ADVERTISEMENT

തിരുവനന്തപുരം∙ മാർച്ച് 30 വരെ നീണ്ടുനിൽക്കുന്ന കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു സഭ ആരംഭിക്കുന്നത്. ചൊവ്വാഴ്ച സഭ ഉണ്ടാകില്ല. നിലവിലെ കാര്യക്രമപ്രകാരം ബുധനാഴ്ച ചേരേണ്ടതാണെങ്കിലും നാളെ ചേരുന്ന കാര്യോപദേശകസമിതി യോഗം അതു വേണ്ടെന്നുവയ്ക്കും. തുടർന്ന് ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ അവതരണവും ചർച്ചയും. മൂന്നിന് മന്ത്രി കെ.എൻ.ബാലഗോപാൽ തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10 വരെ ചേരുന്ന സഭ പിന്നീട് 27ന് പുനരാരംഭിച്ച് മാർച്ച് 30ന് അകം ബജറ്റ് പാസാക്കി പിരിയും. 

സഭാ കലണ്ടറിലെ ഏറ്റവും നീണ്ട സമ്മേളനത്തിനാണു നാളെ മുതൽ സഭ വേദിയാകുന്നത്. പൂർണമായും ബജറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണു നടക്കുക. നിയമനിർമാണം വേണ്ടിവന്നാൽ കാര്യോപദേശക സമിതി ചേർന്ന് അജൻഡയിൽ ഉൾപ്പെടുത്തും.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രാരംഭ തയാറെടുപ്പുകൾ മുന്നണികൾ ആരംഭിച്ച സാഹചര്യം നിയമസഭയിലും പ്രതിഫലിക്കും. സഭ ചേരുന്നതിനിടെ തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന സിപിഎമ്മിന്റെ കേരള ജാഥ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കശ്മീരിലെ സമാപനച്ചടങ്ങിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുക്കേണ്ടതുമൂലമാണ് ജനുവരി 25 മുതൽ 31 വരെ സഭ വേണ്ടെന്നുവച്ചത്. കോൺഗ്രസിന്റെ ഭവനസന്ദർശനം, പദയാത്രകൾ, സിപിഎമ്മിന്റെ കേന്ദ്രവിരുദ്ധ പ്രതിഷേധ ധർണകൾ തുടങ്ങിയവ കൂടി പുറത്തുനടക്കുന്നതിന്റെ രാഷ്ട്രീയച്ചൂട് നിയമസഭയിലേക്കു പടരും.

Read Also: ‘രാജ്യത്ത് സെൻസർഷിപ്പ് തുടങ്ങി; അന്ന് വാജ്പേയി രാജധർമം ഓർമിപ്പിച്ചതെന്തിന്?’

സർക്കാരും ഗവർണറും തമ്മിലെ വൻസംഘർഷത്തിന് അയവു വന്നെങ്കിലും അതിന് ആധാരമായ കാരണങ്ങൾ  നിലനിൽക്കുന്നതിനാൽ ആരിഫ് മുഹമ്മദ് ഖാന്റെ തിങ്കളാഴ്ചത്തെ നയപ്രഖ്യാപന പ്രസംഗശൈലി ശ്രദ്ധിക്കപ്പെടും. പ്രതിപക്ഷം ഗവർണറോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാനാണ് എല്ലാ സാധ്യതയും. തിങ്കളാഴ്ച രാവിലെ ചേരുന്ന യുഡിഎഫ് നിയമസഭാകക്ഷി യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. തിരഞ്ഞെടുപ്പ് വർഷങ്ങൾക്കു മുൻപുള്ള ബജറ്റ് എന്ന നിലയിൽ പരമാവധി വരുമാനസാധ്യതകൾ ധനമന്ത്രി ആരായുമെന്ന സൂചന നിലനിൽക്കുന്നതിനാൽ ബജറ്റ് അവതരണവും തുടർചർച്ചകളും പ്രതിഷേധവേദി ആക്കാനുള്ള സാധ്യത പ്രതിപക്ഷം ആരായും. ബജറ്റിനു മുൻപു തന്നെ വാട്ടർചാർജ് കൂട്ടിയ നടപടിയിലൂടെ സർക്കാരിനെ നയിക്കുന്ന ധനനയ സൂചന അവർക്കു ലഭിച്ചുകഴിഞ്ഞു.

ബഫർസോൺ, പൊലീസിന്റെ അധോലോക ബന്ധങ്ങൾ, ലഹരി മാഫിയയും സിപിഎം നേതാക്കളും തമ്മിൽ ആരോപിക്കപ്പെടുന്ന ബന്ധം, സ്വകാര്യ വാഴ്സിറ്റികളോടുള്ള എൽഡിഎഫിന്റെ വൈകിവന്ന പ്രേമം തുടങ്ങി ഒരുപിടി ചൂടുള്ള വിഷയങ്ങൾ പ്രതിപക്ഷത്തിന് ആയുധമായി വീണുകിട്ടിയിട്ടുണ്ട്. കോൺഗ്രസിലെ തർക്കങ്ങളും ശശി തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങളും കെപിസിസി ആസ്ഥാനത്തെ സംഭവങ്ങൾ തന്നെ പൊലീസ് അന്വേഷണത്തിനു വിധേയമാകുന്നതും ഭരണപക്ഷവും മുതലാക്കും.

English Summary: Kerala budget to begin 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com