പുതിയ ഹോട്ടലുകളുമായി താജ് ഗ്രൂപ്പ്; മൂന്നാറിൽ വരും 55 മുറികളുള്ള ഹോട്ടൽ
Mail This Article
കൊച്ചി∙ എൺപതുകളുടെ അവസാനം നിരവധി ഹോട്ടലുകളുമായി കേരള ടൂറിസത്തിനു കുതിപ്പേകിയ താജ് ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (ഐഎച്ച്സിഎൽ) പുതിയ ഹോട്ടലുകളുമായി വരുന്നു. മൂന്നാറും ബേക്കലും കൊച്ചിയിലും നെടുമ്പാശേരിയിലുമായി നിർമ്മാണത്തിൽ 4 ഹോട്ടലുകളാണുള്ളത്. ജിഞ്ചർ ബ്രാൻഡിലും സെലക്‌ഷൻസ് ബ്രാൻഡിലും രണ്ടു ഹോട്ടലുകൾ വീതമാണ് നിർമ്മിക്കുക. ബേക്കലിലും മൂന്നാറിലുമാണ് സെലക്‌ഷൻസ് ബ്രാൻഡിൽ. മൂന്നാറിലെ 55 മുറികളുള്ള ഹോട്ടൽ അടുത്ത വർഷം തുറക്കും.
ജിഞ്ചർ ഹോട്ടലുകൾ ഫോർട്ട് കൊച്ചിയിലും നെടുമ്പാശേരിയിലും. ഇതിനു പുറമേ അമ ബ്രാൻഡിൽ വീടുകൾ തിരഞ്ഞെടുത്ത് ഹോംസ്റ്റേകളാക്കി മാറ്റുന്ന 23 പദ്ധതികളുമുണ്ട്. അവയിൽ 10 എണ്ണം പണി നടക്കുകയാണ്. കൊച്ചി വില്ലിങ്ഡൻ ദ്വീപിലെ താജ് മലബാർ ഹോട്ടലിന്റെ സമഗ്ര നവീകരണവും പുതിയ മാസ്റ്റർ പ്ളാൻ നടപ്പാക്കലും ആരംഭിച്ചിട്ടുണ്ട്. 30 വർഷത്തേക്ക് പോർട്ട് ട്രസ്റ്റിൽ നിന്ന് പാട്ടം നീട്ടിക്കിട്ടിയതിനെ തുടർന്നാണിത്.
എന്നാൽ മറൈൻ ഡ്രൈവിൽ കേരള ടൂറിസം ഇൻഫ്രസ്ട്രക്ചറും ഇന്ത്യൻ ഹോട്ടൽസ് കമ്പനിയും ചേർന്നുള്ള സംയുക്ത സംരംഭമായ ഗേറ്റ്‌വേ പഴക്കം ചെന്ന സ്ഥിതിയിലാണ്. ഈ ഹോട്ടലും ഘട്ടംഘട്ടമായി നവീകരിക്കുമെന്ന് ഇന്ത്യൻ ഹോട്ടൽസിന്റെ പ്രതിനിധി അറിയിച്ചു. നിലവിൽ വിവിധ ബ്രാൻഡുകളിലായി പണി നടക്കുന്നവ ഉൾപ്പടെ 16 ഹോട്ടലുകളാണ് ഇന്ത്യൻ ഹോട്ടൽസിനുള്ളത്. അതിൽ 6 എണ്ണത്തിൽ ഉടമസ്ഥതയില്ലെങ്കിലും നടത്തിപ്പ് വിവിധ ബ്രാൻഡുകളിലായിട്ടാണ്. വയനാട്ടിൽ 10 ഏക്കറിൽ 61 മുറികളുള്ള ഹോട്ടൽ അടുത്തിടെ തുറന്നിരുന്നു.