പരിസ്ഥിതിക്ക് കുടപിടിച്ച് ‘മൗസം മിത്രം യുവസേന’
Mail This Article
ന്യൂഡൽഹി ∙ യുവജനങ്ങളെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി ‘മൗസം മിത്രം യുവസേന’ രൂപീകരിച്ച് ജനങ്ങൾക്കിടയിലേക്ക് കുടനിവർത്തി ഇറങ്ങുകയാണ് 150–ാം ജന്മദിനവേളയിൽ ഇന്ത്യൻ കാലാവസ്ഥാ വിഭാഗം (ഐഎംഡി). സ്കൗട്ട്, എൻസിസി, എൻഎസ്എസ്, പരിസ്ഥിതി ക്ലബ് പോലെയുള്ള കൂട്ടായ്മകളുടെ സഹായത്തോടെയാവും കാലാവസ്ഥാ–പരിസ്ഥിതി സംരക്ഷണത്തിനായുള്ള യുവസേന രൂപീകരിക്കുക. ഇവർക്ക് ശാസ്ത്രീയ പരിശീലനം നൽകും. കാലാവസ്ഥാ പ്രവചനവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് ‘വെതർ ആൻഡ് യൂത്ത്’ ആപ് ഇന്ന് പുറത്തിറക്കുമെന്ന് ഐഎംഡി മേധാവി ഡോ. എം. മഹാപത്ര പറഞ്ഞു.
സ്കൂളുകളിൽ കാലാവസ്ഥാ ക്ലബ്, പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കാലാവസ്ഥാ പഠനം, കാലാവസ്ഥാ ഹാക്കത്തൺ തുടങ്ങിയവയും പരിഗണിക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ മഴയുടെ അളവെടുത്ത് ദേശീയ ഡേറ്റയുടെ ഭാഗമാക്കും. ദുരന്തവേളയിൽ രക്ഷാപ്രവർത്തനങ്ങൾക്കായി യുവജനങ്ങൾക്കു പരിശീലന പദ്ധതികൾ നടപ്പിലാക്കും. കാലാവസ്ഥാ മാറ്റം യാഥാർഥ്യമായ സാഹചര്യത്തിൽ കുട്ടികളും യുവാക്കളും കൂടി പങ്കാളികളാകുന്ന കാലാവസ്ഥാ സമൂഹമാണ് ഇനി ഉരുത്തിരിയേണ്ടതെന്ന് ഇതുസംബന്ധിച്ച വിഷയാവതരണത്തിൽ പുണെ ഐഐടിഎം ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു കോൾ പറഞ്ഞു. മീനച്ചിൽ നദീതീരത്ത് യുവജനക്കൂട്ടായ്മ നടത്തുന്ന പ്രളയ മുന്നറിയിപ്പു സംവിധാനവും ദേശീയ തലത്തിൽ ചർച്ചയായി.
ഇന്ന് 9 ന് ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ ചേരുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎംഡിയുടെ 150–ാം വാർഷികം ഉദ്ഘാടനം ചെയ്യും. ലോക കാലാവസ്ഥാ സംഘടനയുടെ സെക്രട്ടറി ജനറൽ സെലസ്റ്റെ സാവൂളോ ആണ് മുഖ്യാതിഥി. ഇന്നും നാളെയുമായി നടക്കുന്ന സെമിനാറുകളിൽ കോഴിക്കോട് ജലവിഭവ വിനിയോഗ കേന്ദ്രം ഉൾപ്പെടെ രാജ്യത്തെ പ്രധാന ശാസ്ത്ര സ്ഥാപനങ്ങൾ പങ്കെടുക്കും.