ADVERTISEMENT

കൊച്ചി∙ റിയാന്‍ സ്റ്റുഡിയോ അടക്കം തന്റെ കുടുംബം നടത്തിപ്പോന്ന ബിസിനസുകളെല്ലാം അവസാനിപ്പിക്കുന്നതായി ടോമിന്‍ തച്ചങ്കരി. ഭാര്യയുടെ മരണം തന്നെ മാറ്റിമറിച്ചെന്നും ഇനി ജീവിതത്തില്‍ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്നും തച്ചങ്കരി. ശേഷിക്കുന്ന നാലുവര്‍ഷത്തെ ഔദ്യോഗികജീവിതം, ഇതുവരെ ഉണ്ടായ കുറവുകൾ പരിഹരിക്കാനുള്ളതാണ്. മനോരമന്യൂസിനു അനുവദിച്ച അഭിമുഖത്തിലാണ് തുറന്നു പറച്ചിൽ. 

അനിതയുടെ വേർപാട് തന്റെ ചിന്തകളെതന്നെ മാറ്റിമറിച്ചു. മദിരാശി കേന്ദ്രമാക്കി വളർന്ന മലയാള സിനിമയെ രണ്ട് പതിറ്റാണ്ട് മുൻപ് കേരളത്തിലേക്കും പ്രത്യേകിച്ച് കൊച്ചിയിലേക്കും പറിച്ചുനടുന്നതിൽ പ്രധാന പങ്കുവഹിച്ച റിയാൻ സ്റ്റുഡിയോയും അനുബന്ധ ബിസിനസുകളുമെല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്.

സംവിധാനത്തിന്റെ എബിസിഡി അറിയാത്ത കാലത്ത് യേശുദാസിനെ കൊണ്ട് പാട്ടുപാടി അഭിനയിപ്പിച്ചത്, എസ്പി ബാലസുബ്രഹ്മണ്യം ഹരിഹരൻ അടക്കമുള്ളവരെ മലയാളത്തിൽ എത്തിച്ചതിന്റെ സൂത്രവഴികൾ, അവരുടെ പാട്ടുകളിൽ ഉച്ചാരണം നന്നാക്കാൻ ഡ്യൂപ്പുകളെ വച്ച് പാടിച്ചത്, തന്റെ പാട്ടുകൾ പള്ളികളില്‍ പാടരുതെന്ന് വിലക്കിയ സഭാധ്യക്ഷർ പിന്നീട് നിലപാട് തിരുത്തിയത്. എന്നിങ്ങനെ വെളിപ്പെടുത്തലുകളുടെ ഒരു പരമ്പര തന്നെയാണ് ടോമിൻ തച്ചങ്കരി ഈ ക്രിസ്മസ് ദിനങ്ങളിൽ മനോരമ ന്യൂസിലൂടെ നടത്തുന്നത്. 

മലയാളത്തിലെ ഭക്തിഗാന ശാഖയെയാകെ മാറ്റിമറിച്ച് രണ്ട് പതിറ്റാണ്ട് മുന്‍പ് നടത്തിയ സംഗീത പരീക്ഷണങ്ങളെക്കുറിച്ചും  അദ്ദേഹം സംസാരിച്ചു. പത്മശ്രീ ഡോക്ടര്‍ കെജെ യേശുദാസ് പാടി അഭിനയിച്ച് 1992ലെ ക്രിസ്മസ് കാലത്ത് പുറത്തുവന്ന ഈ സംഗീത ആല്‍ബം ഭക്തിഗാനരംഗത്ത് അതുവരെ ഉണ്ടായിരുന്ന നടപ്പുരീതികളെയെല്ലാം മാറ്റിമറിച്ചു.

പിന്നീടിങ്ങോട്ട് ഈസ്റ്റര്‍, ക്രിസ്മസ് കാലത്തെല്ലാം ടോമിന്‍ തച്ചങ്കരി ഈണംനല്‍കി റിയാന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പാട്ടുകൾ വിപണിയിലെത്തി. ചിത്രയും സുജാതയും എംജി ശ്രീകുമാറും തുടങ്ങി, ഭാഷയുടെ അതിരുകളെ പോലും വെല്ലുവിളിച്ച് എസ്പി ബാലസുബ്രഹ്മണ്യം, ഹരിഹരന്‍, ഉദിത് നാരായണന്‍, കവിത കൃഷ്ണമൂര്‍ത്തി തുടങ്ങിയവരെ കൊണ്ടുവരെ തച്ചങ്കരി മലയാളത്തില്‍ പാടിച്ചു. ഭക്തിഗാനമെന്ന പരിമിതിയേതുമില്ലാതെ സംഗീതാസ്വാദകരെല്ലാം നെഞ്ചേറ്റിയ പാട്ടുകള്‍ അങ്ങനെ അഭിരുചികളെ തന്നെ സ്വാധീനിച്ചപ്പോള്‍ വിപണിയിലും വന്‍ചലനമായി. 

English Summary: Tomin Thachankary stops all family business, Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com