അപകടത്തിന്റെ ജിഡി എൻട്രി ഇനി ഫോണിലൂടെ
Mail This Article
തിരുവനന്തപുരം ∙ റോഡപകടം നടന്നാൽ അക്കാര്യം പൊലീസ് സ്റ്റേഷനിലെ ജനറൽ ഡയറിയിൽ രേഖപ്പെടുത്തുന്ന നടപടിക്രമം (ജിഡി എൻട്രി) ഇനി വാഹന ഉടമയ്ക്കോ ഉടമയ്ക്കു വേണ്ടി മറ്റുള്ളവർക്കോ ഫോണിലൂടെ പൂർത്തിയാക്കാം. വാഹനാപകടം സംബന്ധിച്ച കേസുകളിൽ ആവശ്യമായ രേഖയാണ് ജിഡി എൻട്രി. ഇത് വാഹന ഉടമ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയോ അപകടസ്ഥലത്തെത്തുന്ന പൊലീസുകാർ വഴിയോ ആണ് രേഖപ്പെടുത്താറ്.
ഫോണിൽ വിളിച്ചറിയിച്ചാലും ചില പൊലീസ് സ്റ്റേഷനുകളിൽ രേഖപ്പെടുത്താറുണ്ട്. എന്നാൽ, അപകടസമയത്ത് പലപ്പോഴും ഇൗ നടപടിക്രമം പൂർത്തിയാക്കാൻ വാഹന ഉടമയ്ക്കു കഴിയാറില്ല. ഇതു കണക്കിലെടുത്താണ് കേരള പൊലീസിന്റെ വിവിധ സേവനങ്ങൾ ലഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷനായ പൊൽ ആപ്പിൽ ജിഡി എൻട്രി സൗകര്യം ഏർപ്പെടുത്തിയത്.
ചെയ്യേണ്ടത്: പൊൽ ആപ് [Pol-App (Kerala Police)] എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. പേരും മൊബൈൽ നമ്പരും നൽകുക. ഫോണിൽ കിട്ടുന്ന ഒടിപി രേഖപ്പെടുത്തുക. ആധാർ നമ്പർ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒരിക്കൽ റജിസ്റ്റർ ചെയ്താൽ പൊലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾക്കും അതു മതിയാകും. Request Accident GD എന്ന സേവനം തിരഞ്ഞെടുത്ത് അപേക്ഷകന്റെ പേര്, വാഹനത്തിന്റെയും അപകടത്തിന്റെയും വിവരങ്ങൾ, ഫോട്ടോ തുടങ്ങിയവ നൽകി സബ്മിറ്റ് ചെയ്യാം. അപേക്ഷയിൽ പൊലീസ് പരിശോധന പൂർത്തിയായ ശേഷം ജിഡി എൻട്രി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാം.
English Summary : GD entry of accident through mobile phones