ADVERTISEMENT

ന്യൂഡൽഹി ∙ 2003 ജൂലൈയിൽ ഡൽഹി ഇന്ത്യൻ നാഷനൽ സയൻസ് അക്കാദമിയിലെ സ്വീകരണമുറിയിലിരുന്ന് ഡോ.എം.എസ്.വല്യത്താൻ പറഞ്ഞത് ആയുർവേദത്തെക്കുറിച്ചാണ്. ഡോ. വല്യത്താൻ ഇംഗ്ലിഷിൽ തയാറാക്കിയതും ആ വർഷം പുറത്തുവന്നതുമായ ‘ചരക പൈതൃകം’ (ദ് ലെഗസി ഓഫ് ചരക) ആയിരുന്നു കാരണം. 

‘‘ആധുനിക വൈദ്യം മാത്രമാണ് ശരിയെന്ന മർക്കടമുഷ്ടി പാടില്ല. ചികിത്സാ സമ്പ്രദായങ്ങളെ പരസ്പരപൂരകങ്ങളായി കാണണം. ഒന്നിൽ സാധിക്കാത്തതു മറ്റൊന്നിൽ സാധ്യമാകാം. അങ്ങനെ ചിന്തിക്കുന്നതുകൊണ്ടു പ്രയോജനമാണുള്ളതെന്ന് ലോകം മനസിലാക്കിക്കഴിഞ്ഞിരിക്കുന്നു. പലർക്കും ആയുർവേദം നല്ല ഫലങ്ങൾ നൽകുന്നു.’’

സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ ചരകനെക്കുറിച്ചു കേട്ടു; ചരക സംഹിത വായിക്കണമെന്ന് ആഗ്രഹിച്ചു. വാത, പിത്ത, കഫ ദോഷങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സ സാധ്യമെന്ന് അലോപ്പതി ഡോക്ടറായിരുന്ന അമ്മാവൻ പറഞ്ഞു മനസിലാക്കുകയും ചെയ്തു. എങ്കിലും, ആധുനിക വൈദ്യശാസ്ത്രത്തിൽ മുങ്ങിനിന്ന കാലത്ത് ‘ആയുർവേദ വൈരം എന്ന രോഗം’ തന്നെ കലശലായി ബാധിച്ചിരുന്നുവെന്ന് അന്ന് ഡോ.വല്യത്താൻ പറഞ്ഞു.

ബെംഗളൂരുവിലെ രാമൻ റിസർ‍ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 1994 ലെ ഗാന്ധി സ്മാരക പ്രഭാഷണത്തിന് വല്യത്താൻ ക്ഷണിക്കപ്പെട്ടു. പണ്ഡിത സദസ്സിനോട് താൻ നാളിതുവരെ ചെയ്ത ഹൃദയശസ്ത്രക്രിയകളെക്കുറിച്ചും ആധുനിക വൈദ്യത്തിന്റെ മെച്ചത്തെക്കുറിച്ചോ പറയുന്നതിൽ കാര്യമില്ലെന്ന് തോന്നി. അപ്പോഴാണ്, എന്തുകൊണ്ട് ആയുർവേദത്തെക്കുറിച്ച് പറഞ്ഞുകൂടാ എന്ന് ചിന്തിക്കുന്നതും ‘ചരക സംഹിത’ വായിക്കുന്നതും. ‘സയൻസ് ആസ് സർവീസ്’ എന്നു പേരിട്ട പ്രഭാഷണത്തിൽ ഡോ.വല്യത്താൻ പറഞ്ഞത് ചരകനെപ്പറ്റി. 

അന്നു സദസിലുണ്ടായിരുന്ന പ്രമുഖ ശാസ്ത്രജ്ഞൻ പ്രഫ.സതീഷ് ധവാൻ ചരകസംഹിത ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യാൻ നിർദേശിച്ചു. അതനുസരിച്ച ഡോ.വല്യത്താൻ, ചരകസംഹിതയെ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ക്രമീകരിച്ചു. പുസ്തകത്തിനായി തയാറാക്കിയ കുറിപ്പുകൾ പരിശോധിച്ചു നൽകിയത് വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാടാണ്. 

ആദ്യം ആയുർവേദത്തോട് പുച്ഛമായിരുന്നെങ്കിൽ, ചരകനെ വായിച്ചപ്പോൾ ഡോ.വല്യത്താൻ അത്ഭുതസ്തബ്ധനായി. എല്ലാ അറിവിനു പിന്നിലും ദൈവികപ്രചോദനമുണ്ടെന്നുള്ള ബോധ്യത്തോടെ, ചരകനിൽനിന്ന് സുശ്രുതന്റെയും വാഗ്ഭടന്റെയും ലോകത്തേക്കും വല്യത്താൻ സഞ്ചരിച്ചു; സുശ്രുത പൈതൃകവും വാഗ്ഭട പൈതൃകവും പുസ്തകങ്ങളായി നൽകി.

English Summary:

Dr MS Valiathan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com