രജനികാന്തിനെ പോലും അതിശയിപ്പിച്ച് അനിരുദ്ധ്; വേദിയിൽ ‘ഹുകും’ പാടി ആറാട്ട്, മില്യനടിച്ച് വിഡിയോ
Mail This Article
സൂപ്പർ താരം രജനികാന്ത് നായകനായെത്തുന്ന ജയിലറിലെ ‘ഹുകും’ പാടി വേദിയെ ത്രസിപ്പിച്ച് തെന്നിന്ത്യൻ യുവസംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ. ജയിലറിന്റെ നിർമാതാക്കളായ സൺ പിക്ചേഴ്സ് ഒരുക്കിയ ഓഡിയോ ലോഞ്ചിനിടെയായിരുന്നു അനിരുദ്ധിന്റെ തകർപ്പൻ പ്രകടനം. വേദിയിലും സദസ്സിലുമുള്ളവര്‍ അനിരുദ്ധിന്റെ പാട്ട് കേട്ട് ‘കട്ടയ്ക്കു’ കൂടെ നിന്നു. അനിരുദ്ധിന്റെ പ്രകടനമികവ് കാണികളെ അത്യാവേശത്തിലാക്കി.
ഓഡിയോ ലോഞ്ചിനെത്തിയ രജനികാന്തിനെ പോലും അതിശയിപ്പിക്കും വിധമായിരുന്നു അനിരുദ്ധിന്റെ മാസ് പ്രകടനം. ഇതിന്റെ വിഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു. മണിക്കൂറുകൾ കൊണ്ട് രണ്ട് മില്യനോളം പ്രേക്ഷകരാണ് അനിരുദ്ധിന്റെ പ്രകടന വിഡിയോ ആസ്വദിച്ചത്.
ജൂലൈ 17നാണ് ജയിലറിലെ ‘ഹുകും’ റിലീസ് ചെയ്തത്. സൂപ്പർ സുബുവിന്റെ വരികൾക്ക് അനിരുദ്ധ് രവിചന്ദർ ഈണം പകർന്നാലപിച്ചു. പാട്ടിനിടയിൽ രജനികാന്തിന്റെ ഡയലോഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനകം രണ്ടര കോടിയിലേറെ പേരാണ് ‘ഹുകും’ കണ്ടത്.
ചെറുപ്രായത്തിൽ തെന്നിന്ത്യയിലെ തിരക്കേറിയ സംഗീതസംവിധായകനായി വളർന്ന അനിരുദ്ധ് ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ഷാറുഖ് ഖാൻ ചിത്രം ജവാനു വേണ്ടി പാട്ടൊരുക്കുന്നത് അനിരുദ്ധ് ആണ്. ചിത്രത്തിനു വേണ്ടി അനിരുദ്ധ് 10 കോടി പ്രതിഫലം വാങ്ങിയെന്ന കണക്കുകൾ പുറത്തുവന്നിരുന്നു. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീതജ്ഞനായി അനിരുദ്ധ് മാറി.
2012ൽ പുറത്തിറങ്ങിയ 3 എന്ന ചിത്രത്തിലൂടെ സംഗീതസംവിധാനത്തിൽ ഹരിശ്രീ കുറിച്ചതാണ് അനിരുദ്ധ് രവിചന്ദർ. അന്ന് 21 വയസ്സ് മാത്രമായിരുന്നു അനിരുദ്ധിന്റെ പ്രായം. 3ലെ ‘വൈ ദിസ് കൊലവെറി ഡി’ എന്ന ഗാനം രാജ്യമാകെ തരംഗമായതോടെ തെന്നിന്ത്യയിലെ തിരക്കുള്ള സംഗീതജ്ഞനായി അനിരുദ്ധ് അതിവേഗം വളർന്നു. ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രത്തിലൂടെ ഗായകനായി അനിരുദ്ധ് മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു.