നിയമസഭ ബജറ്റ് സമ്മേളനം ഇന്നു മുതല്‍; നയപ്രഖ്യാപനത്തോടെ തുടക്കം
Mail This Article
തിരുവനന്തപുരം ∙ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനമാണിത്. റിപ്പബ്ലിക് ദിനം മുതൽ 31 വരെ ഇടവേളയാണ്. ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ച. മൂന്നിനാണ് ബജറ്റ് അവതരണം.
ഫെബ്രുവരി 6 മുതൽ 8 വരെ ബജറ്റിന്മേലുള്ള പൊതുചർച്ച. 13 മുതൽ രണ്ടാഴ്ച സബ്ജക്ട് കമ്മിറ്റികൾ ധനാഭ്യർഥനകളുടെ സൂക്ഷ്മപരിശോധന നടത്തും. 2023-24 സാമ്പത്തിക വർഷത്തെ ധനാഭ്യർഥനകൾ ചർച്ച ചെയ്ത് പാസാക്കാൻ ഫെബ്രുവരി 28 മുതൽ മാർച്ച് 22 വരെ കാലയളവിൽ 13 ദിവസം നീക്കിവച്ചിട്ടുണ്ട്.
ഈ സാമ്പത്തികവർഷത്തെ അന്തിമ ഉപധനാഭ്യർഥനകളെയും ബജറ്റിനെയും സംബന്ധിക്കുന്ന രണ്ട് ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കും. സർക്കാർ കാര്യങ്ങൾക്കായി നീക്കിവച്ച ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരുമാനിക്കുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് ഉത്തരം നിശ്ചിത സമയത്തിനകം നൽകണമെന്ന കാര്യം മന്ത്രിമാരുടെ ശ്രദ്ധയിൽപെടുത്തുമെന്നും ഷംസീർ വ്യക്തമാക്കി.
English Summary: Budget session of Kerala Assembly to commence today with governor’s policy address