മോദിയോട് സൗമ്യത, രാഹുലിനോട് മോശം ബന്ധം; ആസാദിൽനിന്ന് പാഠം പഠിക്കുമോ?
Mail This Article
മുതിർന്ന നേതാവായ ഗുലാം നബി ആസാദിന്റെ കോൺഗ്രസിൽനിന്നുള്ള രാജി അനിവാര്യമായിരുന്നു. കഴിഞ്ഞ 4 വർഷമായി ഗാന്ധി കുടുംബവുമായി, വിശേഷിച്ച് രാഹുൽ ഗാന്ധിയുമായി ആസാദിനു മോശം ബന്ധമായിരുന്നു. പക്ഷേ, ദശകങ്ങളായി പാർട്ടിയോട് ഏറ്റവും കൂറുള്ള നേതാവ് എന്നാണ് ആസാദ് അറിയപ്പെട്ടിരുന്നത്. ഇന്ദിരാ ഗാന്ധി, മക്കളായ സഞ്ജയ്, രാജീവ് എന്നിവരുടെ കാലം മുതൽ ഒടുവിൽ സോണിയ ഗാന്ധിയുടെ കാലം വരെ ആസാദ് ഏറ്റവും വിശ്വസ്തനായി നിലകൊണ്ടു. ഇതിനിടെ, ഗാന്ധികുടുംബത്തിനു പുറത്തുളള നേതാക്കളായ പി.വി.നരസിംഹറാവു, സീതാറാം കേസരി എന്നിവരുമായും ഉറ്റബന്ധം പുലർത്തി. എന്നാൽ, രാഹുലുമായി അദ്ദേഹം ഒത്തുപോയിരുന്നില്ല. 2014 ലെ കോൺഗ്രസിന്റെ പരാജയത്തിനുശേഷം ഈ ഭിന്നത രൂക്ഷമായി.
മോദിയോട് സൗമ്യത
പ്രധാന പ്രശ്നം പാർലമെന്റിന് അകത്തു തന്നെയായിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമുള്ള 7 വർഷം രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഗുലാം നബി ആയിരുന്നു. സഭയിലെ പ്രവർത്തനത്തിൽ അളന്നുതൂക്കിയ രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ഭരണപക്ഷത്തിനെതിരെ മോശം വാക്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കി. അക്രമോത്സുകതയെക്കാൾ അനുനയത്തിന്റെ പാർലമെന്ററി ശൈലിയുടെ ഉടമ. പാർലമെന്റ് ചർച്ചയുടെ നിലവാരമുയർത്തുന്ന ജോലിയാണു താൻ ചെയ്യുന്നതെന്ന വിശ്വാസത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുകയും ചെയ്തു. എന്നാൽ, സർക്കാരിനു നേരെ അനാവശ്യമായ സൗമ്യതയാണ് ഗുലാംനബി പ്രകടിപ്പിക്കുന്നതെന്ന അതൃപ്തിയാണു രാഹുലും സംഘവും ഉന്നയിച്ചത്. പ്രതിപക്ഷത്തെ ദയാരഹിതമായി ചവിട്ടിക്കൂട്ടുകയും ജനപ്രിയമല്ലാത്ത നോട്ട് നിരോധനം, ജിഎസ്ടി അടക്കം തീരുമാനങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്യുന്ന സർക്കാരിനോട് ഉദാരത പാടില്ലെന്നും രാഹുൽ നിലപാടെടുത്തു.
ലോക്സഭയിൽ കോൺഗ്രസ് കക്ഷിനേതാക്കളായി ആദ്യം മല്ലികാർജുൻ ഖർഗെയും പിന്നീട് അധീർരഞ്ജൻ ചൗധരിയും നരേന്ദ്ര മോദിയെയും ബിജെപിയെയും നിരന്തരം കടന്നാക്രമിച്ചതുപോലെയാണ് യഥാർഥ പ്രതിപക്ഷ നേതാവ് ചെയ്യേണ്ടതെന്നും രാഹുൽ പക്ഷം തുറന്നടിച്ചു. ഗുലാം നബിയുടെ കാലത്തും രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ ഇറക്കിപ്പോക്കും സഭാനടപടികൾ തടസ്സപ്പെടലും ഉണ്ടായിട്ടുണ്ടെങ്കിലും തീപ്പൊരി പ്രസംഗങ്ങളോ ശബ്ദഘോഷമോ അദ്ദേഹം നടത്തിയില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിത്വവുമായിരുന്നില്ല. ഈ അർഥത്തിൽ നോക്കിയാൽ അദ്ദേഹം രാഷ്ട്രീയമര്യാദയുടെ പഴയ സ്കൂളായിരുന്നു; രാജ്യസഭയിൽ ഉപനേതാവായിരുന്ന ആനന്ദ് ശർമയെപ്പോലെ. ഗാന്ധികുടുംബവും ആസാദുമായുള്ള ഈ വിടവ് വർധിച്ചത് 2019 ഓഗസ്റ്റിൽ കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് കേന്ദ്രഭരണപ്രദേശങ്ങളാക്കിയ ശേഷമാണ്. അന്ന് നരേന്ദ്ര മോദിയും അമിത് ഷായും കരുതൽ തടങ്കലിൽ വയ്ക്കാതിരുന്ന കശ്മീരിലെ ഏക മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദായിരുന്നു. ഇതോടെ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങി.
വഴിയടഞ്ഞ് രാജ്യസഭ
മുൻപ് രാഹുലിന്റെ നിയന്ത്രണത്തിലുള്ള ഹൈക്കമാൻഡ് പാർലമെന്റിലെ മുതിർന്ന നേതാക്കളായിരുന്ന പി.ജെ.കുര്യനും കെ.വി.തോമസിനും വീണ്ടും അവസരം നിഷേധിച്ചിരുന്നു. ഇത്തവണ അവർ ജി23 നേതാക്കളായ ആസാദിനെയും ആനന്ദ് ശർമയെയും ലക്ഷ്യം വച്ചു. ഇരുവർക്കും വീണ്ടും അവസരം നിഷേധിച്ചു. ജമ്മു കശ്മീരിലെയും ഹിമാചൽപ്രദേശിലെയും തിരഞ്ഞെടുപ്പു പ്രചാരണ സമിതിയുടെ തലവന്മാരായി ആസാദിനെയും ആനന്ദിനെയും ഈ മാസം ആദ്യം ഹൈക്കമാൻഡ് നിയോഗിച്ചെങ്കിലും ഇരുവരും സ്ഥാനം രാജിവച്ചൊഴിഞ്ഞു.
തിരിച്ചടിച്ച കത്ത്
സോണിയ ഗാന്ധിയുടെയും രണ്ടു മക്കളുടെയും നേതൃത്വത്തിൽ കോൺഗ്രസിനു സംഭവിച്ച വീഴ്ചകളെ ചൂണ്ടിക്കാട്ടി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 21 നേതാക്കൾക്കൊപ്പം ആസാദും ആനന്ദ് ശർമയും എഴുതിയ നീണ്ട കത്താണ് സ്ഥിതി കൂടുതൽ മോശമാക്കിയത്. ആ കത്തിനുമേൽ ചില വാഗ്ദാനങ്ങളൊക്കെ സോണിയ അന്നു നൽകിയെങ്കിലും രാഹുലും പ്രിയങ്കയും ഗുലാം നബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ എന്നിവരെ വിശ്വാസത്തിലെടുത്തില്ല. അതേസമയം, കത്തെഴുതിയ സംഘത്തിലുണ്ടായിരുന്ന ഹരിയാന മുൻ മുഖ്യമന്ത്രി ഭുപീന്ദർ ഹൂഡ, എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് തുടങ്ങിയ മറ്റു നേതാക്കളോട് കൂടുതൽ അനുഭാവപൂർണമായ നിലപാടു സ്വീകരിക്കുകയും ചെയ്തു.
അടക്കിപ്പിടിച്ച മൗനം
ദീർഘകാലം പാർട്ടിയുടെ സുപ്രധാന പദവികൾ വഹിച്ച അഹമ്മദ് പട്ടേലിനെപ്പോലെ രാജ്യത്തെ പല തലമുറയിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമായി സൗഹൃദമുള്ള നേതാവാണ് ആസാദ്. 1970കളിൽ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന കാലം മുതലുള്ള സംഘടനാപരിചയമാണിത്. നാലു ദശകത്തോളം നിയമസഭകളിലേക്കും പാർലമെന്റിലേക്കുമുള്ള കോൺഗ്രസ് സ്ഥാനാർഥി നിർണയ സമിതികളുടെ ഭാഗമായിരുന്നു ആസാദ്. ആർക്കും സമീപിക്കാവുന്ന മിതവാദിയായ നേതാവായതിനാൽ ആസാദിന്റെ രാജി പല കോൺഗ്രസ് നേതാക്കൾക്കും മനോവേദനയുണ്ടാക്കും.
ജമ്മു കശ്മീരിലാണ് ഇതിന്റെ ആഘാതം ഏറ്റവും ശക്തമാവുക. അവിടെ അദ്ദേഹത്തിന്റെ അനുയായികൾ ഇതിനകം തന്നെ കോൺഗ്രസ് വിട്ടുതുടങ്ങി. ആസാദിനു ബദലായി ഒരു നേതൃത്വത്തെ കശ്മീരിൽ ഉയർത്തിക്കൊണ്ടുവരാനും ഹൈക്കമാൻഡ് ഒന്നും ചെയ്തിട്ടില്ല.
ആഭ്യന്തര ജനാധിപത്യം ആവശ്യപ്പെട്ട് തങ്ങൾ മുന്നോട്ടുവച്ച ആവശ്യങ്ങളെ അപഹസിക്കുന്ന രീതിയിലാണു സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഹൈക്കമാൻഡ് നടപടി സ്വീകരിച്ചതെന്ന് നീണ്ട രാജിക്കത്തിൽ ആസാദ് കുറ്റപ്പെടുത്തിയിട്ടുണ്ട്. ഗാന്ധികുടുംബത്തെ ആസാദ് വഞ്ചിച്ചതായി പാർട്ടി വക്താവ് കുറ്റപ്പെടുത്തിയപ്പോൾ ജയ്റാം രമേശ് ആരോപിച്ചത് നരേന്ദ്ര മോദിയുടെ സ്വാധീനത്തിലാണ് ഈ നീണ്ട കത്ത് അദ്ദേഹം എഴുതിയതെന്നാണ്. ഇതൊഴിച്ചാൽ പാർട്ടിയിലെ പൊതുപ്രതികരണം അടക്കിപ്പിടിച്ച മൗനം തന്നെ. വരും മാസങ്ങളിൽ ആസാദ് സ്വന്തം കക്ഷിയുമായി മുന്നോട്ടുവരുമെന്ന കാര്യത്തിൽ സംശയമില്ല. പ്രധാന ചോദ്യം മറ്റൊന്നാണ്. ആസാദിൽ ചെന്നുനിൽക്കുന്ന നേതാക്കളുടെ രാജിപരമ്പരയിൽ നിന്ന് സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും എന്തെങ്കിലും പാഠങ്ങൾ മനസ്സിലാക്കുമോ? അതോ പതിവുപടി തന്നെ കാര്യങ്ങൾ തുടരുമോ?
Content Highlight: Ghulam Nabi Azad quits Congress