ADVERTISEMENT

കാൽനൂറ്റാണ്ടിനുശേഷം ഇതാദ്യമായി ഗാന്ധികുടുംബത്തിനു പുറത്തുനിന്ന് കോൺഗ്രസ് പ്രസിഡന്റ് വരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു 17 മാസം മാത്രം ശേഷിക്കെ പുതിയ അധ്യക്ഷന്റെ തീരുമാനങ്ങൾ പാർട്ടിക്കു നിർണായകമാകും

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു താനോ മകൻ രാഹുൽ ഗാന്ധിയോ രംഗത്തില്ലെന്നു സോണിയ ഗാന്ധി ശശി തരൂരിനോടും അശോക് ഗെലോട്ടിനോടും വ്യക്തമാക്കിയതോടെ, കാൽനൂറ്റാണ്ടിനുശേഷം കോൺഗ്രസിൽ വലിയ മാറ്റങ്ങളുടെ കാറ്റ് വീശുന്നു.  

കഴിഞ്ഞ 25 വർഷവും കോൺഗ്രസ് പ്രസിഡന്റായിരുന്നതു സോണിയയോ രാഹുലോ ആണ്. നാലു വർഷം മുൻപു രാഹുൽ സ്ഥാനമൊഴിഞ്ഞതോടെ സോണിയ ഇടക്കാല പ്രസിഡന്റായെങ്കിലും പാർട്ടിയുടെ നിയന്ത്രണം രാഹുലിനുതന്നെയായിരുന്നു. ഈ സ്ഥിതിക്കു മാറ്റം ഉണ്ടാകുമെന്നു ഗാന്ധികുടുംബം വ്യക്തമാക്കിയതോടെ പാർട്ടി നേതാക്കൾക്കും അമ്പരപ്പായി. ഇതിനിടെ രാഹുൽ ഭാരത് ജോഡോ യാത്രയ്ക്കു തുടക്കമിടുകയും ചെയ്തു.

വിവിധ സംസ്ഥാനങ്ങളിലെ പിസിസികൾ രാഹുൽ നയിക്കണമെന്നു പ്രമേയം പാസാക്കുകയും ദേശീയ നേതാക്കൾ സമ്മർദം ചെലുത്തുകയും ചെയ്തെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കേണ്ടതില്ലെന്നു ഗാന്ധികുടുംബം തീരുമാനിക്കുകയായിരുന്നു. 

നരേന്ദ്ര മോദി 2014ൽ അധികാരത്തിലേറിയശേഷം കോൺഗ്രസ് നേരിട്ട തുടർച്ചയായ തിരഞ്ഞെടുപ്പു പരാജയങ്ങളാണ് ഗാന്ധികുടുംബത്തിന്റെ നേതൃത്വത്തെ പ്രതികൂലമായി ബാധിച്ചത്. ഇതിനിടെ, പ്രമുഖ നേതാക്കളിൽ പലരും കൊഴിഞ്ഞുപോയി. ഈ വർഷം ഗുലാം നബി ആസാദും കപിൽ സിബലും പാർട്ടിവിട്ടു. 

പാർട്ടി അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആദ്യം വിസമ്മതിച്ചു. പിന്നീടു വഴങ്ങി. രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനം ഉപേക്ഷിക്കാൻ തയാറാണെന്നു രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കുശേഷം ഗെലോട്ട് പ്രഖ്യാപിച്ചെങ്കിലും, അദ്ദേഹത്തിന്റെ അനുയായികൾ അപ്പോഴേക്കും കലാപം തുടങ്ങി. ഗെലോട്ടിനു പകരം സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കാനുള്ള രാഹുലിന്റെ താൽപര്യത്തിനെതിരെയാണു നൂറോളം എംഎൽഎമാർ രാജിഭീഷണി മുഴക്കി രംഗത്തെത്തിയത്. 

ഗെലോട്ടും പൈലറ്റും കണ്ടാൽ മിണ്ടുക പോലുമില്ലാത്ത സാഹചര്യത്തിൽ, തന്റെ അനുയായികളിലൊരാളെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുത്താനാണു ഗെലോട്ട് ശ്രമിക്കുന്നത്. ഇതോടെ, രാജസ്ഥാൻ കോൺഗ്രസിൽ പുതിയ പ്രതിസന്ധിയായി.

യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി, കേന്ദ്രമന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിലെല്ലാം നല്ല അനുഭവസമ്പത്തുള്ള നേതാവാണു ഗെലോട്ട്. കേന്ദ്രമന്ത്രിയായിരുന്ന തരൂർ മൂന്നുവട്ടം എംപിയായി. ഇന്ത്യയ്ക്കകത്തും പുറത്തും അറിയപ്പെടുന്ന നേതാവാണ് അദ്ദേഹം. പക്ഷേ, ഗെലോട്ട് സംഘടനാരംഗത്തു പയറ്റിത്തെളിഞ്ഞ നേതാവാണ്. ഇവരിലാരെ പാർട്ടി തിരഞ്ഞെടുക്കുമെന്നതു കാത്തിരുന്നു കാണാം. രാജസ്ഥാനിലെ പ്രതിസന്ധി പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നതും ചർച്ചയായിട്ടുണ്ട്.

ഇതിനിടെ, പാർട്ടിചുമതലകളിൽനിന്നും സോണിയ പൂർണമായി പിൻവാങ്ങുകയാണ്. പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് ഇല്ലെങ്കിലും പാർട്ടിക്കു പുതുജീവൻ പകരാനുള്ള ശ്രമങ്ങളിൽ മുന്നിൽ താനുണ്ടാവുമെന്നാണു രാഹുലിന്റെ പ്രഖ്യാപനം. ലോക്സഭാ തിരഞ്ഞെടുപ്പിനു 17 മാസം മാത്രം ശേഷിക്കെ പുതിയ അധ്യക്ഷൻ കോൺഗ്രസിനെ എങ്ങനെ നയിക്കുമെന്നതു നിർണായകം. സംസ്ഥാന അധ്യക്ഷന്മാർ, പ്രവർത്തക സമിതി നേതാക്കൾ, എഐസിസി ഭാരവാഹികൾ തുടങ്ങി നേതാക്കളെയെല്ലാം കൈപ്പിടിയിലാക്കി മുന്നോട്ടു കൊണ്ടുപോകാൻ പുതിയ അധ്യക്ഷനു കഴിയുന്നില്ലെങ്കിൽ കോൺഗ്രസ് വീണ്ടും കലുഷിതമായേക്കും. 

എല്ലാ സംസ്ഥാനങ്ങളിലെയും വിമതരെ അനുനയിപ്പിക്കുന്നതിനൊപ്പം വിശ്വസ്തർക്ക് അതൃപ്തി ഉണ്ടാവാതെ നോക്കുകയും ചെയ്യണം. ബിജെപി അടക്കമുള്ള പാർട്ടികളിലേക്കു നേതാക്കൾ പോകുന്നതു തടയാനും കഴിയണം. ഡിഎംകെ, ജെഎംഎം, എൻസിപി, മുസ്‌ലിം ലീഗ് തുടങ്ങി യുപിഎയുടെ മുഖ്യഘടകകക്ഷികളുമായുള്ള ബന്ധം ശക്തമായി നിലനിർത്തുകയും വേണം. ചുരുക്കിപ്പറഞ്ഞാൽ, കോൺഗ്രസ് അധ്യക്ഷസ്ഥാനം പൂമെത്തയാവില്ല.

Content Highlights: Congress president poll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com