതല ഏറ്റത് ഏറെ ചർച്ചയായിരുന്നു. കൊച്ചി കോന്തുരുത്തി സെയ്ന്റ് ജോൺനെപുംസ്യാൻസ് പള്ളിയിലാണ് വിവാഹം.